കൊച്ചി: മലയാള സിനിമാ വ്യവസായത്തിലെ ലഹരി മാഫിയക്ക് പിടിവീഴുമോ? പൊലീസ് കൂടുതൽ നടപടികൡലേക്ക് കടക്കുകയാണ്. നിർമ്മാതാക്കൾ അടക്കമുള്ളവർ ലഹരിക്കെതിരെ കർശന നിലപാട് സ്വീകരിച്ചു കഴിഞ്ഞു. ഇതോടെ പൊലീസും വിഷയത്തിൽ ഇടപെടുമെന്നും തടയാൻ നടപടികളുമായി മുന്നോട്ടു പോകുമെന്നും വ്യക്തമാക്കി കഴിഞ്ഞു. ടിനി ടോം നടത്തിയ പ്രസ്താവനയെ തുടർന്നാണ് സിനിമാ രംഗത്തെ ലഹരി ഉപയോഗം കൂടുതൽ ചർച്ചയായിരിക്കുന്നത്.

അതേസമയം സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന തള്ളി ധ്യാൻ ശ്രീനിവാസൻ. ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാൻ പറഞ്ഞു. 'ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കിൽ അവൻ ഉപയോഗിക്കില്ല, അത്രേ ഉള്ളൂ', ധ്യാൻ പറഞ്ഞു.

ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയിൽ അഭിനയിക്കാൻ വിട്ടില്ലെന്നായിരുന്നു ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാൻ വിടാത്തതെന്ന് ടിനി പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവത്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

'സിനിമയിൽ ഒരു വലിയ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാൻ എന്റെ മകന് അവസരം ലഭിച്ചു. പക്ഷേ, മകനെ സിനിമയിൽ അഭിനയിക്കാൻ വിടാൻ പറ്റില്ലെന്ന് എന്റെ ഭാര്യ പറഞ്ഞു. മയക്കുമരുന്നിനെക്കുറിച്ചായിരുന്നു ഭയം. 17-18 വയസ്സിലാണ് കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു. യുവാക്കളെ നശിപ്പിക്കുന്ന മഹാമാരിയാണ് ലഹരി. ഇതിനെതിരേ യുവാക്കളാണ് മുന്നിൽ നിൽക്കേണ്ടത്. കല നമ്മുടെ ലഹരിയായി മാറട്ടെ, എന്നായിരുന്നു ടിനി ടോം പറഞ്ഞത്.

അതേസമയം ലഹരി ഉപയോഗമുണ്ടെന്ന പരാതിയിന്മേൽ സിനിമാ ലൊക്കേഷനുകളിൽ പരിശോധന കർശനമാക്കുമെന്ന പൊലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് നിർമ്മാതാവ് സുരേഷ് കുമാർ. ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ പക്കൽ ലഹരി ഉപയോഗിക്കുന്ന സിനിമക്കാരുടെ പട്ടികയുണ്ടെന്നും അതുകൊണ്ട് നടപടി എടുക്കാമെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

'ലഹരിയുടെ കാര്യത്തിൽ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എത്ര വലിയ ആർട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാൽ മാറ്റി നിർത്തും. ഇക്കാര്യം 'അമ്മ'യുമായി ഒക്കെ ആലോചിച്ചെടുത്ത തീരുമാനമാണ്. പൊലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പൊലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ സെറ്റിന് ആവശ്യമില്ല- സുരേഷ് കുമാർ പറഞ്ഞു.

ആരൊക്കെ ഉപയോഗിക്കുമെന്ന് എല്ലാവർക്കും അറിയമെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. ഉപയോഗിക്കുന്നവർ സൂക്ഷിച്ചാൽ അവർക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്. ഇപ്പോൾ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോണം. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. ലഹരി ഉപയോഗിച്ച് തോന്ന്യവാസം കാണിക്കാനുള്ള സ്ഥലമല്ലിത്. പൊലീസിനും സർക്കാരിനും വേണ്ടുന്ന പൂർണ പിന്തുണ ഞങ്ങളുടെ ഭാഗത്ത്നിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല'- സുരേഷ് കുമാർ പറഞ്ഞു.

സിനിമാ ലൊക്കേഷനുകളിൽ ലഹരി ഉപയോഗമുണ്ടെന്ന പരാതിയിൽ പരിശോധന കർശനമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ അറിയിച്ചിരുന്നു. ലൊക്കേഷനുകളിൽ ഷാഡോ പൊലീസിന്റെ സാന്നിധ്യമുണ്ടാകുമെന്നും നിയമലംഘകർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ചേർന്നിരുന്നതായും കമ്മിഷണർ പറഞ്ഞു. സിനിമാ രംഗത്തുനിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട്. ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും തുടങ്ങി വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.