- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികള്‍ മുടക്കി കേരളാ വിഷന്റെ ഒന്നാം ലാന്‍ഡിംഗ് പേജ് വാങ്ങിയിട്ടും റിപ്പോര്‍ട്ടറിന് മുന്നേറ്റമില്ല; രണ്ടാം ലാന്‍ഡിംഗ് പേജ് വാങ്ങിയ 24 വീണ്ടും കുതിപ്പു തുടങ്ങി; എതിരാളികള്‍ ഇല്ലാതെ ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു; മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗ് ഇങ്ങനെ
മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗ് ഇങ്ങനെ
തിരുവനന്തപുരം: മലയാളം വാര്‍ത്ത ചാനലുകളുടെ ഏറ്റവും പുതിയ റേറ്റിംഗിലും പതിവുപോലെ എതിരാളികള്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. റിപ്പോര്‍ട്ടര്‍ ടിവിയും 24 ന്യൂസും കോടികളുടെ കിലുക്കവുമായി രംഗത്ത് റേറ്റിംഗില്‍ മുന്നിലെത്താന്‍ ശ്രമം നടത്തിയിട്ടും അതൊന്നും ഏഷ്യാനെറ്റിന്റെ കുതിപ്പിനെ ബാധിക്കുന്നില്ല. മലയാളികളുടെ വാര്‍ത്താ ശീലമായി മാറിയ ഏഷ്യാനെറ്റിനോടുള്ള വികാരം മലയാളികള്‍ തുടര്‍ന്നു പോകുകയാണ്. ഇതിന്റെ തെളിവാണ് ചാനലിന്റെ ഒന്നാം സ്ഥാനം.
ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) പുറത്തുവിട്ട 50-ാം ആഴ്ചയിലെ പോയിന്റ് നിലയില്‍ ഇക്കുറിയും ഏഷ്യാനെറ്റിന്റെ ആധിപത്യമാണ്. 95.74 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ വാരത്തേക്കാള്‍ നില മെച്ചപ്പെടുത്തുകയാണ് ചാനല്‍ ചെയ്തത്. പോയ വാരം 93.74 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അവിടെ നിന്നും രണ്ട് പോയിന്റ് അധികമായി നേടിയാണ് ഏഷ്യാനെറ്റ് ഇക്കുറിയും നില മെച്ചപ്പെടുത്തിയത്.
അതേസമയം മുന്‍ ആഴ്ചകളിലേത് പോലെതന്നെ റിപ്പോര്‍ട്ടര്‍ ടിവി തന്നെയാണ് രണ്ടാം സ്ഥാനത്ത്. 77.99 പോയിന്റാണ് റിപ്പോര്‍ട്ടര്‍ ടിവിക്കുള്ളത്. കഴിഞ്ഞ ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗുമായി തട്ടിച്ചു നോക്കുമ്പോള്‍ രണ്ട് പോയിന്റ് നഷ്ടമാണ് റിപ്പോര്‍ട്ടറിനുള്ളത്. 79.34 പോയിന്റായിരുന്നു കഴിഞ്ഞ ആഴ്ച്ചയില്‍ റിപ്പോര്‍ട്ടറിന് ഉണ്ടായിരുന്നത്. ഇതോടെ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി 17 പോയിന്റിന്റെ വ്യത്യാസമാണ് റിപ്പോര്‍ട്ടറിന്. ഇത് അവരെ സംബന്ധിച്ചിടത്തോളം വലിയ നിരാശ നല്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസിനെ വെല്ലുവിളിക്കാന്‍ കോടികള്‍ ഇറക്കിയായിരുന്നു കേരളാ വിഷനില്‍ റിപ്പോര്‍ട്ടര്‍ തന്ത്രം പയറ്റിയത്. കോടികള്‍ കൊടുത്താണ് കേരളാ വിഷന്‍ കേബിള്‍ നെറ്റ് വര്‍ക്കിന്റെ ലാന്‍ഡിംഗ് പേജ് റിപ്പോര്‍ട്ടര്‍ വാങ്ങിയത്. ഇതോടെ ടിവി ഓണ്‍ചെയ്താല്‍ ആദ്യം എത്തുക റിപ്പോര്‍ട്ടര്‍ ചാനലാണ്. എന്നാല്‍, ജനങ്ങള്‍ റിമോട്ട് കൈയില്‍ എടുത്തതോടെ ഏഷ്യാനെറ്റിലേക്ക് തന്നെ ആളുകള്‍ പോയി. ഇതോടെ മുന്നോട്ടു പോകാന്‍ കഴിയാതെ നിശ്ചലമായിരിക്കയാണ് റിപ്പോര്‍ട്ടര്‍.
