കൊച്ചി: മലയാള സിനിമാ മേഖലയില്‍ താനടക്കമുള്ളവര്‍ നേരിടുന്ന ഗുരുതര തൊഴില്‍ വിവേചനവും ലൈംഗികാതിക്രമവും വെളിപ്പെടുത്തി കൊണ്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശിവപ്രിയ മനീഷ്യ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും, മേക്കപ്പ് ഡിസൈനര്‍ മിറ്റ ആന്റണിക്കും എതിരായ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

2014ല്‍ സജി കൊരട്ടി എന്ന മേക്കപ് മാനില്‍ നിന്നുണ്ടായ ലൈംഗിക ആക്രമണം സഹിക്കാന്‍ വയ്യാതെ ഫെഫ്കയ്ക്ക് ഉള്ളിലുള്ള മേക്കപ് സംഘടനയില്‍ പരാതി കൊടുത്തിട്ടും യാതൊരു തരത്തിലും ഫലമുണ്ടായില്ലെന്ന് അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ജോയിന്റ് സെക്രട്ടറി ആയിട്ടുള്ള സുബ്രമണ്യന്‍ മഞ്ജലി എന്ന വ്യക്തി ഒരു നാലു വയസ്സുകാരിയെ പീഡിപ്പിച്ചിട്ട് പോലും അദ്ദേഹത്തിന് ഇതുവരെ പുറത്താക്കിയിട്ടില്ല. എന്താണ് സ്ത്രീ സുരക്ഷിതത്വം എന്ന് ഇവര്‍ വിചാരിക്കുന്നത്. പേടി കൂടാതെ എന്നാണ് നമുക്ക് ജോലി ചെയ്യാന്‍ കഴിയുക? സാധാരണക്കാരിയായ ഒരു സ്ത്രീയുടെ തുറന്നു പറച്ചിലാണ് എല്ലാവരും ഇത് ഷെയര്‍ ചെയ്യണം ദാരിദ്ര്യത്തിന്റെ കൊടുമുടിയിലും ആത്മഹത്യയുടെ വക്കിലും ആണ്'- ശിവപ്രിയ മനീഷ്യ കുറിച്ചു.


കേരള മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

Sir ഞാന്‍ ശിവപ്രിയ മനീഷ്യ ചലച്ചിത്ര സംഘടനയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്നു. 2009ലായിരുന്നു തുടക്കം ആ സമയം ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആയിട്ടായിരുന്നു തുടക്കം. 2014 എനിക്ക് സജി കൊരട്ടി എന്ന മേക്കപ് മാന്‍ നിന്ന് ലൈംഗിക ആക്രമണവും ഹരാസ്‌മെന്റും സഹിക്കാന്‍ വയ്യാതെ ഫെഫ്ക ഉള്ളിലുള്ള മേക്കപ്പ് സംഘടനയില്‍ പരാതി കൊടുക്കുകയും(2014 ഏപ്രില്‍ )യാതൊരു തരത്തിലും ഫലം ഒന്നും കണ്ടിട്ടില്ല. ഇതിനെ തുടര്‍ന്ന് മെയ് ഒന്നിലെ ജനറല്‍ ബോഡിയില്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയും വീണ്ടും പരാതിപ്പെടുകയും ചെയ്തു ഫലം വിഫലം. ആകെ നിരാശ മാത്രം ജോലിയും നഷ്ടമായിക്കൊണ്ടിരുന്നു.

നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉണ്ടാകുമെന്ന് പറഞ്ഞു ഒരു വനിതാ മേക്കപ്പാട്ടിന്റെ വര്‍ക്കില്‍ (Mita Antony )കുടെ ഊട്ടിയിലേക്ക് പോയി 65 ദിവസം വര്‍ക്കുണ്ട് അഡ്ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടു. ആര്‍ക്കാണെന്ന് ചോദിക്കുകയും ഇതിന് എതിര്‍ത്തപ്പോള്‍ എന്നെ വര്‍ക്കില്‍ നിന്ന് പറഞ്ഞുവിട്ടു. ഇവരും ഇവരും ഇവരുടെ കൂട്ടാളികളും ചേര്‍ന്ന് എന്റെ ജോലി നഷ്ടപ്പെടുത്തുന്നതിനെ തുടര്‍ന്ന് ഞാന്‍ ഫേസ്ബുക്കില്‍ ഒരു റൈറ്റ് അപ്പ് ചെയ്തു. എന്നെ അറിയാവുന്ന എന്റെ നാട്ടുകാരും എന്റെ സഹപ്രവര്‍ത്തകരും നല്ല കമന്റുകള്‍ ഇട്ടതിനെ തുടര്‍ന്ന്. ഭൂരിഭാഗം പേരും പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഫെഫ്കക്ക് ചീത്ത പേരുണ്ടാകുമെന്ന് ഭയന്ന് വനിതാ സംഘടന എന്ന രൂപേണ ഒരു പ്രഹസനം. ഒറ്റ ദിവസം തന്നെ വനിതാ സംഘടനയുടെ ജനനവും മരണവും. ഇതിന് കാരണം ഭാഗ്യലക്ഷ്മി എന്നു പറയുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ് ഇതു തകര്‍ത്തത് അവരുടെ അധികാരമോഹമാണ്. ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും ഈ സംഘടനയെ ഇല്ലാതാക്കി കളഞ്ഞു.

