തിരുവനന്തപുരം: മുസ്ലീം ലീഗ് സാമാജികരും കെ ടി ജലീലും തമ്മില്‍ നിയമസഭയില്‍ വാക്‌പോരുതുടരുകയാണ്. ഈ കൊമ്പുകോര്‍ക്കലിനിടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധാവിക്കുട്ടിയെ കുറിച്ചും പരാമര്‍ശമുണ്ടായി.

കെ.ടി. ജലീല്‍ സിമിയെയും യൂത്ത് ലീഗിനെയും ഒറ്റുകൊടുത്താണ് ഇടതുപക്ഷത്തേക്ക് വന്നതെന്നും ഇടതുപക്ഷത്തെയും അദ്ദേഹം ഒറ്റുകൊടുക്കുമെന്നും പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം പറഞ്ഞതോടെ ജലീല്‍ ചാടിയെണീറ്റു.

താന്‍ മാത്രമല്ല, മുസ്ലിം അഖിലേന്ത്യ സെക്രട്ടറിയായ അബ്ദുസ്സമദ് സമദാനിയും സിമിക്കാരനായിരുന്നു എന്ന് നജീബിന് അറിയില്ലേ എന്നും ജലീല്‍ ചോദിച്ചു. കേരളത്തിലെ പ്രമാദമായൊരു മതപരിവര്‍ത്തനക്കേസില്‍ ശ്രീധരന്‍ പിള്ളയെ വക്കീലായി നിയമിച്ചത് ആരാണെന്നും കെ.ടി. ജലീല്‍ ചോദിച്ചു. മാധവിക്കുട്ടിയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുസ്സമദ് സമദാനി ശ്രീധരന്‍ പിള്ളയെ അഭിഭാഷകനായി നിയമിച്ചത് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കെ.ടി. ജലീലിന്റെ മറുപടി.

വാഗ്വാദങ്ങള്‍ക്കിടയിലാണ് സഭയില്‍ മാധവിക്കുട്ടി കടന്നുവന്നതെങ്കിലും, അടച്ചിട്ട സത്യങ്ങള്‍ ഏതെങ്കിലും കലാപവേളയില്‍ കൂടുപൊട്ടിച്ചു പുറത്തിറങ്ങും എന്നു തെളിഞ്ഞുവെന്ന് പ്രമുഖ ചിന്തകനായ എ പി അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു.

'ജലീലിന്റെ പല നിലപാടുകളോടും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരാളാണ് ഞാന്‍. പക്ഷേ, എന്ത് പ്രകോപനത്തിന്റെ പേരിലായാലും മാധവിക്കുട്ടിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ജലീലിനെ ഹൃദയപൂര്‍വം വണങ്ങാതെ വയ്യ! ഒപ്പം ലോക്‌സഭാംഗമായ സ്വന്തം നേതാവിന് കിട്ടേണ്ടത് കിട്ടാന്‍ വഴിയൊരുക്കിയ നജീബിനും ഇരിക്കട്ടെ, ഒരു നന്ദി!

എന്തായാലും ഈ വിഷയത്തില്‍ ഇത്രയുംകാലം മൗനം കൊണ്ട് ഓട്ടയടച്ച സമദാനി ഇനിയും മിണ്ടാതിരിക്കുമോ?അതോ സ്വന്തം മണ്ഡലത്തിലെ എംഎല്‍എ, നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങളെ അദ്ദേഹം നിയമപരമായി നേരിടുമോ? ഗോവ ഗവര്‍ണര്‍ക്ക് തിരക്കുകള്‍ക്കിടയില്‍ സമദാനിയുടെ കേസ് നടത്താന്‍ നേരം കിട്ടുമോ? കാത്തിരുന്ന് കാണാം'- എ പി അഹമ്മദ് കുറിച്ചു


എ പി അഹമ്മദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഒടുവില്‍

മാധവിക്കുട്ടി

നിയമസഭയിലും

മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു പിന്നില്‍ നടന്ന കുറ്റകൃത്യങ്ങള്‍, കൃത്യമായി അറിഞ്ഞിട്ടും മൂടിവയ്ക്കുന്ന കപടസമൂഹമാണ് മലയാളി. ഇപ്പോഴിതാ, ആ സംഭവത്തിന് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍, കേരള നിയമസഭയില്‍, ആ വിശ്വപ്രതിഭയുടെ വിലാപം, ഒരു സാമാജികന്റെ ഗര്‍ജ്ജനമായി മുഴങ്ങിയിരിക്കുന്നു. തീര്‍ത്തും അപക്വവും അനുചിതവുമായ വാഗ്വാദങ്ങള്‍ക്കിടയിലാണ് സഭയില്‍ മാധവിക്കുട്ടി കടന്നുവന്നതെങ്കിലും, അടച്ചിട്ട സത്യങ്ങള്‍ ഏതെങ്കിലും കലാപവേളയില്‍ കൂടുപൊട്ടിച്ചു പുറത്തിറങ്ങും എന്നു തെളിഞ്ഞു.

മുന്‍മന്ത്രി കെ ടി ജലീലും നജീബ് കാന്തപുരവും എനിയ്ക്ക് പരിചയമുള്ള എംഎല്‍എമാരാണ്. ഇരുവരും തമ്മില്‍ സഭയില്‍ നടന്ന വാക്‌പോരിനിടയില്‍ നജീബ്, ജലീലിന്റെ 'സിമി' പശ്ചാത്തലം സൂചിപ്പിച്ചതും ലീഗുവഴി സിപിഎം പക്ഷത്തെത്തിയ ജലീലിനെ 'ഒറ്റുകാരന്‍' എന്നു വിളിച്ചതും രംഗം ചൂടുപിടിപ്പിച്ചു. തന്നേക്കാള്‍ വലിയ സിമിക്കാരന്‍ നജീബിന്റെ നേതാവായ സമദാനിയാണെന്ന് ജലീല്‍ തിരിച്ചടിച്ചു. മാധവിക്കുട്ടിയെ വഞ്ചിച്ചു മതംമാറ്റിയ കേസിന്റെ വക്കാലത്ത് ബിജെപി നേതാവ് ശ്രീധരന്‍പിള്ളയെ ഏല്‍പിച്ചതിലൂടെ ആരെയൊക്കെയാണ് സമദാനി ഒറ്റിയതെന്നും അദ്ദേഹം ചോദിച്ചു. സഭ എന്നോ കേള്‍ക്കാന്‍ കാത്തിരുന്ന ചോദ്യമായിരുന്നു അതെന്ന്, ജലീലിനു കിട്ടിയ ആരവങ്ങള്‍ തെളിയിച്ചു.

ജലീലിന്റെ പല നിലപാടുകളോടും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരാളാണ് ഞാന്‍. പക്ഷേ, എന്ത് പ്രകോപനത്തിന്റെ പേരിലായാലും മാധവിക്കുട്ടിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ജലീലിനെ ഹൃദയപൂര്‍വം വണങ്ങാതെ വയ്യ! ഒപ്പം ലോക്‌സഭാംഗമായ സ്വന്തം നേതാവിന് കിട്ടേണ്ടത് കിട്ടാന്‍ വഴിയൊരുക്കിയ നജീബിനും ഇരിക്കട്ടെ, ഒരു നന്ദി!

എന്തായാലും ഈ വിഷയത്തില്‍ ഇത്രയുംകാലം മൗനം കൊണ്ട് ഓട്ടയടച്ച സമദാനി ഇനിയും മിണ്ടാതിരിക്കുമോ?അതോ സ്വന്തം മണ്ഡലത്തിലെ എംഎല്‍എ, നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങളെ അദ്ദേഹം നിയമപരമായി നേരിടുമോ? ഗോവ ഗവര്‍ണര്‍ക്ക് തിരക്കുകള്‍ക്കിടയില്‍ സമദാനിയുടെ കേസ് നടത്താന്‍ നേരം കിട്ടുമോ? കാത്തിരുന്ന് കാണാം..