- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോറാഴയിലെ ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക്; ലോങ്ജംപിലെ മികവിൽ പതിനെട്ടാം വയസ്സിൽ കായികാധ്യാപകൻ; ജോലി വിട്ടതും സംഘടനാ പ്രവർത്തനത്തിന്; പാർട്ടി വേദികളിലെ 'അദ്ധ്യാപകന്' ലഭിച്ചത് സൈദ്ധാന്തിക പരിവേഷം; നിലപാടിലെ മൃദുത്വവും സ്വീകാര്യതയും; ഗോവിന്ദൻ മാസ്റ്റർ ഇനി സിപിഎമ്മിന്റെ അമരത്ത്
തിരുവനന്തപുരം: അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ പകരക്കാരനായി സിപിഎമ്മിനെ നയിക്കാനെത്തുന്നതും പാർട്ടിയിലെ കണ്ണൂർ ആധിപത്യം നിലനിർത്തി മിതവാദിയും താത്വികമുഖവുമായ എംവി ഗോവിന്ദനാണ്. നിലവിൽ തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎയും രണ്ടാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമാണ് അദ്ദേഹം.1970ലാണ് ഗോവിന്ദൻ പാർട്ടി അംഗമാകുന്നത്.
കണ്ണൂരുകാരൻ എന്നത് മാത്രമല്ല, ഒപ്പം പരിഗണിക്കപ്പെട്ടിരുന്ന എ.വിജയരാഘവനെയും ഇ.പി.ജയരാജനെയും എ.കെ.ബാലനെയും മറികടക്കാൻ ഗോവിന്ദന് തുണയായത് നിലപാടിലെ മൃദുത്വവും സ്വീകാര്യതയുമാണ് പ്രധാന നേതാക്കളുടെ അഭാവത്തിൽ രണ്ടാം പിണറായി മന്ത്രിസഭയിൽ മുഖ്യമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ എന്ന പരിവേഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഏതുകാര്യത്തിനും ഒരു കാരണമുണ്ടെന്നും ഏതുകാരണത്തിനും ഒരു കാര്യമുണ്ടെന്നും മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ മൂലക്കല്ലാണിതെന്ന് ആവർത്തിച്ചുപറയാൻ മറക്കാറുള്ള എം.വി ഗോവിന്ദൻ പാർട്ടിയിലെ മാർക്സിയൻ സ്കൂളിന്റെ വാക്താവ് കൂടിയാണ്. സി.പി. എം സഞ്ചരിക്കുന്നത് വലതു വ്യതിയാനത്തിന്റെ പാതയിലാണെന്ന് വിമർശിക്കുന്നവർക്കും പാർട്ടിക്ക് വിപ്ളവസ്വഭാവം കുറഞ്ഞുവെന്ന് ചൂണ്ടിക്കാണിക്കുന്നവർക്കുമുള്ള മറുപടിയാണ് എം.വി ഗോവിന്ദന്റെ പാർട്ടി തലപ്പത്തേക്കുള്ള കടന്നുവരവ്.
കോടിയേരിയെ പോലെ പാർട്ടി അണികൾക്കിടെയിലും പൊതുസമൂഹത്തിലും അത്രകണ്ടു ജനകീയനല്ലെങ്കിൽ പാർട്ടി പ്രവർത്തകർക്കിടെയിൽ തീപ്പൊരി പ്രസംഗം കൊണ്ടു ആവേശമാണ് ഈ തളിപ്പറമ്പുകാരൻ. കോടിയേരി ബാലകൃഷ്ണനെപ്പോലെ കെ. എസ്. വൈ. എഫിലൂടെ തന്നെയാണ് കണ്ണൂരുകാർ ഗോവിന്ദൻ മാഷെന്നു വിളിക്കുന്ന എം.വി ഗോവിന്ദന്റെയും കടന്നുവരവ്. പിൽക്കാലത്ത് ഡി.വൈ. എഫ്. ഐ നടത്തിയ സമരപോരാട്ടങ്ങളിൽ തീപാറും പ്രസംഗങ്ങൾകൊണ്ടു ആവേശം കൊള്ളിച്ച നേതാവായിരുന്നു എം.വി ഗോവിന്ദൻ. സമരങ്ങൾ ഉത്സവം പോലെ നടത്തുന്ന പോരാട്ടവീര്യമുള്ള സംഘടനയാണ് ഡി.വൈ. എഫ്. ഐയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം.
