തിരുവനന്തപുരം:മദ്യപർക്കിടയിൽ ജവാൻ റമ്മിനുള്ള ഡിമാൻഡ് മനസ്സിലാക്കിക്കൊണ്ട് ജവാൻ മോഡലിൽ മറ്റ് ബ്രാൻഡുകളുമിറക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.അടിക്കടിയുള്ള മദ്യവിലവർധനവിന് ഇടയിലും സാധാരണക്കാരായ മദ്യ ഉപഭോക്താക്കൾക്ക് ആശ്വാസമായി മാറുന്നത് ജവാൻ പോലെയുള്ള വിലകുറഞ്ഞ മദ്യ ബ്രാൻഡുകളാണ്.ഇത് മനസ്സിലാക്കിക്കൊണ്ടാണ് പാലക്കാട് സർക്കാർ ഉടമസ്ഥതയിലുള്ള ഡിസ്റ്റലറിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മറ്റൊരു ജനപ്രിയ ബ്രാൻഡിറക്കാൻ സർക്കാർ ഒരുങ്ങുന്നത്.ജവാൻ മോഡലിൽ റമ്മിന് പകരം മലബാർ ബ്രാൻഡിയാകും പുറത്തിറങ്ങുക.സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡി ഓണത്തിന് മുമ്പ് വിപണിയിൽ എത്തിക്കുമെന്നാണ് ബിവറേജസ് കോർപ്പറേഷൻ എംഡി യോഗേഷ് ഗുപ്ത വ്യക്തമാക്കിയത്.

വില കുറഞ്ഞ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചും സർക്കാർ മേഖലയിൽ മദ്യത്തിന്റെ ഉത്പാദനം കൂട്ടാനും ലക്ഷ്യമിട്ടാണ് മലബാർ ബ്രാൻഡിയുടെ നിർമ്മാണം.ഇതിനായി പാലക്കാട് ചിറ്റൂരിൽ ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസം തുടങ്ങും.കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.

പൂട്ടിപ്പോയ ചിറ്റൂർ ഷുഗർ മില്ലാണ് ഡിസ്റ്റിലറിയായി മാറ്റുന്നത്.മദ്യ ഉൽപാദനത്തിന് വേണ്ട സർക്കാർ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായിക്കഴിഞ്ഞു.പ്ലാന്റ് നിർമ്മാണം 2023 മാർച്ചിന് മുൻപ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. മാസത്തിൽ 3.5 ലക്ഷം കെയ്സ് ബ്രാൻഡി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ആദ്യ ഘട്ടത്തിൽ അഞ്ച് ഉൽപാദന ലൈനുകൾ സജ്ജമാക്കും. അടുത്ത വർഷം ഓണത്തോടെ മലബാർ ബ്രാൻഡി വിപണിയിലെത്തും. 20 കോടി രൂപയാണ് ഡിസ്റ്റിലറി നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. സഹകരണ മേഖലയിൽ 1965ലാണ് ചിറ്റൂർ ഷുഗർ മിൽ പ്രവർത്തനം തുടങ്ങിയത്. 2003ൽ പ്രവർത്തനം നിർത്തിയ സ്ഥാപനം മറ്റൊരു രൂപത്തിൽ തിരിച്ചുവരികയുമാണ്.

തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാൻ ഒരു ലിറ്ററിന് 600 രൂപയാണ് വില.ദിവസ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബജറ്റിൽ ഒതുങ്ങുമെന്നതിനാൽ മിക്ക ബിവറേജസ് ഔട്ലറ്റുകളിലും ജവാൻ ലോഡ് എത്തി അധികം വൈകാതെ തന്നെ ഇവ വിറ്റ് തീരുകയാണ് പതിവ്. 'ജവാൻ ഇല്ല' എന്ന ബോർഡ് പ്രദർശിപ്പിക്കൽ ബിവറേജുകളിലെ പതിവ് കാഴ്‌ച്ചയുമാണ്. ഇത് കണക്കിലെടുത്താണ് ജനപ്രിയ റമ്മിന് പിന്നാലെ ജനപ്രിയ ബ്രാൻഡിയും രംഗത്തിറങ്ങാനുള്ള തീരുമാനം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.ഇതോടൊപ്പം തന്നെ ജവാൻ റമ്മിന്റെ ഉദ്പാദനം കൂട്ടുമെന്നും ബിവറേജസ് കോർപ്പറേഷൻ എംഡി വ്യക്തമക്കി.