- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈലപ്ര മറ്റൊരു കരുവന്നൂർ: നടന്നത് കോടികളുടെ പകൽക്കൊള്ള; നേതൃത്വം കൊടുത്തത് കോൺഗ്രസുകാരനായ മുൻ സെക്രട്ടറിയും സിപിഎം ഏരിയാ കമ്മറ്റി അംഗമായ പ്രസിഡന്റും; 86.12 കോടി ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഈടാക്കാൻ സഹകരണ വകുപ്പിന്റെ നടപടി: എത്രത്തോളം പ്രാവർത്തകമാകുമെന്ന് അറിയാതെ നിക്ഷേപകരും
പത്തനംതിട്ട: കരുവന്നൂർ മോഡൽ തട്ടിപ്പ് നടന്ന സഹകരണ ബാങ്കാണ് മൈലപ്രയിലേത്. വായ്പയും ബിനാമി നിക്ഷേപവും പരിധി വിട്ട് മറ്റ് ബാങ്കുകൾക്ക് കൊടുത്ത വായ്പ കിട്ടാക്കടമായതും അടക്കം നൂറുകോടിയിലധികം രൂപയുടെ ക്രമക്കേടാണ് മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്നത്. നിലവിൽ 90 കോടിയുടെ തട്ടിപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫൈനൽ ഓഡിറ്റ് കഴിയുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി 150 കോടിക്ക് അടുത്ത് എത്തുമെന്നാണ് സൂചന. കോൺഗ്രസുകാരനായ മുൻ സെക്രട്ടറിയും സിപിഎമ്മിന്റെ ഏരിയാ കമ്മറ്റിയംഗമായ പ്രസിഡന്റും ചേർന്നാണ് തട്ടിപ്പിൽ സഹകരണം നടപ്പാക്കിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച നിലവിലെ ഭരണ സമിതി പിരിച്ചുവിട്ട സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നിയോഗിച്ചിട്ടുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി ബാങ്കിനുണ്ടായ നഷ്ടമെന്ന് ഇപ്പോൾ കണക്കാക്കിയിട്ടുള്ള 86.12 കോടി ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിലാണ്. പക്ഷേ, ഇത് എത്രത്തോളം വിജയിക്കുമെന്ന കാര്യം കണ്ട് അറിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ നിക്ഷേപകരെല്ലാം ആശങ്കയിലാണ്. മൈലപ്ര സഹകരണ ബാങ്കിൽ നടന്നിരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ്. പക്ഷേ, മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിൽ മിണ്ടാൻ കഴിയാതെ കോൺഗ്രസ് പെട്ടതു പോലെ തന്നെയാണ് ഇവിടെയും. ഭരിക്കുന്നത് സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രസിഡന്റായ ഭരണ സമിതിയാണ്. പക്ഷേ, അഴിമതിക്ക് നേതൃത്വം കൊടുത്തത് കോൺഗ്രസിന്റെ സഹകരണ വകുപ്പ് ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന നേതാവായിരുന്ന മുൻ സെക്രട്ടറി ജോഷ്വ മാത്യൂവാണ്. ഇക്കാരണം കൊണ്ട് തന്നെ ഒരു പ്രക്ഷോഭം സംഘടിപ്പിക്കാനോ സംസ്ഥാന തലത്തിൽ ശ്രദ്ധയിൽ കൊണ്ടു വരാനോ കോൺഗ്രസിന് കഴിയില്ല. മാത്രവുമല്ല, കോൺഗ്രസിന്റെ ജില്ലാ നേതാവ് പ്രസിഡന്റായ പത്തനംതിട്ട ടൗണിലുള്ള ഒരു സഹകരണ ബാങ്കിൽ സമാന രീതിയിലുള്ള അഴിമതി നടന്നിട്ടുമുണ്ട്.
