പത്തനംതിട്ട: സർക്കാർ ഉത്തരവുകളിൽ നിരന്തരം തെറ്റുകൾ കടന്നു കൂടുന്നുവെന്ന് ആക്ഷേപം. 2017 മെയ്‌ ഒന്നുമുതൽ ഭരണഭാഷ മലയാളമാക്കിയ സംസ്ഥാനത്ത് സർക്കാർ ഉത്തരവുകളിൽ ഭാഷയെ അക്ഷരത്തെറ്റുകൾകൊണ്ട് കളങ്കപ്പെടുത്തുന്നു. വായിക്കാൻ അറിയാത്തവർ ഉത്തരവുകൾ തയ്യാറാക്കുന്നതാണ് ഇതിന് കാരണം. ഭാഷയെ വികൃതമാക്കുന്നതിന് സർക്കാർ കൂട്ടുനിൽക്കുന്നത് ലജ്ജാകരമാണെന്ന് ഐക്യമലയാള പ്രസ്ഥാനം കൺവീനർ ആർ. നന്ദകുമാർ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിക്ക് പോർട്ടലിന് പകരം പോർട്ടർ. സംസ്ഥാനത്ത് കുടിവെള്ളക്ഷാമത്തിന് പകരമുള്ളത് കുടിവെള്ളകാമം. മാർച്ച് ആറിന് തദ്ദേശസ്വയംഭരണവകുപ്പ് ഇറക്കിയ ഉത്തരവിലാണ് കുടിവെള്ളക്ഷാമം എന്നതിനുപകരം കുടിവെള്ളകാമം എന്ന് വന്നത്. തദ്ദേശ സ്വയംഭരണ ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവാണിത്. 'കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽനിന്ന് തുക ചെലവിടാൻ അനുമതി നൽകുന്നതിനുള്ള ഉത്തരവാണിത്. ഇതിലെ തെറ്റ് സാമൂഹിക മാധ്യമത്തിലൂടെ പ്രചരിച്ചു. പിന്നീട് തിരുത്തി. തിരുത്തിയ ഉത്തരവ് വകുപ്പിന്റെ വെബ്സൈറ്റിലിട്ടപ്പോൾ ഭരണഭാഷ- മാതൃഭാഷ എന്നത് എടുത്തുകളഞ്ഞു.

2021-ലാണ് മുഖ്യമന്ത്രിക്ക് വിദ്യാഭ്യാസ വകുപ്പ് 'പോർട്ടറെ' ഏർപ്പാടാക്കിയത്. പാലക്കാട് ജില്ലയിലെ ഒരു അദ്ധ്യാപിക മുഖ്യമന്ത്രിയുടെ പോർട്ടലിൽ നൽകിയ അപേക്ഷ തീർപ്പാക്കിയതാണ് വിഷയം. ''പോർട്ടറി''ൽ നൽകിയ അപേക്ഷ എന്നാണ് സൂചികയിൽ ഉപഡയറക്ടർ ചേർത്തത്. അല്പംകൂടി കടുത്ത പ്രയോഗമാണ് പിന്നാലെ ഉണ്ടായത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പോർട്ടിലാണ് അദ്ധ്യാപിക അപേക്ഷ സമർപ്പിച്ചതെന്ന് അതിലുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ, സർക്കാർ ഹൈസ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ സ്ഥലംമാറ്റത്തിന് അപേക്ഷ നൽകാൻ ഇറക്കിയ ഉത്തരവിൽ ഹൃദ്രോഗത്തെ ഹൃദ്രോഹമാക്കി. അങ്ങനെ പോകുന്നു തെറ്റുകൾ.

2022-ലെ ഓണാഘോഷത്തിന് തിരുവനന്തപുരം നഗരത്തിൽ അവധി നൽകിക്കൊണ്ടുള്ള ഉത്തരവിലും തെറ്റുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം 'വിദ്യാഭാസ' സ്ഥാപനങ്ങൾക്ക് അവധി നൽകിയായിരുന്നു ഉത്തരവ്. ഇതേ ഉത്തരവിൽ തന്നെ 'വിദ്യാഭ്യസം'എന്നും പറയുന്നുണ്ട്. ഇതോടെ ശ്രദ്ധിക്കണമെന്ന നിർദ്ദേശം വന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. ഭരണഭാഷയിലെ കൃത്യമായ മലയാളവാക്കുകൾക്ക് സർക്കാർ വെബ്സൈറ്റുതന്നെയുണ്ട്. വിലാസം www.glossary.kerala.gov.in. എന്നാൽ, ഇത് ആരും നോക്കുന്നില്ലെന്നതാണ് വസ്തുത.