- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൗലികാവകാശമായ വിദ്യാഭ്യാസത്തിന് കീഴില്‍ മതപഠനം വരില്ല; മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന ധനസഹായം നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍; ചീഫ് സെക്രട്ടറിമാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പ്രത്യാഘാതങ്ങള്‍ ഏറെ; കേരളത്തില്‍ പ്രശ്നമാകില്ല; മദ്രസകള്‍ക്കെതിരെ പുതു നീക്കം
കേരളത്തില്‍ ഈ നിര്‍ദ്ദേശം പ്രതിസന്ധിയാകില്ലെന്നാണ് വിലയിരുത്തല്‍. മദ്രസകള്‍ക്ക് സംസ്ഥാനം നേരിട്ട് കേരളത്തില്‍ ധനസഹായം നല്‍കുന്നില്ലെന്നതാണ് ഇതിന് കാരണം.
ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന ധനസഹായം നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ കത്തെഴുതുമ്പോള്‍ ചര്‍ച്ചകള്‍ക്ക് പുതുമാനം. ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. മദ്രസകളുടെ പ്രവര്‍ത്തനങ്ങളിലെ ഗുരുതര പിഴവുകളും കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലുമാണ് ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഈ നിര്‍ദ്ദേശം പ്രതിസന്ധിയാകില്ലെന്നാണ് വിലയിരുത്തല്‍. മദ്രസകള്‍ക്ക് സംസ്ഥാനം നേരിട്ട് കേരളത്തില്‍ ധനസഹായം നല്‍കുന്നില്ലെന്നതാണ് ഇതിന് കാരണം.
ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശമായ വിദ്യാഭ്യാസത്തില്‍ മതവിഭ്യാസം പെടില്ലെന്നും കമ്മീഷന്‍ അറിയിച്ചു, ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കാത്തതും പൊതു വിദ്യാഭ്യാസത്തില്‍ നിന്ന് ഒഴിവാക്കുന്നതും കുട്ടികളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. പഠനത്തില്‍ മികവ് കാണിക്കാനോ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനോ കാര്യങ്ങളെ ഗ്രഹിക്കാനോ മദ്രസ വിദ്യാഭ്യാസം സഹായിക്കുന്നില്ല. കുട്ടികളുടെ അവകാശങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ മദ്രസ ബോര്‍ഡുകള്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നും ബാലാവകാശ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കെഴുതിയ കത്തില്‍ പറയുന്നു. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ചട്ടങ്ങളോ നിയമങ്ങളോ മദ്രസകള്‍ പാലിക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിമാര്‍ക്കാണ് കത്തെഴുതിയിരിക്കുന്നത്.
മദ്രസയിലെ കുട്ടികളെയും മറ്റ് കുട്ടികളെ എന്റോള്‍ ചെയ്യുന്നത് പോലെ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. മൗലികാവകാശമായ വിദ്യാഭ്യാസത്തിന് കീഴില്‍ മതപഠനം വരില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. രക്ഷിതാക്കളുടെ സമ്മതമില്ലാതെ മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ക്കണമെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് മതപഠനം നല്‍കുന്നത് ഭരണഘടനയുടെ 28-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. മുസ്ലീം സമുദായത്തില്‍ പെടാത്ത കുട്ടികളും മദ്രസകളിലെ ക്ലാസുകളില്‍ പങ്കെടുക്കുന്നുവെന്ന കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ പരാമര്‍ശം.
മദ്രസ ബോര്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം, മധ്യപ്രദേശില്‍ മുസ്ലീം സമുദായത്തില്‍ പെടാത്ത 9,446 പേരാണ് മദ്രസയില്‍ പഠിക്കുന്നത്. രാജസ്ഥാനില്‍ 3,103 പേരും ഛത്തീസ്ഗഡില്‍ 2,159 പേരുമുണ്ട്. മതപഠന സ്ഥാപനങ്ങളെ വിദ്യഭ്യാസ നിയമത്തില്‍ നിന്ന് ഒഴിവാക്കിയത് ഔപചാരിക വിദ്യാഭ്യാസ സമ്പ്രാദയത്തില്‍ നിന്ന് തന്നെ കുട്ടികളെ ഒഴിവാക്കുന്നതിലേക്ക് നയിച്ചെന്ന് എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ വിശദീകരിക്കുന്നുണ്ട്. ഈ കത്ത് രാഷ്ട്രീയമായി തന്നെ ചര്‍ച്ചയായി മാറും.
മദ്രസകള്‍ മതേതത്വ തത്വം പിന്തുടരുന്നില്ലെന്നും കത്തിലുണ്ട്. എന്‍സിഇആര്‍ടിയും എസ്സിഇആര്‍ടിയും നല്‍കുന്ന പാഠ്യപദ്ധതി അനുസരിച്ചല്ല മദ്രസകളില്‍ പഠനവും പരീക്ഷകളും നടത്തുന്നത്. ഇത് സമൂഹത്തില്‍ അവര്‍ക്ക് ഉയരാന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്രസകളെ കുറിച്ചും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ബിജെപിയുടെ പ്രത്യക്ഷ നിലപാട് ഈ വിഷയത്തില്‍ നിര്‍ണ്ണായകമാകും. ഇന്ത്യാ സഖ്യം ഇതിനെ എതിര്‍ക്കും. അവര്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും മദ്രസകള്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് പുതിയ തലം നല്‍കും.
'വിശ്വാസ സംരക്ഷകരോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ? കുട്ടികളുടെ ജനാധിപത്യ അവകാശങ്ങളും മദ്രസകളും' എന്ന റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനമാണ് കമ്മീഷന്‍ മദ്രസകള്‍ക്ക് എതിരെ ഉന്നയിച്ചിരിക്കുന്നത്. പതിനൊന്ന് അധ്യായങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മദ്രസകള്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ഉള്‍പ്പെടെ വിശദമായി പരാമര്‍ശിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. കുട്ടികളുടെ മൗലിക അവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും തമ്മിലുള്ള വൈരുധ്യവും കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂങ്കോ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 29ഉം 30ഉം ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള അവകാശങ്ങള്‍ നല്‍കുമ്പോള്‍, ഈ വ്യവസ്ഥകള്‍ വിദ്യഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന ഔപചാരിക വിദ്യാഭ്യാസം ഇല്ലാതാക്കുന്ന മദ്രസകളിലെ കുട്ടികളോടുള്ള വിവേചനത്തിന് കാരണമാവുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്. വേറെയും ഗുരുതരമായ ആരോപണങ്ങളാണ് മദ്രസകള്‍ക്ക് എതിരെ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്. കുട്ടികളുടെ ശാരീരിക സുരക്ഷ, കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടല്‍, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയും കമ്മീഷന്‍ എടുത്തുപറയുന്നുണ്ട്. മദ്രസകളുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമപോരാട്ടം നടക്കുന്നുണ്ട്. ഇതിനിടയിലാണ് നിര്‍ണായക നിര്‍ദ്ദേശം.
അതേസമയം, എന്‍സിപിസിആര്‍ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പകരം മദ്രസകള്‍ ഇസ്ലാമിനെ പ്രോത്സാഹിപ്പിക്കുകയാണ് എന്നായിരുന്നു ബിജെപി ദേശീയ വക്താവ് ആര്‍പി സിംഗ് പ്രതികരിച്ചത്. എന്നാല്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്.