- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാധ്യമപ്രവർത്തനം ബാക്കിയാക്കി എം വി നികേഷ് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്
തിരുവനന്തപുരം: രണ്ടുവർഷം മുമ്പ് മുതിർന്ന മാധ്യമ പ്രവർത്തകൻ എം പി ബഷീർ, തന്റെ സഹപ്രവർത്തകനായിരുന്ന എം വി നികേഷ് കുമാറിനെ കുറിച്ച് ഇങ്ങനെ എഴുതി: 'വാർത്തകൾ കൺമുമ്പിൽ വന്നുചാടുമ്പോൾ നികേഷ് അത് മാത്രമേ കാണാറുള്ളൂ. അയാളെ നിങ്ങൾക്ക് എളുപ്പം പിന്തിരിപ്പിക്കാനാവില്ല'. ബഷീർ എഴുതിയ സന്ദർഭം വേറെയാണെങ്കിലും, ഇപ്പോൾ, നികേഷ് വാർത്തകളിൽ നിന്ന് പിന്തിരിഞ്ഞിരിക്കുന്നു. 28 വർഷത്തെ സജീവ മാധ്യമ പ്രവർത്തനം നികേഷ് അവസാനിപ്പിച്ചു. റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് സ്ഥാനം ഒഴിഞ്ഞതായി ചാനൽ തന്നെ അറിയിച്ചു. ഇനി അദ്ദേഹം സിപിഎമ്മിലൂടെ രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യമായിരിക്കും.
എം വി രാഘവൻ എന്ന രാഷ്ട്രീയ അതികായന്റെ മകൻ എന്ന മേൽവിലാസത്തിൽ ആദ്യകാലത്ത് അറിയപ്പെട്ടെങ്കിലും പിന്നീട് സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയ ആളാണ് നികേഷ് കുമാർ. എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. 2003 ൽ കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലായി ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചു. 2011ൽ റിപ്പോർട്ടർ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
2016 ൽ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് നികേഷ് കുമാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ സംഭവിച്ച അപ്രതീക്ഷിത തോൽവിയാണ് അദ്ദേഹത്തെ വീണ്ടും മാധ്യമ പ്രവർത്തനത്തിലേക്ക് മടക്കികൊണ്ടുപോയത്. 2016 ൽ പാർട്ടി ചിഹ്നത്തിലാണ് നികേഷ് മത്സരിച്ചത്. 2,287 വോട്ടുകൾക്ക് പരാജയപ്പെട്ടു. അഴീക്കോട് മണ്ഡലത്തിൽ മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജിയായിരുന്നു വിജയിച്ചത്.
എല്ലാ കാലത്തും തന്റെ ജീവിതത്തിൽ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാർ പറഞ്ഞു. 'ഒരു പൗരനെന്ന നിലയിൽ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി വിവിധ രീതിയിൽ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോർട്ടർ ടിവി ഞാൻ ജന്മം നൽകിയ സ്ഥാപനമാണ്. എന്റെ കരുതലും സ്നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോർട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവർത്തനത്തിൽ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,' എം വി നികേഷ് കുമാർ വിശദീകരിച്ചു.
തന്റെ മുന്നിൽ ഒരു വാർത്ത വന്നുപെട്ടാൽ, അതുകൊടുക്കുന്നതിനെച്ചൊല്ലി ഒരു ധർമ്മസങ്കടമുണ്ടായാൽ എം.വി നികേഷ് കുമാർ എങ്ങനെ പെരുമാറും എന്നതിന് സഹപ്രവർത്തകനായ മാധ്യമപ്രവർത്തകൻ എംപി.ബഷീർ നിരത്തിയ രണ്ടുഉദാഹരണങ്ങൾ ഈ സന്ദർഭത്തിൽ പ്രസക്തമാണ്.
