മലപ്പുറം: ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോഴാണ് ഭർത്താവിന് ഭാര്യയെ സംശയം തോന്നിത്തുടങ്ങിയത്. മകന്റെ പിതൃത്വം പിതാവ് സംശയിച്ചതിൽ മാനസികമായി തകർന്ന അമ്മയ്ക്ക് കേരള വനിതാ കമ്മിഷന്റെ ഇടപെടലിലൂടെ ആശ്വാസം. വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ ഡിഎൻഎ പരിശോധന നടത്തി പിതൃത്വം തെളിയിക്കുകയായിരുന്നു അവർ.

ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോഴാണ് ഭർത്താവിന് ഭാര്യയെ സംശയം തോന്നിത്തുടങ്ങിയത്. അതോടെ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കാൻ നിർബന്ധിതയായ ഭാര്യ ഇതു സംബന്ധിച്ച കമ്മിഷന് പരാതി നൽകിയിരുന്നു. പിതൃത്വ നിർണയം നടത്തിയാൽ ഭാര്യയെയും കുട്ടികളെയും കൂട്ടികൊണ്ട് പോകാം എന്ന് അറിയിച്ചപ്പോഴാണ് കമ്മിഷൻ ഡിഎൻഎ പരിശോധനക്കായി രാജീവ് ഗാന്ധി സെന്റര് ഫോർ ബയോ ടെക്‌നോളജിയിലേക്ക് കക്ഷികളെ അയച്ചത്. കുട്ടിയെ എടുത്തു മുത്തം നൽകിയ ഭർത്താവിനെ നോക്കി നിറഞ്ഞ കണ്ണുകളോടെ പരാതിക്കാരിയായ ഭാര്യ നിൽക്കുമ്പോൾ അത് കണ്ട കമ്മിഷൻ ചെയർപേഴ്സണും അഭിമാനവും ഒപ്പം ആശ്വാസവും.

ഈ പരാതി ഉൾപ്പെടെ അദാലത്തിൽ 13 പരാതികളാണ് തീർപ്പാക്കിയത്. ആകെ 51 പരാതികളാണ് പരിഗണിച്ചത്. ആറ് എണ്ണത്തിൽ വിശദമായ റിപ്പോർട്ട് തേടി. ആരോഗ്യകരമായ ദാമ്പത്യത്തിനായി ബോധവത്ക്കരണം അനിവാര്യമാണെന്ന് സംസ്ഥാന വനിതാകമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി പി ന്നീട് പറഞ്ഞു. ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച പരാതികളാണ് പരിഗണിച്ചവയിൽ അധികവും. ഭാര്യാ-ഭർത്തൃ ബന്ധങ്ങളിലെ വിള്ളലുകൾ ഏറി വരുന്നതായാണ് ഇത്തരം പരാതികളിലൂടെ മനസിലാകുന്നതെന്നും കമ്മിഷൻ പറഞ്ഞു.

സ്ത്രീ വിരുദ്ധമായ പ്രവണതകൾ സമൂഹത്തിൽ വ്യാപകമായ സാഹചര്യത്തിൽ ബോധവത്ക്കരണം ആവശ്യമാണെന്നും അഡ്വ. പി. സതീദേവി ചൂണ്ടിക്കാണിച്ചു.ഗാർഹിക ചുറ്റുപാടിലുള്ള പരാതികളും സിവിൽ സ്വഭാവമുള്ള പരാതികളും ആർഡിഒ കോടതി പരിഗണിക്കേണ്ട പ്രശ്‌നങ്ങളും കമ്മിഷന് മുൻപാകെ ലഭിച്ചു. കമ്മിഷന്റെ അധികാര പരിധിയിൽ വരാത്തവ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും കമ്മിഷൻ അറിയിച്ചു. വൃദ്ധജനങ്ങൾക്ക് മക്കളിൽ നിന്ന് സംരക്ഷണം ലഭിക്കാത്തത് സംബന്ധിച്ച പരാതികൾ വർധിച്ചു വരുന്നതിൽ കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു.

മുതിർന്നവരെ സംരക്ഷിക്കാൻ ഇന്നത്തെ സമൂഹം വിമുഖത കാട്ടുന്നുവെന്നും കമ്മിഷൻ നിരീക്ഷിച്ചു. ഇത്തരം പ്രശ്നങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തും. സ്ത്രീ സംരക്ഷണത്തിനായി നിയമങ്ങൾ ഉണ്ടെങ്കിലും അതിന്റെ കൃത്യമായ പരിരക്ഷ സ്ത്രീകൾക്ക് ലഭ്യമാകുന്നില്ലെന്നും പരാതികാർക്ക് നീതി ഉറപ്പാക്കുകയാണ് വനിതാ കമ്മിഷന്റെ ലക്ഷ്യമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കി പരാതികളുടെ തുടക്കത്തിൽ തന്നെ പരിഹാരമുണ്ടാക്കാനുള്ള ശ്രമം നടത്തും.

ഇതിനായി ജാഗ്രതാ സമിതികൾക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടത്തിയിട്ടുണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതികൾക്ക് കമ്മീഷൻ നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.തദ്ദേശഭരണ വകുപ്പ് മുഖേനെയാണ് അപേക്ഷ സ്വീകരിക്കുക. കൃത്യമായി പരാതികൾ കൈകാര്യം ചെയ്യുന്നത്, എത്രത്തോളം പരാതി കൈകാര്യം ചെയ്തു തുടങ്ങിയവ മാനദണ്ഡമാക്കിയാണ് അവാർഡ്. ജില്ലാ പഞ്ചായത്തു തലത്തിലെ ജാഗ്രതാ സമിതിയാണ് ഇക്കാര്യം പരിശോധിക്കുക.

ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിങ്ങനെ നാലു തലങ്ങളിൽ ജാഗ്രതാ സമിതികൾക്ക് അവാർഡുകൾ നൽകും. വനിതാ ദിനത്തിലാണ് (മാർച്ച് എട്ട്) അവാർഡ് നൽകുക. കമ്മിഷൻ അംഗം വി.ആർ. മഹിളാമണി, ഡയറക്ടർ പി.രാജീവ്, അഡ്വക്കറ്റ്മാരായ പി.ഷീന, ബീന, സുകൃതകുമാരി, കൗൺസിലർ ശ്രുതി നാരായണൻ, നിഷ, എസ്‌പി.സി. ഒ ഹബീബ തുടങ്ങിയവർ പങ്കെടുത്തു.