തിരുവനന്തപുരം: മലയാളം മാധ്യമലോകത്ത് കഴിഞ്ഞ രണ്ട് ദിവസമായി ചർച്ച ചെയ്യുന്നത് ദൃശ്യമാധ്യമ രംഗത്തെ കുലപതിയെന്ന് വിശഷിപ്പിക്കാവുന്ന എം വി നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചതാണ്. പൂർണമായും മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് സിപിഎം രാഷ്ട്രീയത്തിൽ സജീവമാകും എന്നാണ് നികേഷ്‌കുമാർ അറിയിച്ചിരിക്കുന്നത്. സിപിഎം ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള നികേഷ് കണ്ണൂർ ജില്ലാ ഘടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നാണ് വ്യക്തമാകുന്ന കാര്യം.

എന്നാൽ നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. അദ്ദേഹം തുടങ്ങിയ റിപ്പോർട്ടർ ചാനലിന്റെ വിൽപ്പന പൂർത്തിയായ മുറയ്ക്കാണ് നികേഷ് പടിയിറങ്ങുന്നത് എന്നാണ് വ്യക്തമായ കാര്യം. ചാനലിന്റെ ഷെയർഹോൾഡർ ആയിരുന്ന ഭാര്യ റാണി നികേഷ് കുമാർ നേരത്തെ തന്നെ റിപ്പോർട്ടറിൽ നിന്നും പടിയിറങ്ങിയിരുന്നു. അഗസ്റ്റിൻ സഹോദരന്മാർ പണം മുടക്കിയാണ് റിപ്പോർട്ടർ ചാനൽ വാങ്ങിയത്. ചാനൽ ആന്റോ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള കമ്പനി ചാനൽ ഏറ്റെടുത്തതോടെ ഷെയർവിൽപ്പനയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ബാക്കി നിന്നിരുന്നു. ഇത് പൂർത്തിയാക്കിയാണ് നികേഷ് ഇപ്പോൾ പടിയിറങ്ങുന്നത്.

നേരത്തെ ആറ് മാസത്തിനുള്ളിൽ നികേഷ് ചാനലുമായുള്ള ബന്ധം ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ, ഷെയർ വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കേസായി മാറിയതോടെയാണ് ചാനൽ വിൽപ്പന നീണ്ടു പോയത്. ഈ കേസുകളെല്ലാം തീർന്നതോടയാണ് നികേഷ് മാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നത്. വിൽപ്പന പൂർത്തിയായതോടെ നികേഷിന് പത്ത് കോടിയോളം രൂപ ബാധ്യതകളെല്ലാം തീർത്ത് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് റിപ്പോർട്ടറർ ചാനലിന്റെ ഇപ്പോഴത്തെ മരക്കാർ. മാംഗോ ഫെറോ എന്ന ഡൽഹി കമ്പനിയുടെ പേരിലാണ് ചാനൽ ഏറ്റെടുത്തിരിക്കുന്നത്. ചാനൽ വിൽപ്പനയുയമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടി മറുനാടൻ മലയാളി എം വി നികേഷ്‌കുമാറിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല.

റിപ്പോർട്ടർ ചാനലിന്റെ മുൻ ഓഹരി ഉടമയായ ലാലിയ ജോസഫ് നൽകിയ കേസ് അടക്കം നിലനിന്നിരുന്നു. റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകിയിരുന്നു. ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചത്. എന്നാൽ ഈ സമയത്ത് നൽകിയ വാഗ്ദാനമെല്ലാം നികേഷ് തന്ത്രപരമായി നടപ്പിലാക്കാതെ അട്ടിമറിച്ചെന്നായിരുന്നു ലാലിയ പരാതിപ്പെട്ടത്. ഇത് കമ്പനി ലോ ബോർഡും ശരിവെച്ച് ഓഹരിഘടനയിൽ മാറ്റം വരുത്തരുതെന്ന് ഉത്തരവിടുകയുമുണ്ടായി.

ചാനൽ വിൽപ്പനയുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയപ്പോൾ ലാലിയ 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. ഇത് ഇപ്പോൾ 15 കോടി നഷ്ടപരിഹാരം നൽകി ഒത്തു തീർപ്പായെന്നാ വിവരം പുരത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ലാലിയയുമായി ബന്ധപ്പെട്ട കേസ് തീർന്നതോടെയാണ് റിപ്പോർട്ടർ ചാനൽ വിൽപ്പന പൂർത്തിയാക്കിയത്. ഇതോടയാണ് നികേഷ് പടിയിറങ്ങിയതും. നികേഷ് പടിയിറങ്ങുന്നതോടെ അരുൺ കുമാർ ചാനൽ ചീഫ് എഡിറ്റർ സ്ഥാനത്ത് എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.

മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുന്ന എം വിനികേഷ്‌കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയേക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2016ൽ മാധ്യമപ്രവർത്തനം വിട്ട് അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ച നികേഷ്, പരാജയപ്പെട്ടതോടെ മാധ്യമരംഗത്തേക്കുതന്നെ മടങ്ങിയിരുന്നു. ഒപ്പം മത്സരിച്ച വീണ ജോർജ്ജ് ആകട്ടെ ഇന്ന് മന്ത്രി പദവിയിലുമാണ്. സിപിഎം അംഗത്വമുള്ള നികേഷിനെ കണ്ണൂർ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി പാർട്ടിയുടെ പ്രതച്ഛായ വീണ്ടെടുക്കുക എന്നതാണ് സിപിഎം ലക്ഷ്യം.

നിലവിൽ സിപിഎം അംഗമായ നികേഷ് കുമാർ കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യം പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. അടുത്ത സമ്മേളനത്തോടെ ജില്ലാ കമ്മിറ്റിയിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തും. അതുകൊണ്ടു തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നും നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള സാധ്യതയേറെയാണ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എം.വി ഗോവിന്ദൻ പ്രതിനിധാനം ചെയ്യുന്ന തളിപ്പറമ്പ്, മുഖ്യമന്ത്രിയുടെ ധർമ്മടം , സ്പീക്കർ എ.എൻ ഷംസീറിന്റെ തലശേരി എന്നിവടങ്ങളാണ് നികേഷ് കുമാറിന് സാധ്യത കൽപ്പിക്കുന്നത്.

നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. 2003 ൽ ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ എക്‌സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ൽ റിപ്പോർട്ടർ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനാണ് നികേഷ് കുമാർ.