- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലാനായിരുന്നു ഉദ്ദേശ്യമെങ്കിൽ ദൃശ്യങ്ങൾ പകർത്തുകയും മുക്കാലിയിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടിയിരുന്നില്ല; പൊലീസിന് വിളിച്ചു വരുത്തി കൈമാറുകയും ചെയ്തു; മധു വധക്കേസിൽ കൊലക്കുറ്റം ഇല്ലാതിരുന്നതിന് കാരണമിത്; പൊലീസിനെ രക്ഷിച്ചത് 'ലാസ്റ്റ് സീൻ' തിയറിയും; പ്രതികൾക്ക് ശിക്ഷ ഉറപ്പിച്ചത് 'സൈലന്റ് വിറ്റ്നസ് തിയറി'യിലും
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആൾകൂട്ട മർദ്ദനത്തിന് ഇരയായി മധു എന്ന ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ പ്രതികൾക്ക് ഏഴു വർഷത്തെ കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് പ്രതികൾക്ക് മേൽ കൊലക്കുറ്റം നിലനിൽക്കാതെ പോയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനും കോടതി തന്നെ കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്.
ക്രൂരമായ ആൾക്കൂട്ട മർദനത്തിന് ഇരയായിട്ടും എന്തുകൊണ്ടു കൊലക്കുറ്റം ചുമത്തുന്ന ഐപിസി സെക്ഷൻ 302 പ്രതികൾക്കെതിരെ ഉൾപ്പെടുത്തിയില്ല കൊലക്കുറ്റം ചുമത്താനുള്ള പ്രോസിക്യൂഷൻ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നതു തന്നെയാണ് അതിനു കാരണം. മധു വധക്കേസിൽ പ്രതികൾക്കെതിരെ കോടതി ചുമത്തിയത് ഐപിസി 304 പാർട്ട് 2149 സെക്ഷനാണ്. മനഃപൂർവമല്ലാത്ത നരഹത്യയെന്നതാണ് ഈ വകുപ്പു വ്യക്തമാക്കുന്നത്.
വേണമെങ്കിൽ കാട്ടിനകത്തു വച്ചു പാറക്കെട്ടിലോ മറ്റോ തള്ളിയിട്ടു മധുവിനെ കൊല്ലാമായിരുന്നെന്നു പ്രതിഭാഗം വാദിച്ചു. അങ്ങനെ കൊല്ലാൻ ആർക്കും പദ്ധതി ഉണ്ടായിരുന്നില്ല. കൊല്ലാനായിരുന്നെങ്കിൽ പ്രതികൾ മധുവിനെ എന്തിനു മുക്കാലി ജംക്ഷനിലെത്തിച്ച് ആളുകളെ വിളിച്ചുകൂട്ടി കാട്ടിൽ നിന്നു കൊണ്ടുവരുന്നതും മർദിക്കുന്നതുമായ ദൃശ്യങ്ങൾ എന്തിനു പകർത്തി പ്രതികൾ തന്നെ പൊലീസിനെ വിളിച്ചുവരുത്തി മധുവിനെ കൈമാറിയത് എന്തിന് പ്രതിഭാഗത്തിന്റെ ഈ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.
മധു കൊല്ലപ്പെട്ടതു പൊലീസ് കസ്റ്റഡിയിലാണെന്നു തെളിയിക്കാനായിരുന്നു പ്രതിഭാഗം അഭിഭാഷകർ തുടക്കം മുതൽ ശ്രമിച്ചത്. കോട്ടയത്തെ കെവിൻ ദുരഭിമാനക്കൊലക്കേസിൽ ഉൾപ്പെടെ പൊലീസ് ഉപയോഗിച്ച 'ലാസ്റ്റ് സീൻ തിയറി' പൊലീസിനെതിരെ കോടതിയിൽ ഉന്നയിച്ചു. ദൃക്സാക്ഷികൾ ഇല്ലാത്ത കൊലക്കേസിൽ, മരിച്ചയാളെ അവസാനം ജീവനോടെ കാണുമ്പോൾ കൂടെയുണ്ടായിരുന്നവർ മരണത്തിന് ഉത്തരവാദികളാകാമെന്നു പറയുന്ന 'ലാസ്റ്റ് സീൻ തിയറി' ഇന്ത്യൻ തെളിവു നിയമത്തിൽ ഉൾപ്പെടുന്നതാണ്. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ പല കേസുകളിലും പൊലീസ് 'ലാസ്റ്റ് സീൻ തിയറി' ഉപയോഗിച്ചിട്ടുണ്ട്.
മർദനമേറ്റ പരുക്കുകളോടെ മധുവിനെ പൊലീസ് ജീപ്പിൽ കയറ്റുകയായിരുന്നു, മധു അവസാനം പൊലീസിനൊപ്പമായിരുന്നു; അതിനാൽ കസ്റ്റഡി മരണമെന്നു പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. തലയ്ക്കടിയേറ്റ ക്ഷതം ഉൾപ്പെടെയാണു മധുവിന്റെ മരണകാരണമായി ഡോക്ടർമാർ കണ്ടെത്തിയത്. തലയ്ക്കടിയേൽക്കുന്ന സംഭവങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂറിനു ശേഷമാകും മരണം സംഭവിക്കുന്നത്. മധു മരിച്ചതിനു 23 മണിക്കൂർ മുൻപാണു ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യതയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറഞ്ഞിരുന്നു. ആ സമയത്തു മധു പ്രതികളുടെ പിടിയിലാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതോടെ 'ലാസ്റ്റ് സീൻ തിയറി' സ്ഥാപിക്കാൻ കഴിഞ്ഞില്ല.
അതേസമയം സാക്ഷികളെല്ലാം കൂറുമാറിയ കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയത് പ്രോസിക്യുഷന്റെ ഇടപെടലിലാണ്. അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ തുടക്കമിട്ട 'സൈലന്റ് വിറ്റ്നസ് തിയറി' എന്ന രീതിയും പ്രോസിക്യൂഷൻ മധു വധക്കേസിൽ കൊണ്ടുവരികയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച രീതിയാണിത്.
മധു കേസിൽ പകർത്തിയ ദൃശ്യങ്ങളിൽ മുക്കാലിയിലേതും വനത്തിനുള്ളിലേതും ഉണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് കോടതിയിൽ നിർണായക തെളിവായി മാറിയതും. പ്രതികൾ മധുവിനെ മർദിച്ചു മുക്കാലിയിലേക്കു കൊണ്ടുവരുന്ന സമയത്ത് നേരത്തെ മർദിച്ചതു സ്ഥിരീകരിക്കുന്ന വാക്കുകൾ പറയുന്നതു മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു.
മധുവിനെ മർദിച്ച ശേഷമാണു കൊണ്ടുവന്നതെന്നു തെളിയിക്കാനും വനത്തിൽ കയറിയെന്നു തെളിയിക്കാനും ഇതു സഹായിച്ചു. ഡിജിറ്റൽ തെളിവുകൾ നിർണായകമായ കേസിൽ അതിന്റെ പ്രസക്തിയെക്കുറിച്ചും അത്തരം തെളിവുകൾ ഹാജരാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങൾ ഈ വിധിയിൽ പരാമർശിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