86.12 കോടിയുടെ വായ്പാ തട്ടിപ്പിൽ ബാങ്കിനുണ്ടായ നഷ്ടത്തിന് ഉത്തരവാദികൾ ആരെല്ലാമാണെന്നും അവരുടെ ബാധ്യത എത്രയാണെന്നും കണ്ടെത്തുന്നതിനുമുള്ള സർചാർജ് അന്വേഷണം നടത്താൻ ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. വകുപ്പ് 68(1) പ്രകാരമുള്ള അന്വേഷണം നടത്തുന്നതിന് കോന്നി അസിസ്റ്റന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. മുൻ സെക്രട്ടറി, ബാങ്ക് പ്രസിഡന്റ്, ഭരണ സമിതി അംഗങ്ങൾ എന്നിവരിൽ നിന്നെല്ലാമായി തുക കൃത്യമായി ഈടാക്കും. എന്നാൽ, പണം തങ്ങളുടെ കൈയിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിന് തടയിടാൻ ഇവർ തന്ത്രങ്ങൾ മെനയുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുൻ സെക്രട്ടറി ഭാര്യയുടെ പേരിലുള്ള കോടികൾ വിലമതിക്കുന്ന സ്ഥലവും വീടും മകളുടെ പേരിൽ വിലയാധാരം നൽകിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസ് വന്നതിന് ശേഷമുള്ള കൈമാറ്റമായതു കൊണ്ടു തന്നെ ഇതു തിരികെ പിടിക്കാൻ കഴിയുമെന്നാണ് പറയുന്നത്. മാത്രവുമല്ല, വിലയാധാര പ്രകാരം വസ്തു വിറ്റപ്പോൾ കിട്ടിയ പണം എവിടെ നിക്ഷേപിച്ചുവെന്നതും അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തേണ്ടി വരും.
അതിനിടെ, ഭരണസമിതി പിരിച്ചു വിട്ടതിന് ശേഷമുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പരിശോധന ബാങ്കിൽ ആരംഭിച്ചിട്ടുണ്ട്. പല ഇടപാടുകളിലും വ്യാപക ക്രമക്കേടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. ബാങ്കിന്റെ നിയമാവലിക്ക് വിരുദ്ധമായി 89 ബിനാമി വായ്പകൾ നൽകിയിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ബാങ്കുമായി ബന്ധപ്പെട്ട റെക്കോഡുകൾ പരിശോധിച്ചതിൽ പ്രതിദിന വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുന്ന ഡേ ബുക്ക് ഒരു വർഷത്തിലധികമായി ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. പ്രതിദിന ലോൺ, ഡെപ്പോസിറ്റ് എന്നിവ തരം തിരിച്ച് സൂക്ഷിക്കുന്ന ബുക്കാണിത്. പരിശോധന പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി അറിയാനാകൂവെന്ന് ജോയിന്റ് രജിസ്ട്രാർ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കി ജോയിന്റ് രജിസ്ട്രാർക്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമാകും കിട്ടാനുള്ള കുടിശിക തിരിച്ചു പിടിക്കുന്ന നടപടികൾ ആരംഭിക്കുക.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സാധാരണക്കാർക്ക് ടോക്കൺ വെച്ച് 2000 രൂപ വീതം നൽകുമ്പോഴും കുറച്ചാളുകൾക്ക് മാത്രം വലിയ തുക നൽകിയതായും കണ്ടെത്തി. അതിനിടെ, പത്തനംതിട്ട പൊലീസ് എടുത്ത കേസ് ്രൈകബ്രാഞ്ചിന് കൈമാറുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇതുവരെ മാറ്റമുണ്ടായിട്ടില്ല. എഫ്.െഎ. ആർ. രജിസ്റ്റർ ചെയ്തതല്ലാതെ കാര്യമായി അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. ജോയിന്റ് രജിസ്ട്രാർ നൽകിയ പരാതിയിൽ മുൻ സെക്രട്ടറി ജോഷ്വാമാത്യു, ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി പത്തനംതിട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ബാങ്കിന്റെ നിയമാവലിക്ക് വിരുദ്ധമായും സഹകരണവകുപ്പിന്റെ അനുമതിയില്ലാതെയും ബാങ്കിന്റെ പ്രവർത്തനപരിധിക്ക് പുറത്തുള്ളവർക്ക് നിയമ വിരുദ്ധമായി വായ്പ നൽകി എന്ന കുറ്റത്തിനാണ് കേസ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്