ഉപജീവനമായി തെരഞ്ഞെടുത്ത അദ്ധ്യാപനം തന്നെയായിരുന്നു പാർട്ടി വേദികളിലും ഗോവിന്ദന്റെ നിയോഗം. സ്റ്റഡി ക്ലാസുകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം സഹപ്രവർത്തകർക്കും അണികൾക്കും ഗോവിന്ദൻ മാസ്റ്ററായിരുന്നു. അണികൾ എം വി ഗോവിന്ദന് സൈദ്ധാന്തിക പരിവേഷം നൽകിയത് അദ്ദേഹത്തിന്റെ സ്റ്റഡി ക്ലാസുകൾക്കുള്ള അംഗീകാരം എന്ന നിലയിൽ കൂടിയായിരുന്നു. പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലയിൽ നിന്നാണ് രണ്ടാം പിണറായി സർക്കാരിലെ രണ്ടാമൻ എന്ന നിലയിലേക്ക് അദ്ദേഹം എത്തിയത്.
ഇടതു കോട്ടയായ തളിപ്പറമ്പിൽ, സിറ്റിങ് എംഎൽഎ ജെയിംസ് മാത്യുവിന് പകരക്കാരനായാണ് കഴിഞ്ഞ വർഷം അദ്ദേഹം എത്തിയത്. 22,689 വോട്ടുകൾക്കായിരുന്നു ജയം. ജയിച്ച് മന്ത്രിസഭയിലെത്തിയ അദ്ദേഹം തദ്ദേശ സ്വയംഭരണ മന്ത്രി ചുമതലയിലാണ് നിയോഗിക്കപ്പെട്ടത്. സംഘടനാ രംഗത്തെ മികവ് സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തിച്ചു.
മോറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു എം വി മാധവി ദമ്പതികളുടെ മകനായ എം വി ഗോവിന്ദൻ 1970 ലാണു പാർട്ടി മെംബറായത്. കെഎസ്വൈഎഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡിവൈഎഫ്ഐ രൂപീകരണത്തിനു മുന്നോടിയായി രൂപീകരിച്ച അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റിയിൽ അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായി. പിന്നീടു സെക്രട്ടറിയുമായി.
അവിഭക്ത കണ്ണൂർ ജില്ലയിൽ പാർട്ടിയുടെ കാസർകോട് ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദനവും അനുഭവിച്ചു. എം വി രാഘവന്റെ ബദൽരേഖാ കാലത്ത്, പാർട്ടിക്കൊപ്പം ഉറച്ചുനിന്നു. 1991 ൽ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം. ഇതിനിടെ രണ്ടു തവണ 1996 ലും 2001 ലും തളിപ്പറമ്പിൽനിന്നു നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ വിശ്വസ്തനായി കണ്ണൂർ സഖാവായാണ് ഗോവിന്ദൻ മാസ്റ്റർ അറിയപ്പെടുന്നത്. എറണാകുളം ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയും ഗോപി കോട്ടമുറിക്കൽ വിവാദത്തേയും തുടർന്ന് കണ്ണൂർ വിട്ട് അവിടെ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു.