വലിയ വാര്‍ത്ത സംഭവങ്ങള്‍ ഇല്ലാത്ത ആഴ്ച്ചകളില്‍ ഏഷ്യാനെറ്റിലേക്ക് തന്നെയാണ പ്രേക്ഷകര്‍ പോകുന്നതെന്ന് വ്യക്തമാണ്. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന ആഴ്ച്ചയില്‍ അടക്കം റിപ്പോര്‍ട്ടര്‍ മുന്നേറ്റം ഉണ്ടായില്ല. ഇതോടെ ബാര്‍ക്ക് റേറ്റിംഗില്‍ ചാനലിന്റെ മുന്നോട്ടുപോക്ക് നിശ്ചലമായ അവസ്ഥയിലാണ്.
അതേസമയം 24 ന്യൂസ് ചാനല്‍ മൂന്നാം സ്ഥാനത്തു തന്നെ തുടുരുമ്പോഴും പോയിന്റില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ബാര്‍ക്ക് റേറ്റിംഗില്‍ 67.14 ആണ് 24 ന്യൂസ് നേടിയത്. 49-ാം ആഴ്ചയില്‍ ഇത് 64.74 പോയിന്റായിരുന്നു. കേരളാ വിഷയന്റെ രണ്ടാമത്തെ ലാന്‍ഡിംഗ് പേജ് വാങ്ങിയതാണ് 24 ന്യൂസ് ചാനലിന് നേട്ടമായി മാറിയത്. കോടികള്‍ കൊടുത്താണ് കേരളാ വിഷന്റെ രണ്ടാമത്തെ ലാന്‍ഡിംഗ് പേജ് വാങ്ങിയത്. ഇതോടെ റിമോട്ടില്‍ ഏത് ബട്ടന്‍ ഞെക്കിയാലും 24 ന്യൂസ് ചാനല്‍ വരുന്ന അവസ്ഥയാണ്. വാര്‍ത്താ മികവിനേക്കാള്‍ പണമെറിഞ്ഞുള്ള ഈ തന്ത്രമാണ് പോയിന്റ് ടേബിളില്‍ നേട്ടമുണ്ടാകക്കാന്‍ അവരെ സഹായിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ശൃംഖലയായ കേരള വിഷനില്‍ ലാന്‍ഡിങ്ങ് പേജ് എടുത്തതാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ പിടിച്ചു നില്‍ക്കുന്നത്. ലക്ഷക്കണക്കിന് കേബിള്‍ വരിക്കാരുളള കേരളാ വിഷന്റെ കേബിള്‍ കണക്ഷനുളളവര്‍ ടെലിവിഷന്‍ സെറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വരുന്നത് റിപോര്‍ട്ടര്‍ ടിവിയാണ്. ഇത് മൂലം ഓരോ ആഴ്ചയിലെ റേറ്റിങ്ങിലും കുറഞ്ഞത് ഒരു പോയിന്റെങ്കിലും അധികമായി ലഭിക്കുമെന്നാണ് കരുതുന്നത്. ലാന്‍ഡിങ് പേജ് വഴി ലഭിക്കുന്ന അധിക പോയിന്റിന് ഒപ്പം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള ചടുലമായ അവതരണവും കൂടി വന്നപ്പോഴാണ് റിപോര്‍ട്ടര്‍ റീലോഞ്ച് ചെയ്ത് ഒന്നര വര്‍ഷം കൊണ്ടുതന്നെ രണ്ടാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ അതിന് അപ്പുറത്തേക്ക് പോകാന്‍ റിപ്പോര്‍ട്ടറിന് സാധിക്കുന്നില്ല.
മലയാള മനോരമ കുടുംബത്തിന്റെ വാര്‍ത്താ ചാനലായ മനോരമ ന്യൂസാണ് ഈ വാരത്തിലും നാലാം സ്ഥാനത്തുള്ളത്. 40.93 പോയിന്റാണ് മനോരമ ന്യൂസിനുള്ളത്. മാതൃഭൂമി ന്യൂസ് ചാനല്‍ 39.89 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. കണ്ടന്റ് വാര്‍ത്ത ശൈലിയിലേക്ക് മാതൃഭൂമി ന്യൂസ് തിരിച്ചുവന്നിട്ടുണ്ട്. ജനം ടിവി ആറാം സ്ഥാനത്തും കൈരളി ന്യൂസ് ഏഴാം സ്ഥാനത്തുമുണ്ട്. 20.04 പോയിന്റാണ് ജനം ടിവിക്ക്. 17.92 പോയിന്റ് കൈരളി ന്യൂസ് ചാനലിനും. ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തും മീഡിയാവണ്‍ 9-ാം സ്ഥാനത്തുമുണ്ട്. മലയാളത്തില്‍ അവസാനം കടന്നുവന്ന വാര്‍ത്താ ചാനലായ ന്യൂസ് മലയാളം ഇതുവരെ റേറ്റിങ്ങില്‍ ഇടം പിടിച്ചിട്ടില്ല.