- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ എപ്പോഴെത്തിയാലും സാരഥിയായി പെലെയ്ക്ക് സലാം തന്നെ നിർബന്ധം; മലപ്പുറത്തിന്റെ കാൽപ്പന്ത് സ്നേഹത്തെക്കുറിച്ച് വാചാലനായപ്പോൾ സ്നേഹം കൂടി; പെലെയ്ക്കൊപ്പമുള്ള ഒർമ്മകൾ പങ്കുവെച്ച് മലപ്പുറം സ്വദേശി സലാം; ന്യൂസ് റീലുകളിലൂടെ അറിഞ്ഞ ഇതിഹാസത്തെ ഓർത്തെടുത്ത് അഹമ്മദ് കുട്ടി മച്ചിങ്ങലും
ദുബായ്: ബ്രസീൽ ലോകത്തിന് സമ്മാനിച്ച ഫുട്‌ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ ദുഃഖത്തിലാഴ്ന്നപ്പോൾ മലപ്പുറം സ്വദേശിയായ സലാമിന്റെ മനസ്സിലേക്ക് കടന്നെത്തിയത് അദ്ദേഹവുമൊന്നിച്ചുള്ള നിമിഷങ്ങളായിരുന്നു.ദുബായിൽ പെലെക്ക് ഏറ്റവും അടുത്തറിയാവുന്ന ഒരു മലയാളി ഡ്രൈവറായിരുന്നു സലാം. ദുബായിൽ എത്തിയാൽ പെലെ ആദ്യം തിരയുന്ന മലയാളി മലപ്പുറം എടരിക്കോട് പുതുപ്പറമ്പ് സ്വദേശിയായ ഒ.ടി. സലാമാണ്.ഡ്രൈവറായ സലാം ഓടിക്കുന്ന വാഹനത്തിലിരിക്കുന്നതാണ് പെലെയ്ക്ക് സന്തോഷം.
2014ൽ ബ്രസീലിൽ ലോക കപ്പ് നടന്നപ്പോഴാണ് സലാമും പെലെയും ദുബായിൽ കണ്ടു മുട്ടുന്നത്. പരസ്യ ചിത്രീകരണത്തിനും മറ്റുമായി ദുബായിലെത്തിയ പെലെയുടെ വാഹനമോടിക്കാൻ എമിറേറ്റ്‌സ് നിയോഗിച്ചത് അവരുടെ വിഐപി ഡ്രൈവറായ ഒ.ടി. സലാമിനെ.അന്നു പെലെയ്ക്ക് സഞ്ചരിക്കാനായി മെഴ്‌സിഡീസിന്റെ എസ് 500 എന്ന പുത്തൻ കാറാണ് എമിറേറ്റ്‌സ് വാങ്ങിയത്.കാറിന്റെ സാരഥിയെ പെലെയ്ക്ക് ബോധിച്ചു. ജീവിതം ഫുട്‌ബോളിനു സമർപ്പിച്ച മലപ്പുറത്തുകാരനാണെന്ന് കൂടി അറിഞ്ഞതോടെ ഇഷ്ടം കൂടി.
സമയം കിട്ടിയപ്പോൾ മലപ്പുറത്തെ ഫുട്‌ബോൾ ഹരത്തിന്റെ ചിത്രങ്ങൾ സലാം പെലെയ്ക്കു കാണിച്ചുകൊടുത്തു. പിന്നീട്, രണ്ടു തവണ കൂടി അദ്ദേഹം ദുബായിൽ എത്തി. അപ്പോഴെല്ലാം, ഡ്രൈവറായി സലാം തന്നെ വേണമെന്നു പെലെ നിർബന്ധം പറഞ്ഞിരുന്നു. അവസാന കൂടിക്കാഴ്ചയിൽ പെലെ ക്ഷീണിതനായിരുന്നു. പോകുമ്പോൾ ഫുട്‌ബോളിലും ഷോളിലും ഒപ്പിട്ടു നൽകി. സലാമിന്റെ കുടുംബം നാട്ടിലാണ്. ഭാര്യ: ഉമൈബാൻ. മക്കൾ: റിൻഷിന, അൻഷിന, ഇഷാൻ.
ന്യൂസ് റീലുകളിലൂടെ അറിഞ്ഞു തുടങ്ങിയ പെലെ
പെലെയന്ന താരോദയം ലോകഫുട്‌ബോളിന്റെ നെറുകയിലേക്ക് പന്തുതട്ടി തുടങ്ങിയത് 1960കളിലായിരുന്നു.അന്നത്തെ കാലത്ത് കളിയെക്കുറിച്ചും താരങ്ങളെക്കുറിച്ചും അറിയാനുള്ള മാർഗങ്ങൾ കുറവായിരുന്നു.തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുൻപ് 5 മിനിറ്റ് വരെയുള്ള ന്യൂസ് റീലുകളുണ്ടാകും.അതിൽ പലപ്പോഴും പെലെയെന്ന പേരും അദ്ദേഹത്തിന്റെ ചിത്രവുമൊക്കെ കാണും. ന്യൂസ് റീലിലെ സ്പോർട്സ് വാർത്തകൾ കേൾക്കാനായി മാത്രം സിനിമ തുടങ്ങുന്നതിനു മുൻപേ അന്നു തിയറ്ററിലെത്തുമായിരുന്നുവെന്നും പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് ടീമിന്റെ മുൻതാരമായ അഹമ്മദ് കുട്ടി മച്ചിങ്ങൽ ഓർക്കുന്നു.
പിന്നീട് സ്പോർട്സ് ആൻഡ് പാസ്റ്റ് ടൈം എന്ന പ്രസിദ്ധീകരണത്തിലൂടെയും പത്രങ്ങളിലെ സ്പോർട്സ് കോളത്തിലൂടെയുമാണു പെലെയെന്ന താരത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. അതിനു മുൻപേ, ലെവ് യാഷിൻ, പുഷ്‌കാസ് തുടങ്ങിയ താരങ്ങളെക്കുറിച്ചൊക്കെ കേൾക്കുന്നുണ്ട്. എന്നാൽ, ഫുട്‌ബോൾ ലോകത്തെ ആദ്യത്തെ സൂപ്പർ സ്റ്റാറായി എല്ലാവരും അറിഞ്ഞു തുടങ്ങിയതു പെലെയെ തന്നെയാണ്.
നേരിട്ട് കാണാനുള്ള അവസരമുണ്ടായില്ലെങ്കിലും അമേരിക്ക സന്ദർശിച്ചപ്പോൾ ന്യൂയോർക്കിലെ മാഡം ടുസോഡ്‌സ് മെഴുക് മ്യൂസിയത്തിൽ പെലെയുടെ ജീവൻ തുടിക്കുന്ന പ്രതിമയ്‌ക്കൊപ്പമിരുന്ന് ചിത്രമെടുക്കാനായി. ആ ചിത്രം ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്നും അഹമ്മദ് കുട്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