പത്തനംതിട്ട: തന്റെ ഭാര്യയെ കൊല്ലം സ്വദേശിയായ ക്ഷേത്രപൂജാരി തട്ടിക്കൊണ്ടു പോയെന്നും ഇലന്തൂർ നരബലിയുടെ പശ്ചാത്തലം വച്ചു നോക്കുമ്പോൾ അവൾ ജീവനോടെയുണ്ടാകുമോ എന്ന് സംശയമാണെന്നും തമിഴ്‌നാട് തെങ്കാശി രാജപാളയം മീനാക്ഷിപുരം സ്വദേശി മധുരപാണ്ഡ്യന്റെ ആശങ്ക ഇന്നലെ മറുനാടൻ പുറത്തു വിട്ടിരുന്നു. എന്നാൽ, മധുരപാണ്ഡ്യൻ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും പാണ്ഡ്യന്റെ പരസ്ത്രീ ബന്ധവും അത് ചോദ്യം ചെയ്തപ്പോഴുള്ള ക്രൂരമായ മർദനമുറയും കാരണം കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ക്ഷേത്രപൂജാരി സമ്പത്തിനൊപ്പം വന്നതാണ് താനെന്ന് പാണ്ഡ്യന്റെ ഭാര്യ അർച്ചനാ ദേവി പറഞ്ഞു. ക്രൂരമായ പീഡനത്തിന് ഇരയായ അർച്ചനയെ തന്റെ അമ്മ ചന്ദ്രലേഖയാണ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നതെന്നും ഇവിടെ എന്തെങ്കിലും ജോലി തരപ്പെടുത്തിക്കൊടുക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഇക്കാര്യം കേരളാ-തമിഴ്‌നാട് പൊലീസ് അധികൃതർക്ക് അറിവുള്ളതാണെന്നും സമ്പത്തും അർച്ചനയും മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് അർച്ചന സമ്പത്തിനും മാതാവിനുമൊപ്പം കേരളത്തിലേക്ക് വരുന്നത്. മധുര പാണ്ഡ്യൻ മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങൾ യാഥാർഥ്യമാണ്. മീനാക്ഷിപുരം മാരിയമ്മൻ കോവിലിലെ പൂജാരിയായിരുന്നു സമ്പത്ത്. കൊല്ലം സ്വദേശിയായിരുന്നു ഇവിടുത്തെ തന്ത്രി. അയാളാണ് സമ്പത്തിനെ അവിടേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. ഭാര്യയും മകനുമൊപ്പമായിരുന്നു സമ്പത്ത് അവിടെ ചെന്നത് ക്ഷേത്രത്തിന് അടുത്തു തന്നെയുള്ള വീട്ടിൽ താമസം. ഇവിടെ നിന്ന് നാലു വീടുകൾക്ക് അപ്പുറമായിരുന്നു മധുര പാണ്ഡ്യനും കുടുംബവും താമസിച്ചിരുന്നത്. അർച്ചനാ ദേവി മീനാക്ഷിപുരം ഡിപിഎംഓ പോളിടെക്നിക്ക് കോളജിൽ അദ്ധ്യാപികയായിരുന്നു. രാവിലെ പോയാൽ വൈകിട്ടാകും വരിക. ഇതേ പോലെ സമ്പത്ത് ക്ഷേത്രത്തിൽ പോയാൽ പൂജകൾ പൂർത്തിയാക്കി മടങ്ങിയെത്തുമ്പോൾ രാത്രിയാകും.