സിനിമ സംഘടനയിലുള്ള സ്ത്രീകള്‍ക്ക് വീണ്ടും നിരാശ മാത്രം. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകള്‍ പ്രതിസന്ധിയിലാണ് ജോലി ചെയ്യുന്നത് എന്ന് ഗവണ്മെന്റ് മനസ്സിലാക്കി ഹേമ കമ്മീഷന്‍ രൂപീകരിച്ചു. ചലച്ചിത്ര മേഖലയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉള്ള സ്ത്രീകള്‍ കമ്മീഷന്റെ മുമ്പാകെ തുറന്നുപറച്ചിലുകളും പരാതികളും നല്‍കി. പ്രതീക്ഷയോടെ അഞ്ചുവര്‍ഷത്തെ കാത്തിരിപ്പ്. 2024 ല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മരുഭൂമിയിലെ മഴത്തുള്ളികള്‍ പോലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകള്‍ക്ക് വീണ്ടും ഒരു ആശ്വാസം. വീണ്ടും അവര്‍ ധൈര്യത്തോടെ കൂടി മാധ്യമങ്ങളുടെ മുമ്പില്‍ വരികയും തുറന്നുപറച്ചില്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ഈ പ്രശ്‌നം ഫെഫ്കക്കുള്ളില്‍ നില്‍ക്കില്ല എന്ന് മനസ്സിലാക്കിയ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സോഹന്‍ലാലും വീണ്ടും ഫെഫ്കയുടെ വനിതകളുടെ കൂട്ടായ്മയാണെന്ന് വിളിച്ചുവരുത്തി ഫെഫ്ക അണ്ടറിലുള്ള 21 യൂണിയനിലെ സെക്രട്ടറിമാരെയും പ്രസിഡണ്ടിനെയും ഉള്‍പ്പെടുത്തി(സെക്രട്ടറിയും പ്രസിഡണ്ടും പുരുഷന്മാരായിട്ടുള്ളവരാണ്)ഇവരെ വീണ്ടും അപമാനിച്ചു. ഇതില്‍ ബി.ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഇരകളുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളുമല്ല. മറിച്ച് അവരുടെ വീര സാഹസിക കഥകള്‍ ആയിരുന്നു.

ആ പ്രസംഗത്തില്‍ സഹപ്രവര്‍ത്തകയായ സ്ത്രീകള്‍ അസഹിഷ്ണു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അതിനുശേഷം ഭാഗ്യലക്ഷ്മി എന്ന് പറയുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സംസാരിക്കുവാന്‍ തുടങ്ങി. പരാതി കൊടുത്ത സ്ത്രീകളെ അത്രയും പുരുഷന്മാരുടെയും സ്ത്രീകളുടെയും മുമ്പില്‍വെച്ച് അപമാനിക്കുകയും മാനഹാനി വരുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു.അവര്‍ പറയുന്ന ഒരു വാക്ക് (മലര്‍ന്നു കിടന്ന് തുപ്പരുത് )എന്ന് പറഞ്ഞതിന്റെ പേരില്‍ വാക്ക് തര്‍ക്കം ഉണ്ടായി. അവരെ പ്രസംഗിക്കാന്‍ അനുവദിക്കാതെ ആ മീറ്റിംഗ് അവിടെ അലസി പിരിഞ്ഞു. രണ്ടുദിവസത്തിനുശേഷം ഭാഗ്യലക്ഷ്മിയെ അനുകൂലിക്കുന്ന രണ്ടുമൂന്നു സ്ത്രീകളെ ക്ലാസ്സ് കൊടുത്ത് പത്രസമ്മേളനം നടത്തി വീണ്ടും അവര്‍ അധിക്ഷേപിക്കുകയും അവരെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുകയും അവരെ ആത്മഹത്യയുടെ വക്കിലേക്ക് നയിക്കുകയും ചെയ്തു.

