തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമങ്ങളോട് ഒരു കാര്യം പറയുമ്പോൾ വസ്തുത അന്വേഷിച്ച് പറയേണ്ട ഉത്തരവാദിത്തമുണ്ട്. സ്വപ്നയുടെ നിലപാട് ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദൻ സ്വപ്നയ്ക്കെതിരെ വക്കീൽ നോട്ടീസയച്ചത്. ഇതിന്റെ 10 ശതമാനം തുക കെട്ടിവെച്ച് കേസിന് പോകുമോ എന്നറിയാൻ കാത്തിരിക്കുന്നു എന്ന സ്വപ്നയുടെ പ്രസ്താവന ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു മാഷിന്റെ പ്രതികരണം.

സ്വപ്ന സുരേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു ഗോവിന്ദൻ പറഞ്ഞു. തന്നെ എം വിഗോവിന്ദൻ അയച്ചെന്ന് വിജേഷ് പിള്ള പറഞ്ഞെന്നാണ് ഫേസ്‌ബുക് ലൈവിൽ പറഞ്ഞതെന്നും വക്കീൽ നോട്ടിസിനുള്ള മറുപടിയിൽ സ്വപ്ന പറഞ്ഞിരുന്നു. എല്ലാം അവസാനിപ്പിച്ചു നാടുവിടാൻ വിജേഷ് പിള്ള വഴി തനിക്ക് 30 കോടി വാഗ്ദാനം ചെയ്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം.

എം വി ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. ആരാണ് എം വി ഗോവിന്ദനെന്നോ പാർട്ടി പദവിയെന്തെന്നോ അതിന് മുമ്പ് അറിയുമായിരുന്നില്ല. അതിനാൽത്തന്നെ സമൂഹത്തിൽ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനിൽക്കില്ല. വിജേഷ് പിള്ളയെ എം വി ഗോവിന്ദൻ അയച്ചു എന്ന് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് പറഞ്ഞത്. അതിനാൽ എം വി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ചില്ലിക്കാശ് പോലും നഷ്ടപരിഹാരത്തുക നൽകില്ലെന്നും വക്കീൽ നോട്ടീസിനുള്ള മറുപടിയിൽ സ്വപ്ന പറഞ്ഞു.

മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് ഏതു നിയമ നടപടികളും നേരിടാൻ തയാറാണ്. ഫേസ്‌ബുക്ക് ലൈവിൽ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തിൽ തന്നെ പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങൾ വീണ്ടും കേൾക്കണം. വിജയ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയത്. എം വിഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല.

വിജയ് പിള്ള വഴി എം വിഗോവിന്ദൻ ബന്ധപ്പെട്ടുവെന്നും പറയുന്നില്ല. വാഗ്ദാനങ്ങൾ നിരസിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദൻ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് അറിയിച്ചത്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എം വിഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല. വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയൽ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്, സ്വപ്ന പുറത്തുവിട്ട കത്തിൽ പറയുന്നു.

അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.വി ഗോവിന്ദൻ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. 10 ദിവസത്തിനുള്ളിൽ ഒരു കോടി രൂപ മാനനഷ്ടമായി നൽകുകയും 2 പ്രധാന മലയാള പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നുമായിരുന്നു ആവശ്യം. എന്നാൽ തനിക്ക് എം വിഗോവിന്ദനെ അറിയില്ലെന്നും മാനനഷ്ടക്കേസ് നൽകിയത് എന്തിനാണെന്ന് അറിയില്ലെന്നുമാണ് സ്വപ്ന മറുപടി നൽകിയത്.