മലപ്പുറം: മഹാമാഘ മഹോത്സവത്തില്‍ സജീവമായി കാണുന്ന സ്വാമിനി അവന്തിക ഭാരതി. മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയ്ക്കൊപ്പം സജീവമായി കാണുന്ന സ്വാമിനി ആര് എന്നാണ് ഏവരും തിരഞ്ഞത്. ജെ. എന്‍. യു. യൂണിവേഴ്സിറ്റിയിലെ മുന്‍കാല എസ്. എഫ്. ഐ. നേതാവും പ്രശസ്ത സിനിമാതാരത്തിന്റെ സഹോദരിയുമാണ് ഇന്ന് അവന്തിക ഭാരതി എന്നറിയിപ്പെടുന്ന സ്വാമിനി. സന്യാസി സമൂഹമായ ജുന അഖാഢയുടെ നേതൃത്വത്തിലാണ് മാഘ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അഖാഢയുടെ മഹാമണ്ഡലേശ്വര്‍ ആയ സ്വാമി ആനന്ദവനം ഭാരതിയാണ് കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന മാഘമഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്. ഇദ്ദേഹം പൂര്‍വ്വാശ്രമത്തില്‍ തൃശ്ശൂര്‍ ജില്ല എസ്. എഫ്. ഐയുടെ വൈസ് പ്രസിഡന്റായിരുന്നുവെന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കേരളത്തില്‍ നിന്നുള്ള മഹാമണ്ഡലേശ്വറായി പ്രയാഗ്രാജില്‍ നടന്ന കുഭംമേളയില്‍ തെരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ മഹോത്സവം നടക്കുന്നത്. 271 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിന്നു പോയ ആഘോഷം ഭാരതപ്പുഴയുടെ തീരത്ത് പുനര്‍ജനിക്കുമ്പോള്‍ ആദ്ധ്യാത്മിക രംഗത്ത് പുതിയൊരു ചരിത്രം കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്. അതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ പുര്‍വ്വാശ്രമത്തിലെ രണ്ട് എസ്. എഫ്. ഐ. നേതാക്കളെന്നത് ചരിത്രം നിയോഗവും.



സിനിമാതാരം നിഖില വിമലിന്റെ സഹോദരിയാണ് അവന്തിക ഭാരതി. ഒരു വര്‍ഷം മുന്‍പാണ് ജൂനാ പീഠാധീശ്വര്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും സന്യാസം സ്വീകരിച്ചത്. ശാസ്ത്രാധ്യയനത്തില്‍ അഭിനവ ബാലാനന്ദഭൈരവയുടെ ശിഷ്യയാണ്. കലാമണ്ഡലം വിമല ദേവിയുടെയും എം. ആര്‍. പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാത പിന്തുടര്‍ന്ന് രണ്ട് പേരും നൃത്തം പഠിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ജെ. എന്‍. യു. യൂണിവേഴ്സിറ്റിയില്‍ തീയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തീയേറ്റര്‍ ആന്റ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു. ഏറെ വര്‍ഷക്കാലം അദ്ധ്യാത്മിക പാത പിന്തുടര്‍ന്ന അവര്‍ സന്യാസ ദീക്ഷ സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ മാഘമഹോത്സവത്തില്‍ സജീവയാണ്.

മഹാമാഘ മഹോത്സവത്തില്‍ വിവിധ മഠങ്ങളിലെയും ആശ്രമങ്ങളിലെയും സന്യാസിമാര്‍ വിവിധ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നു. നിള ആരതിയാണ് എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങ്. നിള നദിയില്‍ സ്നാനം ചെയ്യുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ചരിത്രവും പൗരാണികവുമായ ഒട്ടേറെ സവിശേഷതകള്‍ ചേര്‍ന്ന് ഭൂമിയാണിത്. ബ്രഹ്‌മദേവന്റെ യാഗഭൂമിയാണ് തിരുനാവായ മണപ്പുറം എന്നും ഭാരതപുഴ ത്രിമൂര്‍ത്തികളുടെ സംഗമ സ്ഥാനമെന്നുമാണ് വിശ്വാസം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാഘം നടന്നിരുന്ന വേദിയാണിത്. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്ത് 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടെ മഹാമാഘം എന്ന പേരില്‍ ഉത്സവം നടന്നിരുന്നുവത്രേ.

ഒരു കാലത്ത് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലുള്ള സ്ഥലമായിരുന്നു തിരുനാവായ. ഭാരതപുഴയുടെ തീരത്ത് വച്ചായിരുന്നു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മാമാങ്കം നടന്നിരുന്നത്. മാഘമാസത്തിലെ ശുക്ല പക്ഷത്തിലെ മകം നാളിലാണ് മാമാങ്കം. ഒത്തു ചേരലിനും ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നതിനുമായാണ് മാമാങ്കം നടത്തിയിരുന്നത്. കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരക്ഷ സ്ഥാനം ഏറ്റെടുത്തതോടെ നിരവധി ചാവേര്‍പടകള്‍ അരിഞ്ഞുവീഴപ്പെട്ട സ്ഥലം കൂടിയെന്നതാണ് ചരിത്രപരമായ പ്രത്യേകത. രാവിലെ മുതല്‍ മണപ്പുറം ഭക്തിമന്ത്രങ്ങളാല്‍ മുഖരിതമാകും. ലക്ഷകണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്നു. നാവാമുകുന്ദ ക്ഷേത്ര സന്നിധിയില്‍ നിന്നും ഭക്തര്‍ക്ക് എത്തിച്ചേരുന്നതിനായി നിള നദിക്ക് കുറുകെ താല്‍ക്കാലിക പാലം നിര്‍മ്മിച്ചിട്ടുണ്ട്. പോലീസിന്റെയും സംഘടകരുടെയും സുരക്ഷ നിരീക്ഷണത്തിലാണ് പാലത്തിലൂടെയുള്ള യാത്ര.



ഭാരതപുഴയുടെ ഹൃദയഭാഗത്തായി പ്രത്യേകം തയ്യാറാക്കിയ 7 ഘട്ടുകളില്‍ വൈകുന്നേരത്തോടെ എല്ലാ ദിവസവും വൈകിട്ട് നിള ആരതി നടത്തും. കാശിയിലെ ദാശാശ്വമേധ ഘട്ടിലെ ഗംഗ ആരതി നിര്‍വഹിക്കുന്ന പണ്ഡിറ്റുകളാണ് ഇവിടെയും ആരതി നടത്തുന്നത്. പുണ്യസ്ാനനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഓരോ ദിവസവും സവിശേഷമായ ചടങ്ങുകള്‍ നടക്കും. മാഘമാസത്തിലെ മകം നാളായ ഫെബ്രുവരി മൂന്നിന് രാവിലെ നടക്കുന്ന അമൃതസ്നാനത്തോടെയും യതിപൂജയോടെയും മഹോത്സവം സമാപിക്കും.