കൊച്ചി: മലയാള സിനിമയിൽ ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നീ യുവനടന്മാരുമായി ഇനി സഹകരിക്കില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രഖ്യാപിച്ചിരിക്കുകയാണ്. കാരണം വേറൊന്നുമല്ല, സെറ്റിലെ ഈ ന്യൂജെൻ താരങ്ങളുടെ നിസ്സഹകരണം തന്നെ. സെറ്റിൽ വൈകി വരിക, മൂഡില്ല എന്നുപറഞ്ഞ് സീൻ ചെയ്യാൻ വിസ്സമ്മതിക്കുക, അതുവഴി മറ്റുനടീനടന്മാർക്ക് അസൗകര്യം ഉണ്ടാക്കുക, നിർമ്മാതാവിന് വലിയ നഷ്ടം വരുത്തുക,  ഷൂട്ടു ചെയ്ത ഭാഗങ്ങൾ കാണണം എന്ന പിടിവാശി, തന്റെ മൂല്യത്തേക്കാൾ വലിയ തുക ചോദിക്കുക ഇതൊക്കെയാണ് ഷെയിൻ നിഗത്തിന് എതിരായ ആരോപണങ്ങൾ. ഷെയിൻ നിഗവും രണ്ടുനിർമ്മാതാക്കളും തമ്മിൽ നടന്ന പഴയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായി. ആദ്യത്തേതിൽ ഇമോഷണൽ സീൻ തനിക്ക് ആ ദിവസം ചെയ്യാൻ പറ്റില്ലെന്ന് ഷെയിൻ പറയുന്നതും, നിർമ്മാതാവ് മഹാസൂബൈർ കെഞ്ചുന്നതുമാണ് രംഗം. രണ്ടാമത്തേത്, തന്റെ മൂല്യം ഇപ്പോൾ ഉയർന്നെന്നും അടുത്ത വർഷം 1 കോടി പ്രതിഫല തുക ആക്കാൻ പോകുകയാണെന്നും ഷെയിൻ പറയുന്ന സീനാണ്. മലയാള സിനിമയിൽ ഭൂരിപക്ഷം സിനിമകളും നഷ്ടത്തിലാണെന്നും, മുടക്കുമുതൽ പോലും തിരിച്ചുകിട്ടുന്നില്ലെന്നും, സൂപ്പർ താരങ്ങൾ അടക്കം സാഹചര്യം മനസ്സിലാക്കുന്നില്ലെന്നും നിർമ്മാതാക്കൾ പരാതിപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ പഴയ സംഭാഷണങ്ങൾ പ്രസക്തമാകുന്നത്.

മഹാസുബാറുമായി ഷെയിൻ നിഗത്തിന്റെ ആദ്യ സംഭാഷണം( 2019)

ഇമോഷണൽ സീനാ..ചെയ്യാൻ പറ്റില്ല...ആള് മരിച്ചിട്ടുകിടക്കുന്ന സീനല്ലേ...എങ്ങനെയാണ് പെട്ടെന്ന് വന്നുചെയ്യണേ...അല്ലെങ്കിൽ, ഒരു കാര്യംചെയ്യണം..ഒരു 11 മണി 12 വരെ ഷൂട്ട് പ്ലാൻ ചയ്യണം..ആ സമയം കൊണ്ട് ഞാൻ ചെയ്യാം

അല്ല രാത്രി പകലത്തെ സീൻ ഉണ്ടോ?

ഏതാ..

പകലത്തെ സീനല്ലേ

അപ്പോ ഉപേക്ഷിച്ചേക്കാം, നാളെ ചെയ്യാം.

മോനേ, ഡാ..ഉഷാറായിട്ട് തീർക്കെടാ നീയൊന്ന്..കാരണം പൈസയാടാ പോകുന്നത്.

നിങ്ങൾക്ക് പറയുന്നതിൽ എന്തെങ്കിലും വിശ്വാസം ആകണില്ലേ? ഞാനീ ചെയ്യുന്നതില്..എന്തെങ്കിലും തോന്നണ്ടാ...ഞാനൊരു മനുഷ്യനാണ്

ഇന്ന് 10 മിനിറ്റത്തെ പണിയല്ലേ ഉണ്ടായുള്ളു...ഇന്ന്

10 മിനിറ്റേ എടുത്തുള്ളു..തീർന്നു പരിപാടി കഴിഞ്ഞു.

അതല്ലേ..ഞാൻ പറഞ്ഞത്..രാവിലെ ചെയ്തിരുന്നെങ്കിൽ പോവാരുന്നല്ലോന്ന്

രാത്രി ഇത്രേം യാത്ര ചെയ്ത് നാലഞ്ച് മണിക്കൂറ് യാത്ര ചെയ്ത്

എടാ രണ്ട് മണിക്കൂറല്ലേ...അടിമാലിക്ക്..മാങ്കുളത്തല്ലല്ലോ...

