- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഘോഷങ്ങളില്ലാതെ എഴുപതാം പിറന്നാൾ നിറവിൽ എം.വി ഗോവിന്ദൻ; പതിവുപോലെ പാർട്ടി പരിപാടികളുടെ തിരക്കിൽ; സ്‌കൂളിൽ പഠിക്കുന്ന കാലത്തും പിറന്നാൾ ആഘോഷിച്ചിട്ടില്ല; മുഴുവൻ സമയ രാഷ്ട്രീയത്തിലായപ്പോൾ ഇതൊന്നും ഓർക്കാറുമില്ലെന്ന് മാഷിന്റെ വാക്കുകൾ
തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ എം വി ഗോവിന്ദന്റെ എഴുപതാം ജന്മദിനവും. ഇതുവരെ ഒരു ജന്മദിനവും ആഘോഷിച്ചിട്ടില്ലാത്ത നേതാവ്് ഇക്കുറിയും പതിവു തെറ്റിച്ചില്ല. ഇന്നലെയായിരുന്ന എം വി ഗോവിന്ദന്റെ പിറന്നാൾ. പാർട്ടി തിരക്കുകൾക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പിറന്നാളും. പലരും മൊബൈലിലൂടെ പിറന്നാൾ ആശംസ അറിയിച്ചെങ്കിലും ചിരിച്ചു കൊണ്ട് ആഘോഷമൊന്നും പതിവുള്ളതല്ലെന്ന് പറഞ്ഞൊഴിഢഞ്ഞു.
ഇന്നലെ എകെജി സെന്ററിൽ പാർട്ടി അവൈലബിൾ സെക്രട്ടേറിയറ്റ് ചേർന്നിരുന്നു. ഉച്ചവരെ ഇവിടെ തിരക്കുകൾക്ക് ശേഷം കൊല്ലത്തേക്ക് പോയി. കേരളത്തിലെ സിപിഎമ്മിനെ മുന്നിൽ നിന്നു നയിക്കുന്ന എം വിഗോവിന്ദനെ അടുത്തറിയുന്ന ആർക്കും അദ്ദേഹം പിറന്നാൾ ആഘോഷിക്കില്ലെന്ന് വ്യക്തമാണ്. മാഷിന് അറിയാനുള്ളതും പറയാനുള്ളതും പഠിപ്പിക്കാനുള്ളതും പാർട്ടിയെക്കുറിച്ച് മാത്രം. അതിനിടെ വ്യക്തിപരമായ വിശേഷങ്ങൾക്ക് വലിയ സ്ഥാനമില്ലെന്നാണ് താത്വികമായി പറയുന്നത്.
ഇന്നലെ ഉച്ചവരെ എ.കെ.ജി സെന്ററിലായിരുന്നു. രാഷ്ട്രീയ, ഭരണപരമായ കാര്യങ്ങളുടെ വിശകലനവും വിലയിരുത്തലും. ഉച്ചകഴിഞ്ഞാണ് കൊല്ലത്തേക്ക് തിരിച്ചത്. വൈകിട്ട് നാലിന് ഡിവൈഎഫ്ഐ കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച യംഗ് ഇന്ത്യ ആസ്‌ക് ദ പി.എം പരിപാടി ഉദ്ഘാടനം ചെയ്തു. അതിന് ശേഷം കഥാപ്രസംഗ കുലപതി വി.സാംബശിവന്റെ അനുസ്മരണ സമ്മേളനമായിരുന്നു രണ്ടാമത്.
കണ്ണൂർ തളിപ്പറമ്പ് താലൂക്കിലെ മൊറാഴയിൽ കെ.കുഞ്ഞമ്പുവിന്റെയും എം വിമാധവിയുടെയും മകനായി ഗോവിന്ദൻ ജനച്ചത് 1953 ഏപ്രിൽ 23 ന്. നാട്ടിൽ കമ്മ്യൂണിസം അലയടിച്ചു തുടങ്ങിയ നാളുകളിൽ ജനിച്ച ഗോവിന്ദനും പ്രിയം ചുവപ്പിനോടായി. ഇടതു ചേർന്നുള്ള യാത്രയ്ക്കിടയിലെ നിഷേധ ശീലങ്ങളിൽ പിറന്നാളാഘോഷവും കൂടി.' സ്‌കൂളിൽ പഠിക്കുന്ന കാലത്തും പിറന്നാൾ ആഘോഷിച്ചിട്ടില്ല. മുഴുവൻ സമയ രാഷ്ട്രീയത്തിലായപ്പോൾ ഇതൊന്നും ഓർക്കാറുമില്ല' -മാഷിന്റെ വാക്കുകൾ.
ഗോവിന്ദനോ ജീവിതസഖിയായ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി.ആർ.ശ്യാമളയ്‌ക്കോ ജന്മദിനം ആഘോഷിക്കുന്ന പതിവില്ല. ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനത്തെ സിപിഎം അമരക്കാരനായി ഗോവിന്ദൻ ചുമതലയേറ്റിട്ട് ഒൻപതു മാസമാകുന്നു. പാർട്ടിയെ തിരിത്തി മുന്നോട്ടു പോകുകയാണ് അദ്ദേഹം. പ്രസംഗമല്ല, പാർട്ടി ക്ലാസാണ് ഏതു യോഗത്തിലും ഗോവിന്ദന്റെ രീതി. മുസ്ലിം ലീഗിനു സിപിഎമ്മിന്റെ പുതിയ സെക്രട്ടറി കൊടുത്ത നല്ലവാക്കുകൾ യുഡിഎഫിലും എൽഡിഎഫിലും ചുഴികൾ സൃഷ്ടിച്ചു. അതേസമയം വെല്ലുവിളിയായിള്ളത് കണ്ണൂർ പാർട്ടിയിലെ പ്രശ്‌നങ്ങളാണ്.
വീടിനടുത്തുള്ള ഇരിങ്ങലിലെ യു.പി സ്‌കൂളിൽ കായികാദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തതൊഴിച്ചാൽ പിന്നെയെല്ലാം പാർട്ടി. കോടിയേരിയുടെ പിന്മുറക്കാരനായി സംസ്ഥാനത്ത് പാർട്ടിയെ നയിക്കാൻ തുടങ്ങിയിട്ട് ഒമ്പതുമാസമായി. ഉൾക്കാമ്പുള്ള പാർട്ടി സെക്രട്ടറിയാണ് ഗോവിന്ദനെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല.
മറുനാടന് മലയാളി ബ്യൂറോ