തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ പൊരിഞ്ഞ തര്‍ക്കം. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലി മന്ത്രിപുത്രനും കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കം. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി തര്‍ക്കമുണ്ടായത്.

ശാസ്തമംഗലത്ത് നടുറോഡില്‍ ഇരുവരും തമ്മില്‍ 15 മിനിറ്റോളം തര്‍ക്കിച്ചു. ഇതോടെ മാധവിനെ പൊലീസ് കൊണ്ടുപോവുകയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. മാധവ് കൃഷ്ണ മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. ഇതോടെ ബ്രത്ത് അനസൈലര്‍ ഉപയോഗിച്ചു പരിശോധിച്ചു. എന്നാല്‍ മാധവ് സുരേഷ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കാതെ മ്യൂസിയം പൊലീസ് വിട്ടയക്കുകയായിരുന്നു. മാധവിനും വിനോദ് കൃഷ്ണക്കും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ വിട്ടയച്ചുവെന്ന് പൊലീസ് പറയുന്നു. റോഡില്‍ വിനോദ് കൃഷ്ണ വാഹനം യുടേണ്‍ എടുത്തതോടെയാണ് പ്രശ്‌നം. യുടേണ്‍ എടുക്കുമ്പോഴായിരുന്നു മാധവ് വാഹനവുമായ എത്തിയത്. ഇതോടെ മാധവിന്റെ വാഹനത്തില്‍ മുട്ടുമെന്ന അവസ്ഥ വന്നു. ഇതോടെയാണ് മന്ത്രിപുത്രന്‍ ശബ്ദമുയര്‍ത്തിയത്. ഇരുവരും തമ്മില്‍ ശബ്ദമുയര്‍ത്തിയതോടെയാണ് പോലീസിനെ വിളിച്ചതും. ഇരുവരുടെയും വഴക്ക് കേട്ട് ആളുകള്‍ കൂടിയിരുന്നു.

സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പ്രശ്‌നം ഒത്തുതീര്‍പ്പിന്റെ വഴിയില്‍ നീങ്ങുകയായിരുന്നു. മാധവിനെതിരെ വിനോദ് രേഖാമൂലം പരാതി നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. പിന്നീട് ഇരുവരും തമ്മില്‍ ധാരണയായതിനാല്‍ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ജിഡി എന്‍ട്രിയില്‍ രേഖപ്പെടുത്തി വിട്ടയച്ചുവെന്നുവെന്നാണ് പൊലീസ് പറയുന്നത്.