- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുരുവായൂരപ്പൻ എല്ലാം ഭംഗിയായി നടത്തി തന്നെന്ന് ജയറാം
ഗുരുവായൂർ: ഗുരുവായൂരപ്പൻ എല്ലാം ഭംഗിയായി നടത്തി തന്നതിന്റെ ആശ്വാസത്തിലും, സന്തോഷത്തിലുമാണ് ജയറാം. ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹം ഇന്ന് പുലർച്ചെ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് നടന്നത്. പാലക്കാട് സ്വദേശിയായ നവനീത് മാളവികയുടെ കഴുത്തിൽ മിന്നുകെട്ടി.
'ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷങ്ങളിൽ ഒന്നാണ് ഇത്. അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ സാധിക്കില്ല. ഗുരുവായൂരപ്പൻ എല്ലാം ഭംഗിയായി നടത്തി തന്നു. അതുതന്നെ ഏറ്റവും വലിയ സന്തോഷം. ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണിത്. ഗുരുവായൂരപ്പന് മുന്നിൽ 32 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ വിവാഹിതരായി. ഇപ്പോൾ മകളുടെ വിവാഹവും ഇതേനടയിൽ', എന്നാണ് പാർവതിയും ജയറാമും പറഞ്ഞത്.
കഴിഞ്ഞ വർഷം ആണ് നവനീതിന് ഒപ്പമുള്ള മാളവികയുടെ ഫോട്ടോ പുറത്തുവന്നത്. പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. നവനീത് ഇനി തന്റെ മകനാണെന്ന് കുറിച്ച് കൊണ്ടാണ് ജയറാം മരുമകനെ പരിചയപ്പെടുത്തിയതും. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം.
ഗോൾഡൻ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് മാളവിക മണ്ഡപത്തിലെത്തിയത്. ഇതിനൊപ്പം നിറയെ ഗ്ലാസ് വർക്കുകളുള്ള ബ്ലൗസാണ് പെയർ ചെയ്തത്. പിന്നിയിട്ട മുടിയും മുല്ലപ്പൂവും ആഭരണങ്ങളും ചേർന്നതോടെ മാളവികയുടെ ലുക്ക് പൂർണമായി.
ഗോൾഡൻ നിറത്തിലുള്ള കുർത്തയും വീതിയുള്ള കസവ് ബോർഡറുള്ള മുണ്ടും ഷാളുമായിരുന്നു വരൻ നവനീതിന്റെ വേഷം. വിവാഹ വേദിയിൽ കുടുംബത്തോടൊപ്പം എത്തിയ നവനീതിനെ ആരതിയുഴിഞ്ഞ്, കുറി തൊട്ട് പാർവതി സ്വീകരിച്ചു. കാൽ കഴുകിയ കാളിദാസന് നവനീത് സമ്മാനം നൽകി. തുടർന്ന് ഇരുവരും ആലിംഗനം ചെയ്തു. കവിളിൽ ചുംബിച്ചാണ് മരുമകനെ ജയറാം സ്വീകരിച്ചത്.
ഓപ്പൺ കാറിൽ വേദിയിൽ വന്നിറങ്ങിയ മാളവികയെ വേദിയിലേക്ക് ആനയിച്ചത് സഹോദരനും നടനുമായ കാളിദാസും അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ സുഷിൻ ശ്യാമും ചേർന്നാണ്. വേദിയിൽ മാളവികയും നവനീതും പരസ്പരം മാലയിട്ട് മാതാപിതാക്കളുടെ കാൽതൊട്ട് ആശിർവാദം വാങ്ങി.
മാളവികയുടെ വിവാഹവിരുന്നിൽ പങ്കെടുത്തത് വൻ താരനിരയായിരുന്നു. ഗുരുവായൂരിലെ താലികെട്ടൽ ചടങ്ങിന് ശേഷം തൃശ്ശൂർ ഹയാത്തിൽ സംഘടിപ്പിച്ച വിരുന്നിൽ ചലച്ചിത്ര, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. രാവിലെ 10.30 മുതലാണ് വിരുന്ന് തുടങ്ങിയത്. റിസപ്ഷനിലെ ശ്രദ്ധാകേന്ദ്രം ദിലീപിന്റെ മകൾ മീനാക്ഷിയായിരുന്നു. ഗോൾഡൻ നിറത്തിലുള്ള സാരിയും സ്ലീവ്ലെസ് ബ്ലൗസും മീനാക്ഷിയെ മനോഹരിയാക്കി. പേസ്റ്റൽ പിങ്ക് നിറത്തിലുള്ള സാരിയായിരുന്നു കാവ്യയുടെ വേഷം.
മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, നടൻ മോഹൻലാൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, ഭാര്യ രാധിക, നടൻ ദിലീപ്, ഭാര്യയും നടിയുമായ കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, സംവിധായകൻ സത്യൻ അന്തിക്കാട്, ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ഗോകുലം ഗോപാലൻ തുടങ്ങിയവർ ചടങ്ങിനെത്തി. വിവാഹത്തിനായി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന യൂസഫ് അലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.