അതിജീവിതകളായിട്ടുള്ള വ്യക്തികളുടെ കാര്യങ്ങള്‍ തിരക്കുകയോ അവരവര്‍ക്ക് മാനസികമായി പിന്തുണ കൊടുക്കുകയോ ചെയ്യാതെ അവരെ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കി ഒറ്റപ്പെടുത്തി ഈ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയിട്ടുള്ള ഭാഗ്യലക്ഷ്മി എങ്ങനെയാണ് നമ്മുടെ നേതൃസ്ഥാനത്ത് കാണുന്നത്. പുതിയ വനിതാ സംഘടന രൂപീകരിച്ചത് ഇവിടെയുള്ള പെര്‍മനന്റ് മെമ്പര്‍ ആയിട്ടുള്ള ഒരു സ്ത്രീകളും അറിഞ്ഞിട്ടില്ല. വരുടെ എല്ലാവിധ തോന്ന്യവാസത്തിനും കൂട്ടുനില്‍ക്കുന്ന കുറച്ച് സ്ത്രീകളെ മാത്രം അറിയിച്ചുകൊണ്ട് രൂപീകരിച്ചതാണ് ഈ സംഘടന. മേക്കപ്പ് യൂണിയനില്‍ റേഡിയോ പോലെ കേള്‍ക്കാന്‍ മാത്രമുള്ള ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ. അതിനാല്‍ അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തത് കൊണ്ട് മറ്റൊരു മേക്കപ്പ് മാന്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഇതില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ഇതില്‍ കമ്മിറ്റി അംഗങ്ങള്‍ ആയിട്ടുള്ള വ്യക്തികള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനെ തുടര്‍വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞ ഒരു കാര്യത്തെ കൂട്ടുപിടിച്ച് സെക്രട്ടറി എന്നെ പുറത്താക്കുകയും എന്റെ തൊഴില്‍ നിഷേധിക്കുകയും എന്നെ തൊഴില്‍ ചെയ്യാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇത്തരത്തിലുള്ള ഹീനമായ പ്രവര്‍ത്തികള്‍ ആണ് ഈ മേക്കപ്പ് യൂണിയന്‍ സെക്രട്ടറി ചെയ്തുകൊണ്ടിരിക്കുന്നത്. പരാതിക്കാരികളായ വ്യക്തികളെ പുറത്താക്കുകയും പ്രതികളായിട്ടുള്ള വ്യക്തികളെ സംരക്ഷിച്ചുകൊണ്ട് അവര്‍ക്ക് തൊഴില്‍ കൊടുത്തു കൊണ്ടും സംഘടനാ വിരുദ്ധ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. തെളിവുകളോടുകൂടിയുള്ള പരാതികളാണ് ഈ സ്ത്രീകള്‍ കൊടുത്തിട്ടുള്ളത്. നമ്മളുടെ ഗവണ്‍മെന്റ് ഒരുവശത്ത് സ്ത്രീ സുരക്ഷിതയ്ക്ക് വേണ്ടി മുറവിളി കൂട്ടുമ്പോള്‍ ഈ സിനിമാ സംഘടനയിലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകളെ വളരെ വലിയ രീതിക്ക് അപമാനിക്കുകയാണ് ഇവിടുത്തെ സംഘടനാ മേധാവികള്‍. ജോയിന്റ് സെക്രട്ടറി ആയിട്ടുള്ള സുബ്രമണ്യന്‍ മഞ്ജലി എന്ന വ്യക്തി ഒരു നാലു വയസ്സുകാരിയെ പീഡിപ്പിച്ചിട്ട് പോലും അദ്ദേഹത്തിന് ഇതുവരെ പുറത്താക്കിയിട്ടില്ല. എന്താണ് സ്ത്രീ സുരക്ഷിതത്വം എന്ന് ഇവര്‍ വിചാരിക്കുന്നത്. പേടി കൂടാതെ എന്നാണ് നമുക്ക് ജോലി ചെയ്യാന്‍ കഴിയുക? സാധാരണക്കാരിയായ ഒരു സ്ത്രീയുടെ തുറന്നു പറച്ചിലാണ് എല്ലാവരും ഇത് ഷെയര്‍ ചെയ്യണം ദാരിദ്ര്യത്തിന്റെ കൊടുമുടിയിലും ആത്മഹത്യയുടെ വക്കിലും ആണ്.