സമ്പത്തും കുടുംബവും താമസിച്ചിരുന്ന വീട്ടിലാണ് മധുര പാണ്ഡ്യൻ തന്റെ സ്‌കൂട്ടർ വച്ചിരുന്നത്. സമ്പത്തിന്റെ കുട്ടിയുമായും ഭാര്യയുമായും ഇയാൾ സൗഹൃദം സ്ഥാപിച്ചു. സമ്പത്ത് ക്ഷേത്രത്തിൽ പോയി കഴിയുമ്പോൾ ഇയാൾ ഈ വീട്ടിലെ പതിവു സന്ദർശകനായിരുന്നു. കുട്ടിയെ എടുക്കാൻ വരുന്നുവെന്നാണ് പറഞ്ഞത്. അതിനപ്പുറം ഏതോ ബന്ധം ഇയാളും സമ്പത്തിന്റെ ഭാര്യയുമായി ഉണ്ടെന്ന് നാട്ടുകാർ സംശയിച്ചു. അവർ ഈ വിവരം അർച്ചനയെ അറിയിച്ചു. അർച്ചന പാണ്ഡ്യന്റെ ഫോൺ പരിശോധിച്ചപ്പോൾ അവർ തമ്മിൽ അയയ്ക്കുന്ന സന്ദേശം കണ്ടു. സന്ദേശങ്ങൾ അർച്ചന കണ്ടെത്തി. അവയെല്ലാം സ്‌ക്രീൻ ഷോട്ടാക്കി അർച്ചന സൂക്ഷിച്ചു. എന്നിട്ട് ഈ വിവരം പാണ്ഡ്യനോട് ചോദിച്ചു. ഇതോടെ അയാളുടെ മട്ടുമാറി. മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദിക്കുന്നത് പതിവായി. മർദനം സഹിക്കാൻ കഴിയാതെ ഒരു തവണ അർച്ചന ആത്മഹത്യയ്ക്കും ശ്രമിച്ചു.

കേരളത്തിൽ തവണ വ്യവസ്ഥയിൽ തുണിക്കച്ചവടം നടത്തുന്ന പാണ്ഡ്യൻ ആ വഴിക്കും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടാക്കി. അവരുമായി വിളിയും വാട്സാപ്പ് സന്ദേശങ്ങളും പതിവായിരുന്നു. ഇതെല്ലാം അർച്ചന കണ്ടെത്തി. ഭാര്യയുമായി മധുര പാണ്ഡ്യനുള്ള സൗഹൃദം സമ്പത്തിനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം ചോദിച്ചപ്പോൾ പാണ്ഡ്യൻ കുട്ടിയെ എടുക്കാൻ വരികയാണെന്ന് പറഞ്ഞു. പാണ്ഡ്യനും തന്റെ ഭാര്യയും തമ്മിലുള്ള സൗഹൃദം തുടർന്നാൽ ആത്മഹത്യ ചെയ്യൂമെന്ന് പറഞ്ഞപ്പോൾ അമ്മയെ വിളിച്ചു വരുത്തി ഭാര്യയെയും മകനെയും നാട്ടിലേക്ക് അയച്ചുവെന്നും സമ്പത്ത് പറഞ്ഞു. തുണിക്കച്ചവടത്തിനായി നാട്ടിലേക്ക് വരുന്ന പാണ്ഡ്യനും തന്റെ ഭാര്യയുമായി സൗഹൃദം തുടർന്നുവെന്നും സമ്പത്ത് ആരോപിക്കുന്നു.