പിണറായിയുടെ പിൻഗാമി
കണ്ണൂരുകാരനായ ചടയൻ ഗോവിന്ദൻ സംസ്ഥാനസെക്രട്ടറിയായിരിക്കെ മരണമടഞ്ഞപ്പോഴാണ് പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയത്. 1970-ൽ ഡി.വൈ. എഫ്. ഐ സംസ്ഥാനസെക്രട്ടറി കൂടിയായ എം.വി ഗോവിന്ദൻ.പിണറായിയെയും കോടിയേരിയെയും പോലെ സി.പി. എംകണ്ണൂർ ജില്ലാസെക്രട്ടറി കൂടിയായിരുന്നു എം.വി ഗോവിന്ദൻ. 2002-മുതൽ 2006- വരെ കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു. പാർട്ടി വിഭാഗീയത കത്തി നിൽക്കുന്ന വേളയിൽ എറണാകുളം ജില്ലാസെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. സി. പി. എം കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാനകമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവർത്തിച്ചാണ് എം.വി ഗോവിന്ദൻ ഇപ്പോൾ സംസ്ഥാനസെക്രട്ടറി പദവിയിലെത്തിയിരിക്കുന്നത്.
ഇ.പിയെക്കാൾ ജൂനിയർ
പാർട്ടിയിൽ കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജനെക്കാളും എം. എ ബേബിയെക്കാളും ജൂനിയറാണ് എം. വിഗോവിന്ദൻ. സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരിക്കെയാണ് അദ്ദേഹം രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമനായി മാറുന്നത്. രണ്ടു തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന പാർട്ടി തീരുമാനമനുസരിച്ചു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ.പി ജയരാജന് മത്സരിക്കാൻ മട്ടന്നൂരിൽ സീറ്റു നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് തളിപ്പറമ്പിൽ നിന്നും എം.വി ഗോവിന്ദൻ ജനവിധി തേടുന്നത്. 1996-ലും 2001-ലും തളിപ്പറമ്പ് എംഎൽഎയും കേന്ദ്രകമ്മിറ്റിയംഗവുമായ എം.വി ഗോവിന്ദന് സുരക്ഷിതമണ്ഡലമെന്ന നിലയിലാണ് തളിപ്പറമ്പ് ലഭിച്ചത്.
ഇ.പി ജയരാജൻ വെടിയേറ്റു ചികിത്സയിലായപ്പോൾ കണ്ണൂർ ജില്ലാസെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി ഗോവിന്ദനായിരുന്നു. മൊറാഴയിലെ കെ.കുഞ്ഞുമ്പുവിന്റെയും മീത്തലെ വീട്ടിൽ മാധവിയുടെയും ആറുമക്കളിൽ രണ്ടാമനായ എം.വി ഗോവിന്ദൻ കർഷക തൊഴിലാളികുടുംബത്തിൽ നിന്നാണ് പാർട്ടിയിലേക്ക് വരുന്നത്.തികച്ചും ദരിദ്രപശ്ചാത്തലത്തിൽ നിന്നായിരുന്നു പാർട്ടിയിലേക്കുള്ള കടന്നുവരവ്. മുൻആന്തൂർ നഗരസഭാ ചെയർപേഴ്സനായിരുന്ന പി.കെ ശ്യാമളയാണ് ഭാര്യ.ശ്യാംജിത്ത്, കുട്ടൻ എന്നിവരാണ് മക്കൾ.
ബാലസംഘത്തിലൂടെ തുടക്കം
എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണു മോറാഴയിൽ എം വിഗോവിന്ദൻ ബാലസംഘം രൂപീകരിക്കുന്നതും പ്രസിഡന്റാകുന്നതും. അന്നു ബാലസംഘത്തിനു സംസ്ഥാനതല രൂപമില്ല. മോറാഴ സെൻട്രൽ യുപി സ്കൂളിലും കല്യാശ്ശേരി സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം. ബാലസംഘം പ്രവർത്തനത്തിലെ മികവ് കണ്ടാണു പാച്ചേനി കുഞ്ഞിരാമൻ, ഗോവിന്ദനെ തളിപ്പറമ്പിലേക്കു കൂട്ടിയത്. ഇതിനിടെ പത്താം ക്ലാസ് കഴിഞ്ഞു കോഴിക്കോട് കായികവിദ്യാഭ്യാസം ഡിപ്ലോമയ്ക്കു ചേർന്നു.
