മലപ്പുറം: മദ്യമാണ് കേരളത്തിലെ ഖജനാവിനെ താങ്ങി നിർത്തുന്നത്. ഇതിനൊപ്പം പുകയില ഉത്പന്ന കച്ചവടം കൂടി സർക്കാർ ഏറ്റെടുക്കുമോ? കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കാൻ ഇത്തവണത്തെ ബജറ്റിൽ വിഭാവനം ചെയ്ത 'മെയ്ക്ക് ഇൻ കേരള' പദ്ധതിയിൽ, കേരളത്തിൽതന്നെ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയിൽ പാന്മസാല അടക്കം എട്ടിനം പുകയില ഉത്പന്നങ്ങളും. തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ (സി.ഡി.എസ്.) വിദഗ്ധരാണ് പട്ടിക തയ്യാറാക്കിയത്. മാതൃഭൂമിയാണ് ഞെട്ടലുണ്ടാക്കുന്ന ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ലഹരി ഉത്പന്നമായി കണക്കാക്കുന്ന പാന്മസാല വിൽക്കുന്നവർക്കെതിരേ നിയമപ്രകാരം(സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട് റെഗുലേറ്ററി ആക്ട്) എക്സൈസ്-ആരോഗ്യ വകുപ്പുകൾ കേസെടുക്കാറുണ്ട്. ഇതാണ് വസ്തുതയെന്നിരിക്കെയാണ് വിചിത്രമായ ശുപാർശ. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിനിടെയാണ് ഈ ശുപാർശകൾ. കേരളത്തിലേക്ക് ഒരു വർഷം 1689.81 കോടിയുടെ പുകയില ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇത് ഇവിടെ തന്നെ ഉൽപാദിപ്പിക്കണമെന്ന നിർദ്ദേശം.

ഇറക്കുമതി ചെയ്യുന്ന പുകയില ഉൽപ്പന്നങ്ങൾ ഇവിടത്തെ ഉപഭോഗത്തിന്റെ 63.67 ശതമാനം വരും. കേരളത്തിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 1.78 ശതമാനം പുകയില ഉത്പന്നങ്ങളാണെന്നും 20 പേജുള്ള റിപ്പോർട്ട് പറയുന്നു. മോട്ടോർവാഹന നിർമ്മാണം അടക്കം 24 മേഖലകളിൽ കേരളത്തിൽതന്നെ വ്യവസായം തുടങ്ങാമെന്ന് പറയുന്ന റിപ്പോർട്ടിലാണ് പാന്മസാലയുടെ സാധ്യതയും ഉൾപ്പെടുത്തിയത്. ബീഡി, സിഗരറ്റ്, സിഗരറ്റ് പുകയില, ചുരുട്ട്, മൂക്കിപ്പൊടി, സർദ, കത്തയും ച്യൂവിങ് ലൈമും, പാന്മസാലയും അനുബന്ധ ഉത്പന്നങ്ങളും എന്നിവയാണ് പുകയില ഉത്പന്ന സാധ്യതാപട്ടികയിലുള്ളത്.

2021-22-ൽ കേരളത്തിലേക്ക് 1,28,000 കോടി രൂപയുടെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തിരുന്നുവെന്നും ഇതിൽ 92 ശതമാനവും ഇതര സംസ്ഥാനങ്ങളിൽനിന്നായിരുന്നുവെന്നും ധനമന്ത്രി ബജറ്റിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽനിന്ന് കയറ്റിയയക്കുന്നത് 74,000 കോടി രൂപയുടെ ഉത്പന്നങ്ങളും. കേരളത്തിന്റെ വ്യാപാരക്കമ്മി ഉയർന്നതാണെന്ന് ഇതിൽ വ്യക്തമാണെന്നും ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ സാധ്യതയുള്ള ഉത്പന്നങ്ങൾ കണ്ടെത്തുകയാണ് സി.ഡി.എസ്. പഠനത്തിന്റെ ലക്ഷ്യമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കാമെന്ന് റിപ്പോർട്ടിലുള്ള മറ്റ് പ്രധാന ഇനങ്ങൾ

(കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നതിന്റെ മൂല്യം, മൊത്തം ഇറക്കുമതിയുടെ ശതമാനം എന്നിവ ബ്രാക്കറ്റിൽ). *മോട്ടോർവാഹനങ്ങൾ (11692.32 കോടി-100 ശതമാനം) * മരുന്നും മറ്റ് മെഡിക്കൽ രാസവസ്തുക്കളും (6071.33 കോടി-64.47 ശതമാനം)* നെയ്ത്തുവസ്ത്രങ്ങൾ(4720.61 കോടി-91.29 ശതമാനം)*കെട്ടിട നിർമ്മാണസാമഗ്രികൾ(2211.03 കോടി-84.92 ശതമാനം)* പൊതു ആവശ്യങ്ങൾക്കുള്ള മെഷിനറികൾ, ഫാനുകൾ (2088.40 കോടി-95.32 ശതമാനം)* ഫൈബർ ഒപ്റ്റിക് കേബിൾ(1924.21 കോടി-87.45 ശതമാനം) കംപ്യൂട്ടറുകൾ, മെഡിക്കൽ, ദന്തൽ ഉപകരണങ്ങൾ (1537.55 കോടി-98.79%)