ശരി അടിമാലിക്ക് ഞാൻ വന്ന് സീനിൽ അഭിനയിക്കണം..പ്രഷറ് ചെയ്യരുത്..എനിക്കാ മൂഡായാലേ ഞാൻ അഭിനയിക്കുകയുള്ളു.

നീ മൂഡാക്കണം...മാനസികമായിട്ടൊന്ന് തയ്യാറാകടാ..

ഞാൻ മാനസികമായിട്ട് തയ്യാറാകാത്തതുകൊണ്ടാണോ ഇത്രയും സീനൊക്കെ അഭിനയിച്ചത്.?

എടാ..നീ അഭിനയിച്ചില്ലാന്ന് പറയുന്നില്ല..

സാധാരണഗതിയിൽ ഒരു ആക്റ്ററും എടുക്കുന്ന എഫോർട്ടല്ല., ഞാൻ പതിന്മടങ്ങ് എടുത്തിട്ടുണ്ട്..വളരെ ക്യത്യമായിട്ട് അറിയാമെനിക്ക്..മനസ്സിലായോ..

ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നതല്ല..നീ അതാദ്യം മനസ്സിലാക്കുക..കുറ്റപ്പെടുത്തുന്നതായിട്ടല്ല കാണേണ്ടത്

കുറ്റപ്പെടുത്തുന്നതല്ല...അതല്ല, കാര്യങ്ങൾ ഒരുസൈഡിൽ നിന്ന് മാത്രമായി ചിന്തിക്കരുത്..ഞാനുമൊരു മനുഷ്യനാണ്...എനിക്കൊരു കുടുംബമുണ്ട്..ഇതെല്ലാം ഉള്ള ആളാ ഞാൻ

എടാ..ഞാൻ ചോദിക്കട്ടെ...പത്ത് നൂറുപേർ നിനക്ക് വേണ്ടി കാത്തുനിൽക്കയല്ലേ..

എനിക്ക് വേണ്ടി ആരും കാത്തുനിൽക്കേണ്ട കാര്യമൊന്നുമില്ല...ഇത്രയും നാളും എനിക്ക് വേണ്ടി ആരും കാത്തുനിന്നില്ലലോ..

അങ്ങനെയല്ല..ലൊക്കേഷനിലേ...ബാറ്റ കൊടുക്കുന്നതല്ലേ...

എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ നമുക്ക് നാളെ സംസാരിക്കാം...ഇന്നെനിക്ക് സംസാരിക്കാൻ പറ്റില്ല. താൽപര്യവുമില്ല, സമയവുമില്ല.

രണ്ടാമത്തെ സംഭാഷണം

ഷാഫിക്കാ..അതുകുഴപ്പമില്ലാ.. 30 രൂപയ്ക്ക് എന്തായാലും പറ്റില്ല ഷാഫിക്കാ..ഞാൻ ഉദ്ദേശിച്ചിട്ടില്ല അങ്ങനെയൊരു എമൗണ്ട്. കാര്യം ഇപ്പോഴത്തെ എന്റെ മാർക്കറ്റും, എന്റെ ഇപ്പോഴത്തെ റേറ്റും വച്ചിട്ട്, ഒരു എമൗണ്ട് അല്ലേ തരേണ്ടത്...കാരണം ഇത് റിലീസ് ചെയ്യുന്നത് കഴിഞ്ഞ വർഷമല്ലല്ലോ, ഈ പറയുന്ന എന്റെ എല്ലാ സിനിമകളും ഇറങ്ങിയതിന് ശേഷമല്ലേ...വലിയ പെരുന്നാൾ കൂടി കഴിഞ്ഞിട്ടല്ലേ ഈ സിനിമ വരുന്നത്. അപ്പോ..എനിക്ക്...

