തിരുവനന്തപുരം: എത്രയൊക്കെ കറികൾ ഉണ്ടെങ്കിലും അച്ചാർ മലയാളിക്ക് ഊണിനൊപ്പവും കഞ്ഞിക്കൊപ്പവും ഒഴിച്ചുകൂടാനാവത്ത വിഭവമാണ്.കഞ്ഞിയാണ് പഥ്യമെങ്കിൽ കൂടെ അച്ചാറെന്നത് തർക്കവുമില്ല.വ്യത്യസ്ത പേരുകളിലും രുചികളിലുമായി ഇപ്പോൾ അച്ചാറിലും പരീക്ഷണം നടക്കുണ്ടെങ്കിലും പരമ്പരാഗത അച്ചാറിന് രുചി ഒന്ന് വേറെ തന്നെയാണ്.. അത്തരത്തിൽ തലമുറകൾക്ക് അച്ചാറിന്റെ മറക്കാനാകാത്ത രുചി സമ്മാനിച്ച ഒരമ്മയുണ്ട് മണ്ടയ്ക്കാട്.തൊണ്ണൂറാം വയസ്സിലും തന്റെ കൈപ്പുണ്യത്തിൽ തെല്ലുകുറവും വരാതെ നാർത്തങ്ങ അച്ചാറിലെ രസക്കൂട്ട് പകരുകയാണ് മണ്ടക്കാട്ട് അമ്മാൾ

വെറുതെ അച്ചാർ നിർമ്മിക്കുകയല്ല..അതിന് ചില പൊടിക്കൈകളും രീതികളും ഒക്കെ ഉണ്ട് അമ്മാളിന്..കറി നാരങ്ങേക്കാളും അല്പം വലുപ്പം കുറഞ്ഞ നാരങ്ങ തമിഴ്‌നാട്ടിൽ നിന്നും വരുത്തിയോ മാർക്കറ്റിൽ നിന്നും വാങ്ങും. നാലോ രണ്ടോ കഷണങ്ങളായി മുറിച്ച് ശേഷം അളവിന് മഞ്ഞളും ഉപ്പുപൊടിയും പ്രത്യേകം രസക്കൂട്ടും കലക്കി നാലോ അഞ്ചോ ദിവസം വെയിലിൽ ഉണക്കും പിന്നീട് മുളകുപൊടി ഉപയോഗിച്ച് അച്ചാർ ഇടുകയോ അല്ലാതെ തന്നെയോ ഇത് കഴിക്കാം വല്ലാത്ത രുചിയാണ് എന്നാണ് വാങ്ങിയിട്ടുള്ളവരുടെ അഭിപ്രായം.

ചൂട് കഞ്ഞിയുടെ കൂടെ കഴിക്കാനാണ് ഉത്തമം പനിയുള്ള സമയങ്ങളിൽ ഈ നാർതങ്ങ അച്ചാർ വളരെ നല്ല ഔഷധം കൂടിയാണെന്ന് മണ്ടയ്ക്കാട് അമ്മാൾ പറയുന്നു. ഇതിന് ആവശ്യക്കാർ ഏറെയാണ് പല സ്ഥലങ്ങളിൽ നിന്നും നാത്തങ്ങ അച്ചാർ അന്വേഷിച്ച് എത്തുന്നവർ ഉണ്ടെന്ന് പറയുന്നു.ഇതിന്റെ രസക്കൂട്ട് എനിക്കു മാത്രമേ അറിയുള്ളൂ അതുകൊണ്ട് നാത്തങ്ങാ അച്ചാർ വേണമെങ്കിൽ മണ്ടക്കാട്ട് അമ്മാളിനെ തേടിയെത്തണം എന്ന അവകാശവാദവും ഈ അമ്മയ്ക്കുണ്ട്.

പ്രത്യേകതരം ഔഷധ കഷായം ഉണ്ടാക്കാനും മണ്ടക്കാട്ടമ്മാളിന് അറിയാം വലിയ പനിക്ക് ഉത്തമം ഔഷധമാണെന്നും ഈ ഔഷധം ഒരുപാട് പേർക്ക് ഗുണം ചെയ്തു എന്നും പറയുന്നു.തുളസി തിപ്പിലി ജീരകം തുടങ്ങി കുറെ കൂട്ടുകളാണ് ഔഷധത്തിൽ ചേർക്കുന്നത്. 90ആം വയസ്സിലും സ്വന്തം അധ്വാനത്തിൽ ജീവിക്കാനാണ് ഈ അമ്മയ്ക്ക് ഇഷ്ടം.അച്ചാറിന്റെ രുചി അനുഭവസ്ഥരിലൂടെ ദൂരദിക്കുകളിലേക്കും ഒഴുകിപ്പരന്നിട്ടുണ്ട്.കുറച്ച് അകലെയുള്ള അഗ്രഹാരങ്ങളിൽ നിന്നും ബ്രാഹ്മിൻസ് കുടുംബങ്ങൾ വർഷങ്ങളായി വാങ്ങി ഉപയോഗിക്കാറുണ്ട് എന്നും പറയുന്നു.

രണ്ട് മക്കൾ ഉണ്ടായിരുന്നു വിവാഹം കഴിച്ച് അയച്ചു ശേഷം ഭർത്താവും മണ്ടയ്ക്കാട് അമ്മാളും മാത്രമാണ് താമസം. പെൻഷൻ ഉണ്ടെങ്കിലും പ്രധാന വരുമാന മാർഗ്ഗവും ഇഷ്ട ജോലിയും നാർത്തങ്ങ അച്ചാർ ഉണ്ടാക്കുന്നതാണ്. മഴ സമയങ്ങളിൽ അച്ചാർ ബിസിനസ് നടക്കാറില്ല വരുമാനം കുറയും.എങ്കിലും ഉള്ള പൈസയ്ക്ക് ഇഷ്ടമുള്ള രുചിയുള്ള ഭക്ഷണങ്ങൾ വാങ്ങി കഴിച്ച് സന്തോഷത്തോടെ ഇരിക്കാനാണ് അമ്മാളിന് ഇഷ്ടം. മധുര പലഹാരങ്ങൾ ആണ് കൂടുതൽ പ്രിയം.

ഒരു ആവശ്യത്തിനും ആരുടെ മുമ്പിലും കൈ നീട്ടരുതെന്നാണ് പോളിസി. മക്കളോട് പോലും അങ്ങോട്ട് ഒന്നും ആവശ്യപ്പെടില്ല. ചെട്ടിയാരെയും നോക്കി ജോലിചെയ്ത് അവസാനം വരെയും ജീവിക്കണം എന്നും മുകളിൽ നിന്നും വിളിക്കുമ്പോൾ സന്തോഷത്തോടെ പോകണം എന്നുമാണ് മണ്ടക്കാട്ട് അമ്മാളിന്റെ ആഗ്രഹം.