ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ തൊഴിലുറപ്പ് പദ്ധതില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഘടന അടിമുടി മാറ്റുന്നതാണ് നീക്കം. ബില്‍ നാടകീയ നീക്കങ്ങള്‍ക്കിടയില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ മാറ്റിവെച്ചു. പേരില്‍നിന്ന് മഹാത്മാഗാന്ധിയെ വെട്ടിമാറ്റുന്ന ബില്‍ തൊഴിലുറപ്പ് പദ്ധതിക്കായുള്ള സാമ്പത്തിക ബാധ്യതയുടെ അധികഭാരം സംസ്ഥാനങ്ങളുടെ മുതുകിന് മേല്‍ വെക്കുന്നതാണ്. നിലവിലുണ്ടായിരുന്ന തൊഴിലുറപ്പ് നിയമം തൊഴില്‍ അവകാശമാക്കി മാറ്റിയിരുന്നുവെങ്കില്‍ അതില്ലാതാക്കി കേവലമൊരു കേന്ദ്ര തൊഴില്‍ പദ്ധതിയാക്കി തൊഴിലുറപ്പിനെ മാറ്റുകയാണ് ചെയ്യുന്നത്.

പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയ കാര്യംപോലും സ്വകാര്യമാക്കി വെച്ച് തിങ്കളാഴ്ച തിരക്കിട്ട് അധിക അജണ്ടയായി കൊണ്ടുവന്ന ബില്ലാണ് ഒടുവില്‍ അവതരിപ്പിക്കാതെ മാറ്റിവെച്ചത്. നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അക്ഷരാര്‍ഥത്തില്‍ മാറ്റിമറിക്കുന്ന ബില്‍ ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനങ്ങള്‍ക്കുള്ള തൊഴിലുറപ്പ് വിഹിതം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. വി.ബി-ജി- റാം-ജി (വികസിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ് ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)) ബില്‍, 2005 എന്ന പേരില്‍ കൊണ്ടുവന്ന പുതിയ നിയമനിര്‍മാണത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം 60:40 അനുപാതത്തിലാക്കാന്‍ വ്യവസ്ഥ ചെയ്യുന്നുമുണ്ട്. വിമര്‍ശനവുമായി സഖ്യകക്ഷിയായ തെലുഗുദേശം പാര്‍ട്ടി രംഗത്തുവന്നിട്ടുണ്ട്.

എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ ഹിമാലയന്‍ സംസ്ഥാനങ്ങളെയും അധിക സാമ്പത്തിക ബാധ്യതയില്‍നിന്ന് ഒഴിവാക്കി 90:10 അനുപാതം എന്ന നിലയിലാക്കി. 100 തൊഴില്‍ ദിനങ്ങള്‍ 125 ആയി വര്‍ധിപ്പിക്കുമെന്ന് പറയുന്നുണ്ട്. എന്നാല്‍, പുതിയ നിയമത്തിലെ ആറാം വകുപ്പ് കാര്‍ഷിക സീസണില്‍ 60 ദിവസം വരെ തൊഴിലുറപ്പിന് നിരോധനം ഏര്‍പ്പെടുത്തുന്നുണ്ടെന്നും അതിനാല്‍ ദിവസങ്ങള്‍ വര്‍ധിപ്പിച്ചത് കൊണ്ട് പ്രയോജനം ചെയ്യില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിയതോടെ തൊഴില്‍ ദിനങ്ങള്‍ പരമാവധി 75-ലെത്താനേ സാധ്യതയുള്ളൂ എന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നുണ്ട്.

പുതിയ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ 2005ലെ എംജിഎന്‍ആര്‍ഇജിഎ നിയമം അസാധുവാകും. ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നതിനൊപ്പം പദ്ധതിയുടെ അടിസ്ഥാനഘടന തന്നെ മാറ്റിമറിക്കുന്നതാണ് ബില്ലില്‍ പ്രതിഷേധം ശക്തമാണ്. പുതിയ ഘടന വരുമ്പോള്‍, സംസ്ഥാനങ്ങള്‍ 55,000 കോടി മുടക്കേണ്ടി വരും. തൊഴിലുറപ്പ് പദ്ധതിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവെക്കാനുള്ള വ്യവസ്ഥയില്ല. എന്നാല്‍, പുതിയ ബില്ലില്‍ ഏറ്റവും തിരക്കേറിയ കാര്‍ഷിക സീസണില്‍ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന അപകടരമായ വ്യവസ്ഥ ഉള്‍പ്പെടുത്തി. വിതയും കൊയ്ത്തുമുള്‍പ്പടെ ഏറ്റവും തിരക്കുള്ള സീസണിലെ 60 ദിവസങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നാണ് ബില്ലില്‍ പറയുന്നത്.

പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയുകയും അതേസമയം അതിനെ പൂര്‍ണമായും നിയന്ത്രണത്തിലാക്കാനുമാണ് കേന്ദ്രനീക്കം. പുതിയ ബില്ലില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍നിന്ന് 125 ആക്കിയിട്ടുണ്ട്. പദ്ധതിയുടെ ഭാവി തന്നെ അപകടത്തിലാക്കുന്ന വ്യവസ്ഥകളുള്ളപ്പോള്‍ വര്‍ധനയ്ക്ക് കാര്യമായ പ്രസക്തിയില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ സമ്മര്‍ദത്തിന്റെ ഫലമായാണ് തൊഴിലുറപ്പ് പദ്ധതി യാഥാര്‍ഥ്യമായത്. 2014ല്‍ മോദി അധികാരമേറ്റതോടെ പദ്ധതിയെ ആസൂത്രിതമായി തകര്‍ക്കുന്ന നടപടികളാണുണ്ടാകുന്നത്. ഒരോ ബജറ്റിലും വിഹിതം വെട്ടിക്കുറച്ചു.

അഞ്ചുവര്‍ഷത്തിനിടെ പദ്ധതിക്ക് നല്‍കിയ അന്തിമതുകയില്‍ 25,000 കോടി രൂപയുടെ ഇടിവുണ്ടായി. തൊഴില്‍ദിനങ്ങള്‍ കുറഞ്ഞതിനൊപ്പം സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശികയും കുമിഞ്ഞുകൂടി. നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് 9,200 കോടിയിലധികം കുടിശിക നല്‍കാനുണ്ട്.