ഇപ്പോ ഞാൻ മേടിക്കുന്നത് 45 ആണ്..സുബൈർക്കാടെ സിനിമക്ക് മേടിച്ചത് 45 ആണ്. അപ്പോ എനിക്ക് 45 എങ്കിലും മിനിമം കിട്ടണം. അല്ലെങ്കിൽ നമുക്കൊരു കാര്യം ചെയ്യാം. ഇപ്പോ എനിക്കൊരു 30 തരിക പിന്നെ നമുക്ക് ടേംസ് സംസാരിക്കാം. ഷെയറ് സംസാരിക്കാം. അങ്ങനെ എന്തെങ്കിലും, പർട്ടിക്കുലർ റൈറ്റ്‌സോ അങ്ങെനെ എന്തെങ്കിലും സാധനം എനിക്ക് വേണ്ടി എഴുതി തന്നാൽ മതി. ഡിജിറ്റൽ റൈറ്റ്‌സോ അങ്ങനെ എന്തെങ്കിലും ആണെങ്കിലും മതി. അത് വലിയൊരു എമൗണ്ട് വരുന്നുണ്ട്. ഇപ്പം, വളരെ സാമാന്യ ബോധത്തിൽ ചിന്തിച്ചാൽ തന്നെ, ഈ പണത്തിന്റെ ബിസിനസ് ചില്ലറയൊന്നുമല്ല. ഇപ്പോ എനിക്ക് അതിന്റെ എല്ലാ ഡിറ്റേയിലുമുണ്ട്, എല്ലാം അറിയാം. പൈസ നിങ്ങൾക്ക് കിട്ടില്ല എന്നുപറഞ്ഞ് എനിക്ക് തരാതിരിക്കാൻ പറ്റില്ല. കാര്യം എന്റെ അദ്ധ്വാനം അതിൽ നല്ല രീതിയിലുണ്ട്. പിന്നെ എന്റെ പേര് വച്ച് സെല്ല് ചെയ്യുന്ന പടമാണ്. പേരിപ്പോ ഇങ്ങനെ ഉണ്ടാക്കാനും, ഇങ്ങനെ വന്ന വഴിയും കുറച്ചധികം വലുതാണ്. ഇനീപ്പോ ഞാൻ അടുത്ത കൊല്ലം കമ്മിറ്റ് ചെയ്‌തേക്കുന്ന പടമൊക്കെ 75 ആണ്. 75 ഇപ്പോ രണ്ടു പടം ചെയ്താ പിന്നെ വൺ ആണ്. അങ്ങനെ ഞാൻ അത്കൂട്ടിക്കൊണ്ടുവരികാണ്. 45 എങ്കിലും എനിക്ക് മിനിമം തരാമെന്നുണ്ടെങ്കിൽ, ഈ പറഞ്ഞ പോലെ അസോസിയേഷനിൽ ഒന്നും പോകേണ്ട, നമുക്ക് ഈ പറഞ്ഞ കാര്യം നേരേ തന്നെ ഡീൽ ചെയ്യാം. പക്ഷേ അല്ലാണ്ട് 30 മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നമുക്ക് അസോസിയേഷനിൽ പോയിട്ട് ഒത്തുതീർപ്പുണ്ടാക്കി, എങ്ങനെയാന്ന് വച്ചാ ചെയ്യാം. അല്ലാന്നുണ്ടെങ്കിൽ പറഞ്ഞ ഓപ്ഷനാണ് ഈ ഷെയർ. നിങ്ങളെന്താന്ന് വച്ചാ നോക്കൂ. ഇപ്പോ എനിക്ക് 30 തന്നാൽ മതി. എന്നിട്ട് എന്തിന്റെയെങ്കിലും ഒരുഭാഗത്തിന്റെ റൈറ്റ്‌സ് എനിക്ക് എഴുതി തന്നാൽ മതി..അതും എനിക്ക് ഒകെയാണ്.

വീക്കെന്റ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് സിനിമയുടെ ഷൂട്ടിങ് സൈറ്റിലാണ് ഷെയിൻ നിഗം വീണ്ടും വില്ലനായത്. സിനിമയുടെ ചിത്രീകരണ സമയത്ത് മറ്റു നടന്മാരേക്കാൾ പ്രാധാന്യം തനിക്ക് വേണമെന്ന് പറഞ്ഞ് സംവിധായകന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ വഷളായത്. സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് മുളന്തുരുത്തിയിൽ വച്ചാണ്. സിനിമയിൽ മൂന്ന് നടന്മാർ ഒരുമിച്ച് നടന്നുവരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പിന്നിലായേ മറ്റു നടന്മാർ നിൽക്കാൻ പാടുള്ളൂ എന്നു പറഞ്ഞാണ് ഷെയിൻ പ്രശ്നം ഉണ്ടാക്കിയത്.

