തൃശൂർ: സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങളെ ചെറുത്തുകൊണ്ട് ജനകീയ പ്രതിരോധ ജാഥ നയിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാഥക്കിടെ എം വി ഗോവിന്ദൻ നടത്തിയ കെ റെയിൽ പരാമർശം അടക്കം ട്രോളായി മാറുകയും ചെയ്തു. അപ്പം വിൽപ്പന കഥ പറഞ്ഞ സെക്രട്ടറി ഇപ്പോഴും ആ വാദത്തിൽ ഉറച്ചു നിൽക്കുകയുമാണ്. ഇതിനിടെ ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ശരിയാക്കാനെത്തിയ യുവാവിനോട് കയർത്ത എം വി ഗോവിന്ദന്റെ വീഡിയോയും പുറത്തുവന്നു.

ഏഷ്യാനെറ്റ് ന്യൂസിലെ പൊലീസ് റെയ്ഡിനെ കുറിച്ച് സംസാരിക്കവേയാണ് മൈക്ക് ഓപ്പറേറ്റർ എം വി ഗോവിന്ദന് സമീപത്ത് എത്തിയത്. മൈക്കിൽ ശബ്ദം താഴ്ന്നപ്പോൾ ശരിയാക്കാനെത്തിയ ഓപറേറ്റർ അടുത്തു നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടതാണ് എം വി ഗോവിന്ദനെ ചൊടിപ്പിച്ചത്. മാറിനിൽക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, രൂക്ഷമായ ഭാഷയിൽ ശകാരിക്കുകയും ചെയ്തു.

തൃശൂർ മാളയിൽ ജാഥയ്ക്ക് നൽകിയ സ്വീകരണത്തിനിടെയാണ് സംഭവമുണ്ടായത്. മൈക്കിന്റെ അടുത്തുനിന്നു സംസാരിക്കാനായിരുന്നു ഓപറേറ്റർ ആവശ്യപ്പെട്ടത്. എം.വി ഗോവിന്ദന്റെ മറുപടി ഇങ്ങനെ: ''അങ്ങോട്ട് പൊയ്ക്കോ.. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി?'' തുടർന്ന് മൈക്ക് ഓപറേറ്ററെ കുറ്റപ്പെടുത്തി പ്രസംഗവുമാണ് അദ്ദേഹം നടത്തിയത്. 

എം വി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ:

'മൈക്കിന്റെ അടുത്തുനിന്ന് പറയണമെന്നാണ് ഈ ചെങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുൻപിൽ നിന്ന് പ്രസംഗിക്കുന്നയാളോട് വിശദീകരിക്കുന്നത് പോലെയാണ്. കുറേ സാധനമുണ്ടായിട്ടും കൈകാര്യം ചെയ്യാനറിയില്ല. മൈക്ക് ചെറുതായതല്ല പ്രശ്നം. ഏറ്റവും ആധുനികമായ ടെക്നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഉപകരണമാണ് മൈക്ക്. കൊറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതുകൊണ്ടൊന്നും കാര്യല്ല.'

ആളുകൾക്ക് സംവേദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണം. എനിക്ക് അറിയാമിത്. ശബ്ദമില്ല എന്നു പറയുമ്പോൾ അതിന്റെ അടുത്തുനിന്ന് പറയണമെന്നാണ് പറയുന്നത്. ഇതിനെപ്പറ്റി നല്ല ധാരണ വേണം. കുറേ സാധനമുണ്ടായിട്ട് കാര്യമില്ല. ഇത്രയൊന്നും സാധനം വേണ്ട. എന്നാൽ, തന്നെ ഹാളിലുള്ളവർക്ക് മുഴുവൻ കേൾക്കാൻ കഴിയും-അദ്ദേഹം തുടർന്നു.