- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഉപയോഗിക്കുക ഡ്രോണ്‍ സാങ്കേതിക വിദ്യ; നേതൃത്വം ഏറ്റെടുക്കാന്‍ മലയാളി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍; ഷിരൂരില്‍ പിഴവ് തിരുത്തുമ്പോള്‍
പാലക്കാട്: ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മണ്ണിനടിയില്‍പ്പെട്ട ലോറി കണ്ടെത്താന്‍ ആധുനിക സാങ്കേതിക സഹായം തേടി ദൗത്യസംഘം. റിട്ട. മേജര്‍. ജനറല്‍ ഇന്ദ്രബാലന്റെയും സംഘത്തിന്റെയും സഹായമാണ് തേടിയത്. കരയിലും വെള്ളത്തിലും ഒരുപോലെ 20 മീറ്ററിലും താഴെയുള്ള ഏത് വസ്തുവും കണ്ടെത്താനാവുന്ന സാങ്കേതികവിദ്യയാണ് ഷിരൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും.
'ഷിരൂരില്‍ അപകടം നടന്ന മേഖലയിലെ ഭൂപ്രകൃതി വെല്ലുവിളി നിറഞ്ഞതാണ്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം. ഡ്രോണ്‍ ഘടിപ്പിച്ചിട്ടുള്ള സാങ്കേതികവിദ്യയാണ് തങ്ങളുടെ പക്കലുള്ളത്. ഇത് ഉപയോഗിച്ച് സ്കാന്‍ ചെയ്ത് കുറച്ചുകൂടി വേഗത്തില്‍ ലോറി കണ്ടുപിടിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത് ' - അദ്ദേഹം വിശദീകരിച്ചു.
മഴ കനത്തതോടെ ചൊവ്വാഴ്ചത്തെ തിരച്ചിലും അവസാനിപ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത്. ബുധനാഴ്ച കൂടുതല്‍ യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ നടത്തുമെന്ന് എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ വ്യക്തമാക്കി. അതിനിടെ നിലവിലെ തിരച്ചിലില്‍ തൃപ്തിയുണ്ടെന്നും കണ്ടെത്തുംവരെ തിരച്ചില്‍ തുടരണമെന്നും അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു. പട്ടാളം തിരച്ചില്‍ നിര്‍ത്തുകയാണെന്നു പറഞ്ഞ വേളയിലാണ് കഴിഞ്ഞ ദിവസം മാതാവ് പ്രതികരിച്ചതെന്നും ഇപ്പോള്‍ കാര്യങ്ങളെല്ലാം ബോധ്യപ്പെടുകയാണെന്നും തങ്ങള്‍ എല്ലാറ്റിനോടും പൊരുത്തപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
ഷിരൂരിലുള്ള ബന്ധുക്കള്‍ നിലവിലെ തിരച്ചിലില്‍ തൃപ്തരാണെന്നും പറഞ്ഞു. അമ്മക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടതായും എല്ലാം വിധിയായി കരുതുകയാണിപ്പോഴെന്നും സഹോദരി പറഞ്ഞു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഉള്ളത് സമാധാനം തരുകയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരുടെയും പിന്തുണക്ക് നന്ദി പറയുകയാണെന്നും അഞ്ജു പറഞ്ഞു. അര്‍ജുനും ലോറിക്കും വേണ്ടി തുടക്കത്തില്‍തന്നെ പുഴയില്‍ തിരച്ചില്‍ നടത്താതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്. കര്‍ണാടക സര്‍ക്കാര്‍ ആദ്യം പുഴയില്‍ തിരച്ചില്‍ ആരംഭിച്ചപ്പോള്‍ കേരളത്തില്‍നിന്നുള്ള സമ്മര്‍ദം കാരണമാണോ അന്വേഷണം വീണ്ടും കുന്നിലേക്കു മാറിയത്. പുഴയില്‍ ആദ്യമേ തിരച്ചില്‍ നടത്താതിരുന്നത് ഷിരൂര്‍ കുന്നില്‍തന്നെ പരിശോധന വേണം എന്നു ചിലര്‍ പിടിവാശി പിടിച്ചതു കാരണമാണെന്നാണ് ആരോപണം.
കുന്നിലോ ദേശീയപാതയില്‍ മണ്ണിടിഞ്ഞ സ്ഥലത്തോ ലോറി ഇല്ല എന്ന നിലപാടാണ് കര്‍ണാടക തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കേരളത്തില്‍നിന്നെത്തിയ ജീവന് രക്ഷാപ്രവര്ത്തകന് അടക്കം ദേശീയപാതയില്‍ മണ്ണിടിഞ്ഞ സ്ഥലത്തുതന്നെ ലോറി ഉണ്ടെന്ന് ഉറച്ചുനിന്നു. ഇതു ദൃശ്യമാധ്യമങ്ങളോട് ആവര്‍ത്തിക്കുകയും ചെയ്തു. ഇത്തരം നീക്കം കര്‍ണാടക സര്‍ക്കാരിനെയും രക്ഷാപ്രവര്‍ത്തകരെയും സമ്മര്‍ദത്തിലാക്കി. പുഴയിലേക്കുള്ള അന്വേഷണം വൈകിയതിനുള്ള പല കാരണങ്ങളിലൊന്ന് ഇതുകൂടിയാണ്.
ആദ്യം മുതല്‍ തന്നെ പുഴയ്ക്കു മുകളില്‍ നാവികസേന പരിശോധന നടത്തിയിരുന്നെങ്കിലും പുഴയിലെ മണ്ണിനടിയിലേക്കുള്ള സാധ്യത അന്വേഷിച്ചിരുന്നില്ല. അപകടത്തിന്റെ വ്യാപ്തിയും സാധ്യതയും ശാസ്ത്രീയമായി പരിശോധിച്ച് അവലോകനം ചെയ്തു രക്ഷാപ്രവര്‍ത്തനം നടത്താനുള്ള നീക്കവും ഉണ്ടായില്ലെന്നും വിമര്‍ശനമുണ്ട്. ഒടുവില്‍ ഇതിനെല്ലാം മാറ്റമുണ്ടാവുകയാണ്.