- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ തട്ടിപ്പിന് നേതൃത്വം കൊടുത്ത മുൻ സെക്രട്ടറി കോൺഗ്രസുകാരൻ; തട്ടിപ്പ് പുറത്തു വന്ന നാളുകളിൽ മൗനം പാലിച്ചു; ഒടുവിൽ പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം മൗനം വെടിയുന്നു; മൈലപ്ര സഹകരണ സംഘം തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന ആവശ്യവുമായി സമരം 16 ന്
പത്തനംതിട്ട: മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ നേതൃത്വത്തിൽ കോടികളുടെ തട്ടിപ്പ് നടന്ന മൈലപ്ര സർവീസ് സഹകരണ സംഘത്തിനെതിരേ കോൺഗ്രസ് ഒടുവിൽ സമരത്തിന്. തട്ടിപ്പ് പുറത്തു വന്ന് രണ്ടു വർഷം കഴിയുമ്പോഴാണ് സമരം എന്നത് ശ്രദ്ധേയമാണ്. തട്ടിപ്പ് നടത്തിയ ജോഷ്വാ മാത്യു കോൺഗ്രസ് നേതാവും സഹകരണ വകുപ്പിലെ കോൺഗ്രസ് അനുകൂല യൂണിയന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു. ഇതു കാരണം മൗനം അവലംബിച്ച കോൺഗ്രസ് നേതൃത്വം ഇപ്പോൾ സട കുടഞ്ഞെണീറ്റിരിക്കുകയാണ്. ജോഷ്വാ മാത്യുവിനെ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും റിമാൻഡിൽ പോവുകയും ചെയ്തതിന് ശേഷമാണ് കോൺഗ്രസ് മനം വെടിഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സിപിഎമ്മിന്റെ മൂൻ ഏരിയാ കമ്മറ്റിയംഗമായ മുൻ പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
നിക്ഷേപ തട്ടിനെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തണമെന്നും നിക്ഷേപകരുടെ പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിലേക്ക് 16ന് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുന്നതിന് മണ്ഡലം കോൺഗ്രസ് പ്രവർത്തക യോഗം തീരുമാനിച്ചു. നിക്ഷേപ തട്ടിപ്പിന് നേതൃത്വം നൽകിയ സിപിഎം ഏരിയാ കമ്മിറ്റി അംഗമായ മുൻ ബാങ്ക് പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കാതെ രക്ഷപെടുത്തുവാനാണ് സംസ്ഥാന സർക്കാരും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. നിക്ഷേപകരുടെ പണം ലഭ്യമാക്കുമെന്ന വാഗ്ദാനം പാലിക്കാതെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി ബാങ്കിൽ പണം നിക്ഷേപിച്ചവരെ കബളിപ്പിക്കുകയാണെന്ന് പ്രവർത്തകയോഗം പ്രമേയത്തിൽ ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് അധ്യക്ഷത വഹിച്ചു.
മാറിയ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ സമരമെന്നതാണ് ശ്രദ്ധേയം. ജില്ലയിലുള്ള മറ്റ് സഹകരണ ബാങ്കുകളുടെ ഭരണം ഓരോന്നായി യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടു വരെയായി കുത്തകയാക്കി കോൺഗ്രസ് കൈവശം വച്ചിരുന്ന സഹകരണ സംഘങ്ങളൊക്കെ എൽഡിഎഫ് പിടിച്ചെടുത്തു കഴിഞ്ഞു. ഇതാണിപ്പോൾ തിരക്കിട്ട് ഒരു സമരത്തിന് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് വേണം കരുതാൻ. നിലവിൽ മൈലപ്ര സഹകരണ സംഘം സഹകരണ വകുപ്പ് നിയോഗിച്ച അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് ഭരിക്കുന്നത്.
ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിൽ ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ 86.12 കോടിയുടെ വ്യാജവായ്പ കേസിലും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മൈലപ്ര ബാങ്ക് തട്ടിപ്പ് പുറത്തു വന്ന ശേഷവും കോൺഗ്രസിന്റെ പൊതുപരിപാടികളിൽ സജീവമായിരുന്നു ജോഷ്വ മാത്യു. മുതിർന്ന നേതാക്കൾക്കൊപ്പം വേദി പങ്കിടുകയും അതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.
നിലവിൽ ജോഷ്വായെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. തട്ടിപ്പിൽ കൂട്ടുത്തരവാദിത്തമുള്ള മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ അറസ്റ്റ് ചെയ്യാതെ ക്രൈംബ്രാഞ്ച് ഉരുണ്ടു കളിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്