- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ചിലർ പെട്ടെന്ന് നടത്തിയ ആക്രമണമല്ല, ഗൂഢാലോചന നടത്തിയതാരെന്ന് എല്ലാവർക്കുമറിയാം'; ആക്രമണത്തിന്റെ ഗുണഭോക്താവ് ആരാണെന്ന് തെളിയിക്കപ്പെട്ടില്ല; അതിജീവിതക്ക് നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതിവിധിയിൽ അതിജീവിതക്ക് നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഗൂഢാലോചന നടത്തിയതാരെന്ന് എല്ലാവർക്കുമറിയാമെന്നും എന്നാൽ വിധിയിൽ ഇത് തെളിയിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ മെനയുകയായിരുന്നെന്നും കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ് പ്രതികരിച്ചു.
നടിയെ ആക്രമിച്ചത് ഏതാനും ചിലർ ചേർന്ന് പെട്ടെന്ന് നടത്തിയ ആക്രമണമല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടായിരുന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അന്വേഷണം കൃത്യമായ രീതിയിലാണ് നടന്നത്. ഭൂരിപക്ഷം പ്രതികളെയും കോടതി കുറ്റക്കാരായി കണ്ടെത്തിയിട്ടും ഈ ആക്രമണത്തിന്റെ ഗുണഭോക്താവ് ആരാണെന്ന് തെളിയിക്കപ്പെട്ടില്ല. അതിജീവിത വിധിയിൽ തൃപ്തയല്ല, പാർട്ടി അവർക്കൊപ്പമാണ്. അതിജീവിതക്കൊപ്പം സർക്കാർ എന്നും നിലകൊണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷൻ തുടർന്ന് അപ്പീൽ നൽകുമെന്നും നീതിക്കായി സുപ്രീംകോടതി വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൂഢാലോചന തെളിയിക്കപ്പെടുകയും കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണമെന്ന് കേരള സമൂഹം ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ടെന്നും എം.വി. ഗോവിന്ദൻ പ്രസ്താവിച്ചു.
തനിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങിയത് മുൻഭാര്യ മഞ്ജു വാര്യരുടെ പരാമർശത്തോടെയാണെന്ന് ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ വെച്ച് പൊലീസ് പ്രതികളെ കൂട്ടുപിടിച്ച് കള്ളക്കഥ മെനയുകയായിരുന്നു. ചില മാധ്യമപ്രവർത്തകരും ഇതിന് കൂട്ടുനിന്നു. എന്നാൽ ഈ കള്ളക്കഥ കോടതിയിൽ തകർന്നുപോയെന്നും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ദിലീപ് വ്യക്തമാക്കി. കേസിലെ പത്ത് പ്രതികളിൽ ആറ് പേരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ദിലീപ് ഉൾപ്പെടെ നാല് പേരെയാണ് കേസിൽ കുറ്റവിമുക്തരാക്കിയത്.




