- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലപ്പുറത്തെ പൊലീസില്‍ ശുദ്ധികലശം; മലപ്പുറത്തെ എട്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥാനചലനം; മരംമുറികേസ് അന്വേഷിക്കുന്ന വി വി ബെന്നിക്കും മാറ്റം
അഴിച്ചുപണി പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ
മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയതിന് പിന്നാലെ മലപ്പുറത്ത് പൊലീസില്‍ വന്‍അഴിച്ചുപണി നടത്തി ആഭ്യന്തര വകുപ്പ്. എസ് പി എസ്.ശശിധരനെ സര്‍ക്കാര്‍ സ്ഥലംമാറ്റും. ഡിവൈ എസ് പിമാര്‍ക്കും സ്ഥലംമാറ്റമുണ്ട്. മലപ്പുറം ജില്ലയില്‍ മാത്രം എട്ട് ഡിവൈഎസ്പിമാരെ മാറ്റി. മൊത്തം 16 ഡിവൈഎസ്പിമാര്‍ക്കാണ് സ്ഥലംമാറ്റം.
സ്പെഷ്യല്‍ ബ്രാഞ്ചടക്കം സബ്ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കും മാറ്റമുണ്ട്. മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂര്‍ ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. മലപ്പുറത്തെ പൊലീസിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് നടപടി. പൊലീസ് ആസ്ഥാനത്തെ എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും.
പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം വി മണികണ്ഠനെ അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഡ് ചെയ്തു. പരാതി നല്‍കാന്‍ എത്തിയ യുവതിയുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെട്ടു, 2016 ല്‍ ബലാല്‍സംഗ കേസിലെ ഇരയോട് മോശമായി പെരുമാറി, മലപ്പുറത്ത് എസ്‌ഐയായി ജോലി ചെയ്യവേ വനിതാ ഉദ്യോഗസ്ഥരോടും മോശമായി പെരുമാറി, തുടങ്ങിയ അച്ചടക്ക ലംഘനങ്ങള്‍ കണക്കിലെടുത്താണ് ഡിവൈഎസ്പി മണികണ്ഠനെ ഉടനടി സസ്‌പെന്‍ഡ് ചെയ്തത്.
മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം സ്ഥലം മാറ്റം ലഭിച്ച ഡി.വൈ.എസ്.പിമാര്‍
പ്രേംജിത്ത് (ഡി.വൈ.എസ്.പി. മലപ്പുറം)
സാജു കെ എബ്രഹാം (ഡി.വൈ.എസ്.പി. പെരിന്തല്‍മണ്ണ)
ബൈജു കെ.എം. (തിരൂര്‍ ഡി.വൈ. എസ്.പി.)
ഷിബു പി (കൊണ്ടോട്ടി ഡി.വൈ.എസ്.പി.)
സന്തോഷ് പി.കെ. (നിലമ്പൂര്‍ ഡി.വൈ.എസ്.പി.)
അബ്ദുള്‍ ബഷീര്‍ (ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് മലപ്പുറം)
മൂസ വല്ലോക്കാടന്‍ (മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച്).
പൊലീസിലെ അഴിച്ചുപണിയില്‍ തൃപ്തനാണെന്നാണ് പി.വി അന്‍വര്‍ എംഎല്‍എ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്.മലപ്പുറം മുന്‍ എസ് പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ എസ്.സുജിത് ദാസിനെ അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്.പി എസ്.ശശിധരനെതിരെ പറഞ്ഞതില്‍ മാപ്പ് പറയില്ലെന്ന് മുന്‍പ് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ശശിധരന്‍ നമ്പര്‍ വണ്‍ സാഡിസ്റ്റാണെന്നും ഈഗോയിസ്റ്റാണെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. നല്ല ഓഫീസറല്ലെന്നും പൂജ്യം മാര്‍ക്കേ നല്‍കൂ എന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. എസ്.പിയോട് മാപ്പ് പറയില്ലെന്നും കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട് , ഇനിയും വേണോ മാപ്പ്' എന്നുമായിരുന്നു അന്‍വര്‍ മുന്‍പ് നടത്തിയ പ്രതികരണം