കൊച്ചി: ശ്രീനാഥ് ഭാസിയുടെ വിലക്കിൽ മെഗാ സ്റ്റാർ മമ്മൂട്ടി നടത്തിയ പ്രതികരണവും ചർച്ചയാകുന്നു. ശ്രീനാഥ് ഭാസിയുടെ വിലക്ക് തൊഴിൽ നിഷേധമാണെന്നും അതു പാടില്ലെന്നുമാണ് മമ്മൂട്ടി നിലപാട് സ്വീകരിച്ചത്. എന്നാൽ, ഈ വിഷയത്തിൽ ഇപ്പോൾ ഇത്തമൊരു നിലപാട് സ്വീകരിച്ച മമ്മൂട്ടിയുടെ മുൻനിലപാടാണ് ചർച്ചയാകുന്നത്. മുൻപ് തിലകന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിയപ്പോൾ അന്ന് മമ്മൂട്ടി മൗനസമ്മതം മൂളുകയാണ് ഉണ്ടായത്. ഇതിനെതിരെ ഒന്നും ശബ്ദിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇക്കാര്യമാണ് ശ്രീനാഥ് വിഷയത്തൽ ചർച്ചയാകുന്നതും.

സമാനമായ അനുഭവമാണ് വിനയനും പറയാനുള്ളത്. വിലക്ക് ശരിയായ നടപടിയല്ലെന്ന് വിനയൻ പ്രതികരിച്ചു. വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചത് നന്നായെന്നും തന്നെ വിലക്കിയപ്പോൾ പ്രതികരിക്കാൻ ആരും ഉണ്ടായില്ലെന്നും വിനയൻ പറഞ്ഞു. യൂട്യൂബ് ചാനൽ അവതാരകയോട് മോശമായി പെരുമാറിയതിന് നടൻ ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കിയത്. അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംഘടന യോഗം ചേർന്നാണ് നടപടി എടുത്തത്. നിരവധി നിർമ്മാതാക്കൾ നേരത്തെ ശ്രീനാഥിനെ പരാതി നൽകിയിട്ടുണ്ടെന്നും അച്ചടക്കം ഉറപ്പാക്കാനാണ് ഇത്തരം നടപടികളെന്നുമാണ് അസോസിയേഷൻ പറയുന്നത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടിയും രംഗത്ത് എത്തിയിരുന്നു. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. റോഷാക്ക് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു നടന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന പരിപാടിയിലും വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവർക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചർച്ചകൾ നടക്കട്ടെ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്.

അതേസമയം മെഗാ സ്റ്റാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രതികരിച്ചു. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു. അവതാരകയുടെ പരാതിയിൽ ആണ് നടപടിയെന്നും നേരത്തെയും ശ്രീനാഥിനെതിരെ ഒരുപാട് പരാതികൾ കിട്ടിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു.

സെപ്റ്റംബർ 27 നാണ് അവതാരകയെ അധിക്ഷേപിച്ച നടൻ ശ്രീനാഥ് ഭാസിക്ക് സിനിമ രംഗത്ത് താത്കാലിക വിലക്ക് നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയത്. നടന്റെയും അവതാരകയുടെയും വിശദീകരണം കേട്ടശേഷമാണ് നിർമ്മാതാക്കളുടെ സംഘടനയുടെ നടപടി. മാറ്റിനിർത്തൽ തെറ്റ് തിരുത്താനുള്ള അവസരമാണെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.

ഇതിനിടെ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിരുന്നു. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു മരട് പൊലീസ് കേസ് എടുത്തത്.