തിരുനാവായ: കേരള കുംഭമേള എന്നറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവം സമാപനത്തിലേക്ക്. മൂന്നുനാൾ മാത്രം അവശേഷിക്കെ, ഫെബ്രുവരി മൂന്നിന് വിശേഷാൽ പൂജകളോടെയും അമൃതസ്‌നാനത്തോടെയും മഹോത്സവം പരിസമാപിക്കും. ആയിരക്കണക്കിന് ഭക്തരാണ് അവസാന ദിവസങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ തിരുനാവായയിലേക്ക് ഒഴുകിയെത്തുന്നത്. കെ.എസ്.ആർ.ടി.സി.യുടെ ബസ് സർവീസുകൾക്ക് വലിയ വിജയമാണ് ഇതുവരെ ഉത്സവവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്.

സമാപന ദിവസമായ ഫെബ്രുവരി മൂന്നിന് രാവിലെ നടക്കുന്ന യോഗീശ്വരപൂജ (പരശുരാമപൂജ) ആണ് പ്രധാന ചടങ്ങ്. പൂജകൾക്കുശേഷം സന്ന്യാസിമാരുടെയും ഭക്തരുടെയും നേതൃത്വത്തിൽ അമൃതസ്‌നാനം നടക്കും. തുടർന്ന് സന്ന്യാസിമാർക്ക് ഭക്ഷണവും വസ്ത്രവും ദക്ഷിണയും സമർപ്പിക്കുന്ന 'ഭണ്ഡാര' ചടങ്ങ് അരങ്ങേറും. എല്ലാവർക്കും അന്നപ്രസാദവും ഉണ്ടാകും. വൈകീട്ട് നടക്കുന്ന നിളാ ആരതിയോടെ ഇത്തവണത്തെ മഹാമാഘ മഹോത്സവത്തിന് തിരശ്ശീല വീഴും.

തൈപ്പൂയ ദിവസമായ ഞായറാഴ്ച പുലർച്ചെ സൂര്യകാലടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 7:30-ന് കൊടക്കൽ തളി ക്ഷേത്രത്തിൽനിന്ന് കാവടിയാട്ടം തുടങ്ങി. 10:30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആണ്ടിയൂട്ട് നടന്നു. ദേവീഭാഗവത പാരായണം, ലളിതാസഹസ്രനാമ യജ്ഞം, ദേവീനാമ ജപം എന്നിവയ്ക്കും പ്രൊഫ. ഹരീഷ് ചന്ദ്രശേഖരൻ ആചാര്യനായി. വൈകീട്ട് നാലുമുതൽ വീണ്ടും കാവടിയാട്ടം അരങ്ങേറി. ഇതേസമയം, യജ്ഞവേദിയിൽ ആലുവ തന്ത്രവിദ്യാപീഠം അധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മഹാ ശ്രീചക്ര നവാവരണപൂജ നടന്നു. മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീചക്ര നവാവരണ കൃതികൾ കാസർകോട് യോഗീശ ശർമ്മ ആലപിച്ചു.

ശനിയാഴ്ച ദക്ഷിണാമൂർത്തി പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ആചാര്യൻ വിഷ്ണു ആനന്ദ് കാർമികത്വം വഹിച്ച ഈ പൂജയെ തുടർന്ന് വൈകീട്ട് ഭൈരവ പൂജയുമുണ്ടായി. ഉത്സവം അവസാന ദിനങ്ങളിലേക്ക് കടന്നതോടെ തിരുനാവായയിൽ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് സെല്ലുകൾ നടത്തുന്ന സർവീസുകൾക്കു പുറമേ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വകാര്യ ബസുകളും തീവണ്ടികളിലും ഏറെപ്പേർ എത്തുന്നുണ്ട്.

തിരുനാവായ കുംഭമേളയോടനുബന്ധിച്ച് ഉദ്ദേശിച്ചതിലും കൂടുതൽ ബസ് സർവീസുകൾ നടത്തി കെ.എസ്.ആർ.ടി.സി. വലിയ നേട്ടമുണ്ടാക്കി. മഹാമാഘ മഹോത്സവം സമാപിക്കാൻ മൂന്നു ദിവസം ബാക്കിയിരിക്കെ ഇതുവരെ 78 സർവീസുകളാണ് കെ.എസ്.ആർ.ടി.സി. നടത്തിയത്. നൂറോളം ബസുകൾ ഓടിക്കാനായാൽ വലിയ നേട്ടമാകുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ കണക്കനുസരിച്ച് ഇത് 130 കടക്കുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച മാത്രം 15 ബസുകൾ സർവീസ് നടത്തിയപ്പോൾ, ഞായറാഴ്ച വിവിധ ജില്ലകളിൽനിന്നായി 27 ബസുകൾ സർവീസ് നടത്തി. കെ.എസ്.ആർ.ടി.സി.ക്ക് ഇത് വലിയൊരു വിജയമാണ് സമ്മാനിക്കുന്നത്.

മഹോത്സവത്തിൽ പങ്കുചേരാൻ പ്രമുഖ ചലച്ചിത്ര താരങ്ങളായ സോനാ നായരും ജലജയും എത്തി. ഭാരതപ്പുഴയുടെ തീരത്തെ ഭക്തിനിർഭരമായ അന്തരീക്ഷം തനിക്ക് വലിയ അനുഭവം സമ്മാനിച്ചതായി സോനാ നായർ പറഞ്ഞു. 'ഹിന്ദുവായി ജനിച്ചത് മഹാഭാഗ്യമായും ഒപ്പം അഭിമാനമായും ഞാൻ കാണുന്നു. ഇവിടെ തിരുനാവായയിലെ ഈ പുണ്യഭൂമിയിൽ എത്തിയപ്പോൾ ലഭിച്ച അനുഭവം വാക്കുകൾക്ക് അപ്പുറമാണ്. ഉത്തരേന്ത്യയിലെ കുംഭമേളകളിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പല കാരണങ്ങളാൽ സാധിച്ചിരുന്നില്ല. എന്നാൽ മലപ്പുറം ജില്ലയിലെ ഈ മണ്ണിൽ കേരളത്തിന്റെ സ്വന്തം കുംഭമേളയിൽ പങ്കെടുക്കാനായതിൽ അതിയായ സന്തോഷമുണ്ട്,' സോനാ നായർ മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ ഭാരതപ്പുഴയിൽ പുണ്യസ്നാനം നടത്തിയ ശേഷം നടി ജലജയും സോനാ നായരും തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ദർശനം നടത്തി. 270 വർഷങ്ങൾക്ക് ശേഷം പുനരാരംഭിച്ച ഈ മഹോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു ദൈവാധീനമായി കരുതുന്നുവെന്ന് നടി ജലജ പ്രതികരിച്ചു. 'മലപ്പുറം ജില്ലയിൽ ഇത്രയും വലിയൊരു ജനപങ്കാളിത്തത്തോടെ ഇങ്ങനെയൊരു ഉത്സവം നടക്കുന്നത് അത്ഭുതകരമാണ്. നിള ആരതി ഉൾപ്പെടെയുള്ള ചടങ്ങുകൾ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഈ ഉത്സവത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മഹാമണ്ഡലേശ്വർ ആനന്ദവനം സ്വാമിക്ക് പ്രത്യേക നന്ദി അറിയിക്കുന്നു,' ജലജ കൂട്ടിച്ചേർത്തു.