തിരുവനന്തപുരം: സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചും ബിജെപി പ്രവേശനത്തെ ന്യായികരിച്ചും മകള്‍ മാതു രംഗത്ത്. അച്ഛന്‍ പാര്‍ട്ടി വിട്ട് ഇറങ്ങി വന്നതിന് ശേഷമാണ് ആരോപണങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നു വന്നതെന്നും അതിന് മുമ്പ് ഒരു ആരോപണം കാണിച്ച് തരാന്‍ പറ്റുമോ എന്നും മകള്‍ ചോദിച്ചു. കുറ്റം ചുമത്താനായിട്ട് അവര്‍ അതെല്ലാം ഇപ്പോള്‍ പറയുകയാണെന്നും മാതു മാധ്യമങ്ങളോട് പ്രതികരിച്ചു.

എട്ടു കൊല്ലമായി അച്ഛന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. രണ്ട് തവണയായി പത്തുവര്‍ഷത്തോളം ഏരിയ കമ്മിറ്റി സെക്രട്ടറിയായിട്ടുണ്ട്. എന്റെ അനിയനായാലും എല്ലാം ഈ പാര്‍ട്ടിയില്‍ ഉള്ളതായിരുന്നു. ഈ മംഗലപുരം പഞ്ചായത്തില്‍ വലിയൊരു കുടുംബം തന്നെയാണ് ഞങ്ങള്‍. എനിക്ക് പതിനെട്ട് വയസായ അന്നുമുതല്‍ ഈ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുന്നത്. എന്റെ കുടുംബക്കാരായാലും അങ്ങനെ തന്നെയാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത്.

ഒരുപാട് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അച്ഛന്റെ വിഷമം കണ്ടിട്ടാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ആരോപണങ്ങള്‍ അച്ഛന്‍ പാര്‍ട്ടി വിട്ട് ഇറങ്ങി വന്നതിന് ശേഷമാണ് ഉണ്ടായത്. അതിന് മുമ്പ് ഒരു ആരോപണം കാണിച്ച് തരാന്‍ പറ്റുമോ. കുറ്റം ചുമത്താനായിട്ട് അവര്‍ അതെല്ലാം ഇപ്പോള്‍ പറയുന്നു.

ഞാന്‍ നേരിട്ടു കണ്ടതാണ് അച്ഛന്‍ ചെയ്ത കാര്യങ്ങള്‍. ഇപ്പോള്‍ ഒരു ഏരിയ കമ്മിറ്റി ഓഫീസ് ഉണ്ടാക്കി. മുഖ്യമന്ത്രി വന്നാണ് ഉദ്ഘാടനം ചെയ്തത്. ഇത്രയും ചെയ്തിട്ടും അവര്‍ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും ഇറക്കിവിട്ടത്. പാര്‍ട്ടിയുടെ അക്കൗണ്ടിലുള്ള 27 ലക്ഷം രൂപ ആരാണ് കഷ്ടപ്പെട്ട് ഉണ്ടാക്കിയത്. ഇനി കയറുന്നയാള്‍ക്ക് അതെടുത്ത് ചെലവാക്കിയാല്‍ മതിയല്ലോ. അത്രയും കഷ്ടപ്പെട്ടിട്ടുമാണല്ലോ ആ പാര്‍ട്ടിയില്‍ നിന്നും അച്ഛനെ ഇറക്കിവിട്ടത്.

31 വര്‍ഷമായി ഞാന്‍ ജനിച്ചിട്ട്. ജനിച്ച നാള്‍ മുതല്‍ ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരിയാണ്. അച്ഛന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ കണ്ടു വരുന്ന ഓരാളാണ്. അച്ഛന്‍ അങ്ങനെ ഒരു സ്ഥാനത്ത് ഇരുന്നിട്ട്, അവിടെനിന്നും ഇറങ്ങി വരണമെങ്കില്‍ അത്രയും വിഷമം ഉണ്ടായിട്ടാണല്ലോ. ഈ സ്ഥാനത്തുനിന്നും ഞാനായിട്ട് മാറിത്തരാം എന്ന് അച്ഛന്‍ പറഞ്ഞതാണ്. ഇന്നലെ വരെ ഒരു കുറ്റവും അവര്‍ക്ക് ഇല്ലായിരുന്നു. പെട്ടന്നുള്ള ആരോപണം എല്ലാം എവിടെനിന്നു വന്നു. അച്ഛന്റെ ആ വിഷമം തന്നെയാണ് ഞാന്‍ ബിജെപിയിലേക്ക് മാറാന്‍ കാരണം. എന്നാല്‍ കഴിയുന്നത് ബിജെപിക്ക് വേണ്ടി ചെയ്യുമെന്നും മാതു പറയുന്നു.

അതേ സമയം മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് നാളെ അംഗത്വം ഏറ്റുവാങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ മധുവിനെ കാണാന്‍ വീട്ടിലെത്തിയിരുന്നു. ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ രാവിലെ മധുവിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു.

മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെയാണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ഗുരുതരാരോപണങ്ങളും ഉന്നയിച്ചു. ഇന്നലെ രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം മധുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിക്കുകയും സംസ്ഥാന സെക്രട്ടറിയേറ്റിന് ശിപാര്‍ശ കൈമാറുകയും ചെയ്തു.

ഇന്ന് രാവിലെ സംസ്ഥാന നേതൃത്വം അതിന് അംഗീകാരം നല്‍കി. ഏരിയ സെക്രട്ടറി ആയിരിക്കെ തന്നെ ബിജെപിയുമായി മധു മുല്ലശ്ശേരി അടുത്തിരുന്നുവെന്ന വിവരം കിട്ടിയിരുന്നുവെന്ന് ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ,മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍,ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അടക്കമുള്ളവര്‍ മധുവന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. തൊട്ടു പിന്നാലെ ബിജെപിയില്‍ ചേരുന്നതായി മധു മുല്ലശ്ശേരി പ്രഖ്യാപിച്ചു.

മുല്ലശ്ശേരിയുടെ മകനും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുനും ബിജെപിയില്‍ ചേരുന്നുണ്ട്. വര്‍ഷങ്ങളായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ചയാള്‍ പാര്‍ട്ടിയുടെ ഭാഗമായത് വലിയ പ്രചരണ വിഷയമാക്കാനാണ് ബിജെപിയുടെ നീക്കം. അതേസമയം മധുവിനെതിരെ പാര്‍ട്ടിക്ക് ലഭിച്ച സാമ്പത്തിക ആരോപണ പരാതികള്‍ പരസ്യമാക്കാന്‍ സിപിഎമ്മും ആലോചിക്കുന്നുണ്ട്.