സംസാരമായപ്പോൾ ഇനി അഭിനയിക്കണമെങ്കിൽ ഇതുവരെ ഷൂട്ടു ചെയ്ത ഭാഗങ്ങൾ കാണണം എന്നായി നടന്റെ പിടിവാശി. തുടർന്ന് മറ്റു മാർഗ്ഗങ്ങളില്ലാതെ സംവിധായകൻ ഷൂട്ട് ചെയ്ത ഭാഗം മുഴുവൻ നടനെ കാണിക്കുകയും ചെയ്തു. ഷൂട്ട് ചെയ്ത രംഗങ്ങൾ കണ്ടതോടെ ഷെയിനും മാതാവും ചേർന്ന് പരിഹസിക്കുകയാണ് ഉണ്ടായത്. തുടർന്ന് സംവിധായകൻ നഹാസിന്റെ വാക്കുകൾ കേൾക്കാതെ വന്നതോടെ ഫെഫ്ക നേതാവ് ബി ഉണ്ണികൃഷ്ണന്റെ മുന്നിൽ വിഷയം എത്തി. കൊച്ചിയിൽ ഉണ്ടായിരുന്ന ഉണ്ണിക്കൃഷ്ണൻ പ്രശ്നം പരിഹരിക്കാൻ വേണ്ടി ഷൂട്ടിങ് സൈറ്റിൽ എത്തുകയും ചെയ്തു. എന്നാൽ, ഉണ്ണിക്കൃഷ്ണൻ പറഞ്ഞതും കേൾക്കാതെ കയർത്തു സംസാരിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങളെത്തി.

ഒടുവിൽ ശക്തമായ ഭാഷയിൽ ഉണ്ണിക്കൃഷ്ണൻ മുന്നറിയിപ്പു നൽകിയതോടെയാണ് ഷെയിൻ സിനിമയിൽ അഭിനയിക്കമെന്ന് വഴങ്ങിയത്. എന്നാൽ, ഷൂട്ടിങ് തുടരുമ്പോഴും നടനും ഉമ്മച്ചിയും സംവിധാകനെ പരിഹസിക്കുക പതിവായിരിക്കയാണ്. ഏതു വിധേനയും ഷൂട്ടിങ് തീർക്കാനാണ് സിനിമാക്കാരുടെ തീരുമാനം. അടുത്തിടെ ഷെയിൻ നിഗമിനെയും വെച്ചു പ്ലാൻ ചെയ്ത മറ്റൊരു സിനിമയും തർക്കങ്ങളെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നിരുന്നു. സാജിത് യഹിയ ഷെയിനിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന ചിത്രം താരത്തിന്റെ പിടിവാശിയിൽ നടന്നില്ല.

ഒരു കോടി പ്രതിഫലം വേണമെന്നും രശ്മിക മന്ദാനയെ നായികയായി വേണമെന്നും ഷെയിൻ ആവശ്യപ്പെട്ടതോടെ ഖൽബ് എന്ന സിനിമയിൽ നിന്നും ഷെയിനിനെ മാറ്റേണ്ടി വന്നിരുന്നു. പ്രിയദർശൻ സിനിമയിലെ നായകനായതോടെയാണ് ഷെയിൻ നിഗമിന്റെ സ്വാഭാവം മാറിയത്. ആർഡിഎക്സ് സിനിമയുടെ പ്രമോഷനിൽ അടത്തം തങ്ങൾക്ക് കൂടുതൽ പ്രാധാന്യം വേണമെന്നാണ് ഷെയിനും ഉമ്മച്ചിയും ആവശ്യപ്പെടുന്നത്.

ഓഗസ്റ്റ് 23ന് ചിത്രീകരണം ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണം കുറച്ചു ദിവസത്തേക്കു നീട്ടിവെച്ചിരുന്നു. അതിനിടയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആന്റണി വർഗീസ്സിന്റെ കൈക്കു പരിക്കുപറ്റിയത് വീണ്ടും കാലതാമസത്തിനിടയാക്കി. അതുഭേദമാകാനായി കുറച്ചു കാലതാമസം നേരിട്ടു. പൂർണമായും ആക്ഷൻ ചിത്രമായതിനാൽ കൈയുടെ പരിക്ക് പൂർണ്ണമായും മാറണമായിരുന്നു. സാങ്കേതികമായ തടസ്സങ്ങൾ തരണം ചെയ്താണ് ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.

വലിയ മുതൽ മുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ചിത്രത്തിന്റെ അവതരണം. ഭാഷദേശാതിർത്തിക്കപ്പുറം എല്ലാവർക്കും ഇണങ്ങും വിധത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ആർ.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായ റോബർട്ട്, റോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്. ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണു ചിത്രത്തിലെ നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നേരത്തെ വെയിൽ സിനിമയുടെ സെറ്റിലാണ് ഷെയിൻ പ്രശ്നം ഉണ്ടാക്കിയത്. വെയിലിന്റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു. ഇതെല്ലാം തെറ്റിച്ചതോടെയാണ് ഷെയിനിനെതിരെ നടപടികളും ഉണ്ടായത്.