അർച്ചന കരുനാഗപ്പള്ളിയിൽ എത്തിയത് ഒറ്റയ്ക്ക്

പാണ്ഡ്യന്റെ വഴിവിട്ട ബന്ധത്തിൽ മനംനൊന്ത അർച്ചന ആത്മഹത്യാഭീഷണി മുഴക്കി വിവരം തന്റെ അമ്മയോട് പറഞ്ഞു. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന വേളയിൽ പാണ്ഡ്യന്റെ പീഡനം കാരണം അർച്ചന കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.ഈ വിവരം താൻ അമ്മയോട് പറഞ്ഞു. അമ്മ അർച്ചനയുമായി സംസാരിച്ചു. തനിക്കിനി പാണ്ഡ്യനുമായി താമസിക്കാൻ താൽപര്യമില്ലെന്ന് അർച്ചന അറിയിച്ചു. ഒരു സംരക്ഷണം കൊടുക്കുക എന്ന രീതിയിലാണ് അർച്ചനയെ അമ്മ നാട്ടിലേക്ക് കൊണ്ടു വരുന്നത്. അന്ന് തന്റെ ഭാര്യയും മീനാക്ഷിപുരത്തുണ്ട്. തങ്ങൾ അറിയാതെ അർച്ചന കൊല്ലത്ത് കരുനാഗപ്പള്ളിയിലെത്തി. ഒരു ജോലി വാങ്ങി നൽകാമെന്ന് അമ്മ പറഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷനിൽ വന്ന് നിന്ന് അർച്ചന വിളിക്കുമ്പോഴാണ് അമ്മയും അറിയുന്നത്. ഈ വിവരം ഉടൻ തന്നെ അമ്മ തന്നെ അറിയിച്ചു. അപ്പോൾ അർച്ചനയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ നാട്ടിൽ തിരക്കി നടക്കുകയാണ്. അർച്ചന എന്റെ വീട്ടിലുണ്ടെന്ന് പാണ്ഡ്യനെ വിളിച്ചറിയിച്ചത് ഭാര്യയാണ്. ഇനി അവിടെ നിന്നാൽ തമിഴന്മാർ അപായപ്പെടുത്തുമെന്ന് ഭയന്ന് താനും നാട്ടിലേക്ക് മടങ്ങി. വീട്ടിൽ വച്ച് നീ കാരണമാണ് ഈ അവസ്ഥ അർച്ചനയ്ക്ക് വന്നതെന്ന് തന്റെ ഭാര്യയോട് പറഞ്ഞുവെന്നും സമ്പത്ത് പറയുന്നു.

അതിന് ശേഷം അർച്ചനയെ തിരികെ മീനാക്ഷിപുരത്തുകൊണ്ടു വിട്ടു. ആ സമയം ജോലി വാഗ്ദാനം ചെയ്ത് തന്നെ കടത്തിക്കൊണ്ടു വന്നതാണെന്നും റേപ്പ് ചെയ്തുവെന്നും 19 പവൻ സ്വർണം അപഹരിച്ചുവെന്നും കാട്ടി വിരുദുനഗർ പൊലീസിൽ പരാതി നൽകാൻ അർച്ചനയോട് പാണ്ഡ്യനും കുടുംബവും ആവശ്യപ്പെട്ടു. എന്നാൽ, അർച്ചന അതിന് തയാറായില്ല. അതിന്റെ പേരിൽ കടുത്ത മർദനം ഏൽക്കേണ്ടി വന്നു.അങ്ങനെയാണ് വീണ്ടും അവൾ നാടുവിട്ട് തന്റെ അടുത്തേക്ക് വരുന്നത്.

പിന്നീട് അർച്ചനയെ വിളിച്ച പാണ്ഡ്യൻ താൻ പഠിപ്പിച്ചു നൽകിയ സർട്ടിഫിക്കറ്റ് തിരികെ തന്നാൽ കുട്ടികളെയും തരാമെന്നും സംയുക്തമായി വിവാഹ മോചനം നടത്താൻ തയാറാണെന്നും അറിയിച്ചു. ഇതിൻ പ്രകാരം സമ്പത്ത് അർച്ചനയുമായി മീനാക്ഷിപുരത്ത് ചെന്നു. പാണ്ഡ്യന്റെ വീട്ടിലാക്കുകയും ചെയ്തു. പിന്നെ ഇവർ അർച്ചനയെ വീട്ടുതടങ്കലിലാക്കുകയാണ് ചെയ്തത്. അതിന് ശേഷം ക്രുരമായി മർദിച്ചു. രാത്രിയിൽ അർച്ചന ഫോണിൽ വിളിച്ച് തനിക്ക് ഏറ്റ മർദനം സംബന്ധിച്ച് അറിയിച്ചു. ദളവാപുരം പൊലീസിനെ സമീപിച്ചെങ്കിലും അവിടെ നിന്ന് സഹായം കിട്ടിയില്ല. ജെജെ ആക്ടിൽ ഉൾപ്പെടുത്തി റിമാൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഹേബിയസ് കോർപ്പസ് കൊടുക്കാമെന്ന് തന്റെ അഭിഭാഷകൻ പറഞ്ഞതിനാൽ തിരികെ പോന്നു.