വ്യക്തിപരമായി നികേഷ് അത്ഭുതപ്പെടുത്തിയ രണ്ട് ഉദാഹരണങ്ങൾ:
'2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നുഘട്ടമായിട്ടായിരുന്നു പോളിങ്. എസി നീൽസൺ ആണ് ഇന്ത്യാവിഷനു വേണ്ടി എക്‌സിറ്റ് പോളും ഒപ്പീനിയൻ പോളും ചെയ്തത്. ആ തെരഞ്ഞെടുപ്പിലെ ഒരേയൊരു എക്‌സിറ്റ് പോൾ. ഘട്ടം ഘട്ടമായുള്ള പോളുകൾക്ക് അന്ന് വിലക്കുണ്ടായിരുന്നില്ല. ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം, ആ ഘട്ടത്തിലെ എക്‌സിറ്റ് പോളും അടുത്ത രണ്ട് ഘട്ടങ്ങളിലെ ഒപ്പീനിയൻ പോളും ചേർത്ത് ഫലം വന്നു- എൽഡിഎഫിന് 98 സീറ്റ്. യുഡിഎഫ് കേന്ദ്രങ്ങൾ ഇളകി മറിഞ്ഞു. ഉമ്മൻ ചാണ്ടി പരസ്യമായി ഭീഷണിപ്പെടുത്തി. രണ്ടാംഘട്ടത്തിലെ എക്‌സിറ്റ് പോൾ തടയണം എന്നായിരുന്നു ആവശ്യം. രണ്ടാംഘട്ട പോളിങ് ദിവസമാകുമ്പോഴേക്കും സമ്മർദ്ദം മുറുകിവന്നു. ചാനലിന്റെ ചെയർമാൻ മുനീർ മങ്കടയിൽ സ്ഥാനാർത്ഥിയാണ്. എം വിആർ മത്സരിച്ച പുനലൂരിൽ മൂന്നാംഘട്ടത്തിലായിരുന്നു വോട്ടിങ്. പുനലൂർ ഉൾപ്പെടെ യുഡിഎഫ് സ്ഥാനാർത്ഥികൾ തോൽക്കുമെന്നായിരുന്നു നീൽസന്റെ കണ്ടെത്തൽ. ആ സമ്മർദ്ദത്തെ നികേഷ് എങ്ങനെ നേരിട്ടെന്ന് ഞങ്ങൾക്കറിയില്ല. രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനകം നീൽസണിന്റെ കണക്കു കിട്ടി.
അരമണിക്കൂറിനകം വാർത്തയും വന്നു. 'യുഡിഎഫിന്റെ വന്മരങ്ങൾ കടപുഴകും' എന്നായിരുന്നു തലക്കെട്ട്. യഥാർത്ഥ കൗണ്ടിങ് നടന്നപ്പോൾ എൽഡിഎഫിന് 98. എം വിആറും മുനീറും കുഞ്ഞാലിക്കുട്ടിയും ആർ ബാലകൃഷ്ണപിള്ളയും സ്വന്തം തട്ടകങ്ങളിൽ തോറ്റമ്പി.
ഒരു വർഷം നീണ്ട ഒരു ബഹിഷ്‌കരണമായിരുന്നു യുഡിഎഫ് നൽകിയ ശിക്ഷ. നികേഷാണ് തോൽപിച്ചത് എന്ന് അവർ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.'
'ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായിരുന്നു. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ നികേഷിന്റെ അമ്മ മരിച്ച വാർത്ത വന്നു. നികേഷ് ഫ്‌ളോറിൽ ഇരിപ്പാണ്. കൂട്ടിക്കൊണ്ടു പോകാൻ വന്ന സഹോദരൻ രാജേഷ് എത്ര ശ്രമിച്ചിട്ടും നികേഷ് ഇറങ്ങാൻ കൂട്ടാക്കിയില്ല. റിപ്പോർട്ടർ ഡെസ്‌കിൽനിന്നും പല ഫോൺകോളുകൾ വന്നതിനെ തുടർന്നാണ് തമ്മനത്തുനിന്നും ഞാൻ കളമശ്ശേരിയിലെ ഓഫീസിലേക്ക് ഓടിച്ചെന്നത്. പിസിആറിൽനിന്നും ഒരു ബ്രേക്ക് പറയിച്ച് ഞാൻ നികേഷിനടുത്ത് ചെന്നു. 'നിങ്ങൾക്ക് വീട്ടിൽ പോകണോ, ഞാൻ ഡെസ്‌കിൽ ഇരിക്കാം, അപർണ വായിക്കട്ടെ' എന്ന് പറഞ്ഞു. അയാളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. 'എന്റെ ജോലി ഇതാണെന്ന് അമ്മയ്ക്കറിയാമല്ലോ' എന്നായിരുന്നു നികേഷ് പറഞ്ഞത്. ഞാൻ കൂടുതൽ നിർബന്ധിക്കാതെ പിൻവാങ്ങി. വാർത്തകൾ കൺമുമ്പിൽ വന്നുചാടുമ്പോൾ നികേഷ് അത് മാത്രമേ കാണാറുള്ളൂ. അയാളെ നിങ്ങൾക്ക് എളുപ്പം പിന്തിരിപ്പിക്കാനാവില്ല.'
എന്തായാലും ഇക്കുറി നികേഷ് പൂർണസമയ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടുകയാണ്. അഴീക്കോട് പാർട്ടിചിഹ്നത്തിൽ മത്സരിച്ചപ്പോൾ തന്നെ നികേഷ് സിപിഎം അംഗമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കണ്ണൂരിൽ മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ കേട്ടിരുന്നെങ്കിലും ചാനൽ ചുമതലകൾ അതിന് തടസ്സമായി. ചുമതലകൾ ഒഴിഞ്ഞതോടെ, ഇനി നികേഷിനെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും പ്രതീക്ഷിക്കാം.
നികേഷ് കുമാർ പിരിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഫേസ്‌ബുക്കിൽ ഇട്ട ചില കുറിപ്പുകൾ കൂടി വായിക്കാം: