- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സാഹിത്യ അക്കാദമി തിരഞ്ഞെടുപ്പിൽ സംഘപരിവാർ പാനലിന് തിരിച്ചടി; മാധവ് കൗശിക് അക്കാദമി പ്രസിഡണ്ട്; വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിലെ സി.രാധാകൃഷ്ണൻ തോറ്റു; ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കുമുദ് ശർമയുടെ വിജയം
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച സംഘപരിവാർ പാനലിന് തെരഞ്ഞെടുപ്പിൽ തിരിച്ചടി. ഔദ്യോഗിക പാനലിൽ അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ച മാധവ് കൗശിക്കിന് ജയം. സംഘപരിവാർ അനുകൂല പാനലിലെ മെല്ലെപുരം ജി.വെങ്കിടേശ പരാജയപ്പെട്ടു. കർണാടക സംസ്‌കൃത സർവകലാശാല മുൻ വി സിയാണ് മെല്ലെപുരം ജി. വെങ്കിടേശ. സംവിത് റിസർച് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഇദ്ദേഹം 2 തവണ കന്നഡ സാഹിത്യ അക്കാദമി അവാർഡിന് അർഹനായിട്ടുണ്ട്.
ഔദ്യോഗിക പാനലിൽ അധ്യക്ഷ സ്ഥാനത്തേക്കു മൽസരിച്ച മാധവ് കൗശിക്ക് ജയിച്ചുകയറി. കേന്ദ്രസാഹിത്യ അക്കാദമിയുടെ 24 അംഗ നിർവാഹക സമിതിയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 92 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. നിലവിലെ അധ്യക്ഷൻ ചന്ദ്രശേഖര കമ്പാർ സ്ഥാനം ഒഴിയുന്നതിലേക്ക് വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശിക് എത്തേണ്ടതായിരുന്നുവെങ്കിലും, സംഘ പരിവാർ പാനൽ എത്തിയതോടെ മൽസരത്തിന് വഴിയൊരുങ്ങുകയായിരുന്നു.
എന്നാൽ സംഘപരിവാർ അനുകൂല സാഹിത്യകാരന്മാർക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയം നേട്ടമായി. ഔദ്യോഗിക പാനലിൽ മത്സരിച്ച മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പരാജയപ്പെട്ടു. സംഘപരിവാർ പിന്തുണയോടെ മത്സരിച്ച ഡൽഹി സർവകലാശാല അദ്ധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ.കുമുദ് ശർമയാണ് രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുമുദ് ശർമയുടെ വിജയം.
ചന്ദ്രശേഖര കമ്പാർ സ്ഥാനമൊഴിയുമ്പോൾ നിലവിലെ വൈസ് പ്രസിഡന്റ് മാധവ് കൗശിക് അധ്യക്ഷസ്ഥാനത്തും ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ കേരളത്തിൽ നിന്നു സി.രാധാകൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനത്തും എത്തുമെന്നായിരുന്നു മുൻധാരണ. ഇതിനിടെയാണ് മത്സരത്തിനു വഴിയൊരുങ്ങിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കൗൺസിൽ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലേക്കു മത്സരിക്കാൻ അവസാന നിമിഷമാണ് ഇവർ പത്രിക സമർപ്പിച്ചത്. ഇതിൽ കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വോട്ടിലാണ് സംഘ്പരിവാർ പാനൽ പ്രതീക്ഷയർപ്പിച്ചിരുന്നത്.
ഉത്തർപ്രദേശിലെ എഴുത്തുകാരനായ മാധവ് കൗശിക് അക്കാദമിയുടെ മുൻ വൈസ് പ്രസിഡണ്ടാണ്. ബിജെപി പിന്തുണയുള്ള പാനലിലെ കന്നട എഴുത്തുകാരൻ പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷ്, സ്വതന്ത്ര സ്ഥാനാർത്ഥി മഹാരാഷ്ട്രയിലെ എഴുത്തുകാരനായ രംഗനാഥ് പഠാരെ എന്നിവരെ തോൽപിച്ചാണ് മാധവ് കൗശിക് കേന്ദ്രസാഹിത്യഅക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആരോപിക്കുന്നില്ലെന്ന് സി.രാധാകൃഷ്ണൻ പ്രതികരിച്ചു. ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പിൽ മാത്രമേ താൻ മത്സരിച്ചിട്ടുള്ളൂ. ആ മത്സരം വീറുറ്റതായിരുന്നു. പക്ഷേ, അതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി മേഖലയിൽ നിന്നുള്ള സാഹിത്യകാരന്മാരുടെ എണ്ണത്തിലെ വർധനവാണ് സി.രാധാകൃഷ്ണന്റെ തോൽവിയിലേക്കു നയിച്ചതെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