അർച്ചനയെ കരുനാഗപ്പള്ളിയിൽ കൊണ്ടു വന്നത് പാണ്ഡ്യൻ

അതിന് ശേഷം ഒരു വെള്ളിയാഴ്ച പാണ്ഡ്യനും അർച്ചനയും കൂടി കരുനാഗപ്പള്ളി സ്റ്റേഷനിലെത്തി. അവിടെ നിന്ന് അർച്ചന പാണ്ഡ്യന്റെ ഫോണിൽ തന്നെ വിളിച്ചു വരുത്തി. കരുനാഗപ്പള്ളി പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്ക് അനുകൂലമായ നിലപാടുണ്ടായി. അർച്ചനയെ തനിക്കൊപ്പം വിട്ടു. കുട്ടികളെ തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ കൊണ്ടു വന്ന് അർച്ചനയ്ക്ക് കൈമാറാമെന്ന് എഴുതി വയ്ക്കുകയും ചെയ്തു. പിന്നീട് ഇയാളെ കണ്ടില്ല. വീണ്ടും ഫോണിൽ വിളിച്ചപ്പോൾ ഫോണിലുടെ അസഭ്യ വർഷം നടത്തുകയായിരുന്നു. ഈ വിവരങ്ങൾ മറച്ചു വച്ചാണ് ഇപ്പോൾ പാണ്ഡ്യൻ അപവാദ പ്രചാരണം നടത്തുന്നതെന്ന് സമ്പത്തും അർച്ചനയും പറഞ്ഞു. ഇയാൾക്ക് റാന്നിയിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കണം. അതിനായി അർച്ചനയിൽ നിന്ന് ഡിവോഴ്സ് ആവശ്യപ്പെടുന്നുണ്ട്. കുട്ടികളെ തനിക്കൊപ്പം വിട്ടു തന്നാൽ മാത്രം വിവാഹമോചനം നടത്താൻ തയാറാണെന്ന് അറിയിച്ചിട്ടുള്ളതായും അർച്ചന പറഞ്ഞു.

സമ്പത്ത് മന്ത്രവാദി, പറയുന്നത് കള്ളമെന്ന് ആദ്യഭാര്യ

സമ്പത്ത് മന്ത്രവാദിയും ആഭിചാര കർമങ്ങൾ ചെയ്യുന്നയാളുമാണെന്ന് മാധ്യമപ്രവർത്തകരോട് സമ്പത്തിന്റെ ആദ്യ ഭാര്യ പറഞ്ഞു. ഇയാൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. താന്ത്രികവിധി പഠിച്ചിട്ടുള്ളതായി അറിയില്ല. നാട്ടിൽ കടം കയറി നിന്നപ്പോഴാണ് തമിഴ്‌നാട്ടിലേക്ക് പോയത്. അർച്ചനയുടെ സ്വർണാഭരണങ്ങൾ വിറ്റ് ആഡംബരജീവിതം നയിക്കുകയാണ്. അർച്ചനയുടെ ഭർത്താവ് പാണ്ഡ്യനെ ആകെ കണ്ടിട്ടുള്ളത് ഒന്നോ രണ്ടോ തവണ മാത്രമാണ്. താനും അയാളും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വിടാനും യുവതി വെല്ലുവിളിച്ചു. പൂജയ്ക്കായി വന്ന വഴിക്കുള്ള പരിചയത്തിൽ സമ്പത്തുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. പല കള്ളവും പറഞ്ഞാണ് വിവാഹം കഴിച്ചത്. വിവാഹശേഷമാണ് അത് മനസിലായതെന്നും യുവതി പറഞ്ഞു. അർച്ചനയുമായി താമസം തുടങ്ങിയപ്പോൾ താൻ സ്വയം ഒഴിഞ്ഞു പോന്നതാണെന്നും യുവതി പറയുന്നു.