ലോങ്ജംപിലും ഹൈജംപിലും മിടുക്കനായിരുന്നു. ഇതിനിടെ സംസ്ഥാന ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ മൂന്നാമതെത്തി. 18 വയസ്സായപ്പോൾ പരിയാരം ഇരിങ്ങൽ യുപി സ്കൂളിൽ കായികാധ്യാപകനായി. എന്നാൽ സംഘടനാ പ്രവർത്തനമായിരുന്നു ഗോവിന്ദനു താൽപര്യം. കെഎസ്വൈഎഫിന്റെ ജില്ലാ പ്രസിഡന്റും തുടർന്നു ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റുമായി. രാഷ്ട്രീയമാണ് പ്രധാനമെന്നു തിരിച്ചറിഞ്ഞ് ജോലി വിട്ടു. കായികാധ്യാപകനായിരുന്നതിന്റെ ഓർമയ്ക്ക് യോഗ മാത്രമാണ് ഇപ്പോൾ ബാക്കി.
യുവസംഘടനകളിലുള്ളപ്പോൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു മിക്കപ്പോഴും രാത്രിവാസം. ഇ.പി.ജയരാജനുമുണ്ടാകും ഒപ്പം. എകെജി നാട്ടിലുള്ളപ്പോൾ രാത്രി ഓഫിസിലുണ്ടാകും. രാവിലെ എഴുന്നേറ്റുവരുമ്പോൾ ഉറക്കമാണെങ്കിൽ ശാസനയോടെ എകെജി വിളിച്ചുണർത്തും. ശാസന മാത്രമല്ല അദ്ദേഹത്തിന്റെ വാത്സല്യവും ഏറെ അനുഭവിച്ചിട്ടുണ്ട്.
1985ലായിരുന്നു പി.കെ.ശ്യാമളയുമായുള്ള വിവാഹം. ശ്യാമള അന്നു സംഘടനാ പ്രവർത്തനത്തിൽ സജീവം. എം വി രാഘവനും പി.ശശിയുമാണു വിവാഹം നടത്താൻ മുൻകയ്യെടുത്തത്. ബിഎഡ് കഴിഞ്ഞിരുന്ന ശ്യാമള മോറാഴ സ്കൂളിൽ അദ്ധ്യാപികയായി.
അദ്ധ്യാപനജീവിതം നേരത്തേ നിർത്തിയെങ്കിലും പഠിക്കാനും പഠിപ്പിക്കാനുമായിരുന്നു എം വിഗോവിന്ദന് ഏറ്റവും ഇഷ്ടം. അങ്ങനെ വീടിനടുത്തെ വായനശാലയിലേക്ക് സ്ഥിരം നടന്നിരുന്ന ഗോവിന്ദൻ പാർട്ടി ക്ലാസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാർട്ടി വിദ്യാഭ്യാസത്തിന്റെ ചുമതലക്കാരനായി മാറിയ എം വിഗോവിന്ദൻ, സൈദ്ധാന്തിക പ്രശ്നങ്ങളിൽ കേരളത്തിൽ പാർട്ടിയുടെ അവസാന വാക്ക് കൂടിയാണ്. പറഞ്ഞുകൊടുക്കുന്നത് കൂടാതെ അതെല്ലാം പുസ്തകമാക്കാനും ശ്രമിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ' എന്ന പേരിൽ ഡിവൈഎഫ്ഐ രൂപീകരണ കാലത്ത് എഴുതിയ പുസ്തകം ഇന്നും യുവജന സംഘടനകളുടെ റഫറൻസ് ഗ്രന്ഥമാണ്.
ദേശാഭിമാനി മുൻ ചീഫ് എഡിറ്ററായിരുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് സംഘടനാ ചുമതലിയിലേക്ക് ഇതാദ്യമായിട്ടല്ല ഗോവിന്ദൻ മാഷിനെ പാർട്ടി നിയോഗിക്കുന്നത്. 1996, 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്നുള്ള എംഎൽഎയിരുന്നു. നിയമസഭാംഗമായിരിക്കുമ്പോഴാണ് 2002ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1996ൽ നായനാർ മന്ത്രിസഭയിൽ അംഗമായിരുന്ന പിണറായി വിജയൻ ഒന്നര വർഷത്തിന് ശേഷം പാർട്ടി സെക്രട്ടറിയായി.
