തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം വിദേശത്തു യാത്ര പോയതിനെ ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദമാക്കുന്നതിനു പിന്നിൽ കമ്യൂണിസ്റ്റ് വിരോധം മാത്രമെന്ന് എം വിഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാൻ കണ്ടെത്തിയ വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു.

തിരക്കുപിടിച്ച രാഷ്ട്രീയ സാഹചര്യത്തിൽ ഇടവേള ആരാണ് ആഗ്രഹിക്കാത്തത്. കേന്ദ്രസർക്കാറിന്റെയും പാർട്ടിയുടെയും അനുമതി വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ലോകത്ത് എവിടെയിരുന്നും മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കാനാകും. സ്‌പോൺസർഷിപ് ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കയർത്ത എം വിഗോവിന്ദൻ, മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്നും അതിനെക്കുറിച്ചുള്ള ചോദ്യംതന്നെ അസംബന്ധമെന്നും പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് മുഖ്യമന്ത്രി പോകേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലും ത്രിപുരയിലും അടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കവേ അവിടെ പ്രചരണത്തിന് പോകാതെയാണ് പോളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിദേശ യാതയ്ക്ക് പോയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തുവന്നിരുന്നു. ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്നും മന്ത്രിസഭാ യോഗം ചേരാത്തത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചിരുന്നു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രഹസ്യമായി വിദേശയാത്ര നടത്തിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്, ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പറഞ്ഞവരാണ് ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്, ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തത്, മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവർ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കിൽ അത് പലവിധ സംശയങ്ങൾക്കും ഇടവരുത്തുമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ആരാണെന്നും പകരം ചുമതല ആരെയും ഏൽപിച്ചിട്ടില്ല എങ്കിൽ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിൽ സംശയങ്ങളുയർത്തുന്നുവെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഉഷ്ണതരംഗം, കടൽക്ഷോഭം എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങളും സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കെ ഇവയിലൊന്നും ഇടപെടാതിരിക്കുന്നു എന്ന കുറ്റപ്പെടുത്തലും പ്രതിപക്ഷ നേതാവ് നടത്തി.

മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് തുടരുന്ന വിനോദ സഞ്ചാര യാത്രയുടെ സ്‌പോൺസർ ആരെന്ന ചോദ്യവും ഉയർന്നിരുന്നു. ദല്ലാൾ നന്ദകുമാറിനോടുള്ള ചങ്ങാത്തം വേണ്ടെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന് താക്കീതുകൊടുത്തതിനു പിന്നാലെ അജ്ഞാതന്റെ ചെലവിൽ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് വിനോദ സഞ്ചാരം നടത്തുതായി ബിജെപി മുഖപത്രമായ ജന്മഭൂമി ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വിദേശത്തായതിനാൽ നാളെ ഓൺലൈനായി നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗവും മാറ്റി.

സംസ്ഥാനം കടുത്ത ഉഷ്ണ തരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. കോടിക്കണക്കിന് രൂപയുടെ കാർഷിക വിളകൾ ഇതിനകം നശിച്ചുകഴിഞ്ഞു. തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിൽ മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് ശമനമില്ല. വേനൽ മാറി കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പും നിലനിൽക്കുന്നു. ഖജനാവ് കാലിയായതിനാൽ അടുത്ത മാസം മുതൽ ശമ്പളത്തിന് ഉൾപ്പെടെ നിത്യ ചെലവുകൾക്ക് പണം കണ്ടെത്തേണ്ട അവസ്ഥയിലും.

സംസ്ഥാനം ഇത്രയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിനോദയാത്രയുടെ ചിത്രങ്ങൾ കേരളത്തിലേക്ക് അയച്ചത്. നിർണായക തീരുമാനങ്ങൾ എടുക്കേണ്ട മന്ത്രിസഭാ യോഗം പോലും വേണ്ടെന്ന് വച്ചാണ് 19 ദിവസത്തെ വിദേശ വിനോദ സഞ്ചാര യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള ചുമതല ആർക്കും നല്കിയിട്ടുമില്ല.

സാധാരണ ഒരു കമ്യൂണിസ്റ്റ് നേതാവ് വിദേശ യാത്ര നടത്തുകയാണെങ്കിൽ പാർട്ടി അറിഞ്ഞിരിക്കണം. ചെലവിനെക്കുറിച്ചും വിശദീകരണം നല്കണം. വിദേശത്തേക്ക് പോകുന്നുവെന്നല്ലാതെ വ്യക്തമായ വിശദീകരണം മുഖ്യമന്ത്രി പാർട്ടിക്ക് നല്കിയിട്ടില്ലെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനകം 20 വിദേശ യാത്രകളാണ് മുഖ്യമന്ത്രി നടത്തിയത്. ഇതെല്ലാം ഔദ്യോഗിക തലത്തിലായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ കേരളത്തിന് ഗുണമുണ്ടായില്ല. യുഎസ്എ, യുകെ, യുഎഇ, ജർമനി, ക്യൂബ, സ്വിറ്റ്സർലാൻഡ്, ജപ്പാൻ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു യാത്രകൾ. ഈ യാത്രകൾക്കെല്ലാം വിനിയോഗിച്ച കണക്ക് സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങൾക്ക് പോലും മറുപടി നല്കിയിട്ടില്ല.