ന്യൂഡൽഹി: അബ്ദുൾ നാസർ മഅദനിയുടെ കേരള സന്ദർശനത്തിന് വിലങ്ങുതടിയായി സംസ്ഥാന സർക്കാറിന്റെ കർശന നിലപാട്. മഅദനി കേരളത്തിലേക്ക് പോകുമ്പോൾ അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാനാകില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. അകമ്പടി ചെലവ് കണക്കാക്കിയത് സർക്കാരിന്റെ ചട്ടങ്ങൾ പ്രകാരമാണ്. ബെംഗളൂരു സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കേരളത്തിലേക്ക് പോകുന്നതിനുള്ള സുരക്ഷയ്ക്കും അകമ്പടിക്കുമായി 56.63 ലക്ഷം രൂപ വേണമെന്ന കർണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുപത് പൊലീസുകാർ അകമ്പടിയായി മഅദനിക്കൊപ്പം പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കർണാടക പൊലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണം എന്നായിരുന്നു മഅദനിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം അംഗീകരിക്കരുതെന്ന് കർണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമീത് എ.ആർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

അസുഖ ബാധിതനായ മാതാപിതാക്കളെ കാണുന്നതിനാണ് മഅദനിക്ക് കർണാടക പൊലീസിന്റെ അകമ്പടിയോടെ കേരളത്തിലേക്ക് പോകുന്നതിന് സുപ്രീം കോടതി അനുമതി നൽകിയതെന്നാണ് കർണാടക സർക്കാരിന്റെ വാദം. എന്നാൽ പൊലീസിന് നൽകിയ അപേക്ഷയിൽ കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുമെന്നാണ് മഅദനി രേഖപെടുത്തിയതായും കർണാടക പോലസ് ചൂണ്ടിക്കാട്ടി. ഇത് അനുവദിക്കാൻ സാധിക്കില്ലെന്നതാണ് കർണാടക സർക്കാർ പറയുന്നത്.

മഅദനിയുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് സുരക്ഷാ ഭീഷണിയും മറ്റ് ക്രമീകരണങ്ങളും പരിശോധിക്കുന്നതിന് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിക്ക് രൂപം നൽകിയത്. ഈ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുപതംഗ പൊലീസ് സംഘം മഅദനിക്ക് അകമ്പടി നൽകാൻ തീരുമാനിച്ചതെന്നും മറുപടി സത്യവാങ്മൂലത്തിൽ കർണാടക സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിരോധിത സംഘടനയായ സിമിയിലെ അംഗമാണ് മഅദനിയെന്ന് കർണാടക സർക്കാർ ആരോപിക്കുന്നു. യു.എ.പി.എ നിയമ പ്രകാരം നിരോധിച്ചിട്ടുള്ള ലഷ്‌കർ ഇ തോയ്യ്ബ, ഇന്ത്യൻ മുജാഹദീൻ എന്നീ സംഘടനകളുമായും ബന്ധമുണ്ടെന്നുമാണ് മറ്റൊരു ആരോപണം. നിയന്ത്രണങ്ങളില്ലാതെ നാട്ടിലേക്ക് പോകാൻ അനുവദിച്ചാൽ ഈ നിരോധിത സംഘടനകളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ട്. ഇത് സാക്ഷികളെ സ്വാധീനിക്കാനും, ഒളിവിലുള്ള പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതിനും ഇടവരുത്തിയേക്കുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

കേരളത്തിലുടനീളം അണികളുള്ള നേതാവാണ് മഅദനി. അതിനാൽ ക്രമസമാധാന പ്രശനങ്ങളുണ്ടാക്കി സമാധാനം തകർക്കാൻ മഅദനിക്കാകും. ഈ സാഹചര്യത്തിൽ അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ സാധിക്കില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി. കേരള സന്ദർശനത്തിനിടെ മഅദനിക്ക് അധിക സുരക്ഷ നൽകാൻ യതീഷ് ചന്ദ്ര കേരള പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അകമ്പടിക്ക് പോകുന്ന പൊലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കണെമന്നാവശ്യപ്പെട്ട് മഅദനി നൽകിയ അപേക്ഷ തിങ്കളാഴ്‌ച്ച ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇപ്പോഴത്തെ നിലയിൽ വലിയ തുക തന്നെ കേരളത്തിലേക്ക് വരണമെങ്കിൽ മഅദനി മുടക്കേണ്ടി വരും. കർണാടക പൊലീസ് ആവശ്യപ്പെട്ട അകമ്പടിച്ചെലവായ 60 ലക്ഷം ഉൾപ്പെടെ താമസവും ഭക്ഷണവും ഉൾപ്പെടെ ഒരു കോടിയോളം രൂപ വരും.

താമസിക്കുന്ന സ്ഥലം, സന്ദർശിക്കാനെത്തുന്നവരുടെ ആധാർ കാർഡ്, അൻവാർശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളും പൊലീസ്ആവശ്യപ്പെട്ടു. റോഡ് മാർഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ, ആശുപത്രിയിൽ പോവാൻ പറ്റില്ല എന്നീ നിബന്ധനങ്ങളും പൊലീസ് പറഞ്ഞിട്ടുണ്ട്.

സുപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയതോടെയാണ് ബെംഗളൂരുവിൽ കഴിയുന്ന മദനി കേരളത്തിലേക്ക് എത്തുന്നത്. ആരോഗ്യ നില മോശമായ പിതാവിനെ സന്ദർശിക്കാനും, വൃക്ക തകരാറിലായതിനാൽ വിദഗ്ധ ചികിത്സ തേടാനുമാണ് മദനി കേരളത്തിലെത്തുന്നത്. കർണാടക പൊലീസിന് പുറമെ കേരളാ പൊലീസും മദനിക്ക് സുരക്ഷ ഒരുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.