അതേ പോലെ ഇന്ന് രണ്ടാം പിണറായി സർക്കാർ ഒന്നരവർഷമാകുമ്പോൾ ഗോവിന്ദൻ മാഷും മന്ത്രിപദവി വിട്ട് പാർട്ടിയുടെ അമരത്തേക്ക് എത്തുന്നു. പിണറായി രണ്ട് ടേം പൂർത്തിയാക്കുന്നതോടെ ആ സ്ഥാനത്തേക്കും പാർട്ടി ദീർഘവീക്ഷണത്തോടെ കണ്ടെത്തുന്ന ഉത്തരം കൂടിയായി എം.വി ഗോവിന്ദന്റെ നിയോഗത്തെ വിലയിരുത്തുന്നവരുമുണ്ട്.
രണ്ടാംപിണറായി മന്ത്രിസഭയിലെ കരുത്തൻ
പാർട്ടി സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ രണ്ടാം പിണറായി സർക്കാരിലെ രണ്ടാമനായ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം ഒഴിയും. തദ്ദേശ സ്വയംഭരണവും എക്സൈസുമാണ് അദ്ദേഹം കൈക്കാര്യം ചെയ്തിരുന്നത്. രണ്ടംപിണറായി സർക്കാരിൽ പല നവാഗത മന്ത്രിമാർക്കും കാലിടിറയിപ്പോൾ മികവു തെളിയിച്ച മന്ത്രി കൂടിയായിരുന്നു എം.വി ഗോവിന്ദൻ.
സാധാരണക്കാർക്കു വേണ്ടിതദ്ദേശ സ്വയംഭരണവകുപ്പിൽ നിരവധി പരിഷ്കരണങ്ങൾ അദ്ദേഹം കൊണ്ടുവന്നു. സ്ത്രീശാക്തീകരണത്തിന്റെഭാഗമായി കുടുംബശ്രീയെ കൂടുതൽ ആധുനീകരിച്ചു. സ്റ്റാർട്ട് ആപ്പ് സംരഭങ്ങൾവരെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു. ഉണ്ണിയപ്പവും അച്ചാറും മാത്രം വിറ്റുകൊണ്ടു കുടുംബശ്രീക്ക് ഇനി മുൻപോട്ടുപോവാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അഭ്യസ്തവിദ്യരായ യുവതികൾക്ക് വിവരസാങ്കേതിക വിദ്യയിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ്തദ്ദേശസ്വയംഭരണവകുപ്പിലൂടെ അദ്ദേഹം ശ്രമിച്ചത്. ഇതിനായി വൻകിടകമ്പിനികളുമായി വരെ ധാരണയുണ്ടാക്കി. തദ്ദേശസ്വയം ഭരണവകുപ്പിലൂടെ 20ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സർവേ നടന്നുവരുന്നതിനിടെയാണ് എം.വി ഗോവിന്ദൻ പടിയിറങ്ങുന്നത്.
എക്സൈസ് വകുപ്പ് അഴിമതി മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് മന്ത്രിയെന്ന നിലയിൽ ടി.പി രാമകൃഷ്ണനു ശേഷം എം.വി ഗോവിന്ദൻ ചെയ്തത്.മികച്ചതും വീര്യം കുറഞ്ഞതുമായിമദ്യം ആവശ്യക്കാർക്ക് എത്തിക്കാനും ബീവറേജ്സ്ഔട്ട് ലൈറ്റുകൾ സൂപ്പർമാർക്കറ്റുകളുടെ രീതിയിൽ വൃത്തിയും വെടിപ്പുമുള്ളതാക്കിമാറ്റാനുള്ള നടപടികളാണ് മന്ത്രിയെന്ന നിലയിൽ അദ്ദേഹം സ്വീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