- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
കോഴിക്കോട്: മലയാള സിനിമയെ പിടിച്ചകുലുക്കി വീണ്ടുമൊരു കഥാമോഷണ വിവാദം. ജന ഗണ മന എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യാണ് വിവാദത്തിൽപ്പെട്ടത്. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ 'ഓർഡിനറി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ് തന്റെ കഥ ഇവർ സൂത്രത്തിൽ അടിച്ചുമാറ്റുകയായിരുന്നുവെന്ന് ആരോപിക്കുന്നത്.
ചിത്രം റിലീസ് ആവുന്നതിന്റെ തലേന്ന്, 'നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ' എന്നുതുടങ്ങുന്ന കുറിപ്പ് നിഷാദ് ഫേസ്‌ബുക്കിയിട്ടിരുന്നു. എന്നാൽ ഫെഫ്ക്കയുടെ അടക്കം ഭാഗത്തുനിന്ന് വന്ന സമ്മർദത്തെതുടർന്ന് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. പക്ഷേ ഇപ്പോൾ ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ നിഷാദ്, ചിത്രം തന്റെ കഥ കോപ്പിയടിച്ചതാണെന്ന ഗുരുതര ആരോപണം ഉയർത്തുന്നുണ്ട്.
കഥ പ്രവചിച്ച് പോസ്റ്റ്
നിഷാദ് കോയയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു. "നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ. കണ്ണൂരിലെ ഒരു ഗ്രാമത്തിലെ സംഘി ആയ കഥാനായകൻ, തന്റെ രാഷ്ട്രീയ പ്രവർത്തനവും മറ്റും ആയി ജീവിച്ചു പോകുന്നതിനിടയിൽ രാഷ്ട്രീയ എതിരാളികളും ആയി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം നാട്ടിൽ നിന്നും മാറി നില്ക്കാൻ ഉള്ള തീരുമാനത്തിൽ തന്റെ സുഹൃത്ത് വഴി ഗൾഫിൽ എത്തുന്നു.
അവിടെ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാക്കിസ്ഥാനിയുടെ കൂടെ റൂം ഷെയര് ചെയ്യേണ്ടി വരുന്ന കഥാനയകനും പാകിസ്ഥനിയും ആയി ഉണ്ടാകുന്ന നർമ്മ രസങ്ങൾ ഉള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക് ഇടയിൽ കമ്പനി യുടെ ആവശ്യത്തിനായി ശത്രുക്കൾ ആയ കഥാ നായകനും പാക്കിസ്ഥാനിക്കും ഒരു നീണ്ട യാത്ര പോകേണ്ടി വരുന്നു.
രണ്ട് ശത്രുക്കൾ ഒരുമിച്ച് നടത്തുന്ന യാത്രക്കിടയിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടർന്ന് മരുഭൂമിയിൽ അകപ്പെട്ടു പോകുന്ന കഥാ നായകനും പാക്കിസ്ഥാനി യും രക്ഷപെടാൻ ആയി നടത്തുന്ന ശ്രമങ്ങൾ, സർവൈവൽ എന്ന സത്യത്തിന് മുന്നിൽ ശത്രുത മറന്ന് ഒരുമിച്ച് ജീവിതം തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിനിടയിൽ പാക്കിസ്ഥാനി മരണപ്പെടുന്നു.. തുടർന്ന് പാക്കിസ്ഥാനി യുടെ കുടുംബതിനായി നടത്തുന്ന ഒരു സഹായത്തിന്റെ പേരിൽ നിയമ വ്യവസ്ഥിതിയുടെ പിടിയിൽ അകപ്പെടുന്ന കഥാ നായകൻ തന്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങൾ. ശേഷം ഭാഗം സ്‌ക്രീനിൽ.
ഒരു പൊളിറ്റിക്കൽ സറ്റയർ ആയിട് ആണ് സിനിമ യുടെ ആദ്യ ഭാഗം ഒരുക്കിയിരിക്കുന്നത്.. രണ്ടാം പകുതി സർവ്വവലിന് പ്രാധാന്യം കൊടുത്തുകൊണ്ട്', രാജ്യവും അതിർത്തിയും മനുഷ്യ നിർമ്മിത വേലി കെട്ടുകളും മറികടന്ന് ഉള്ള മനുഷ്യസ്നേഹത്തിന്റെ കഥ പറയുന്നു.. കഥാ നായകന് കുടുംബവും പ്രണയവും ഒക്കെ ഉണ്ട് കേട്ടോ."- ഇങ്ങനെയാണ് നിഷാദ് കോയ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ജോഷി ചെയ്യാനിരുന്ന സിനിമ
2021-ൽ ഈ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതായും, ഇത് ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്നതാണെന്നും നിഷാദ് കോയ പറയുന്നു. "ഞാൻ ഈ കഥ ജയസൂര്യയെയും ജോഷിയെയും, കേൾപ്പിച്ചു. അവർക്ക് ഇഷ്ടപ്പെട്ടു. പക്ഷേ ഉയർന്ന ബജറ്റും, ഗൾഫിലടക്കമുള്ള കനത്ത ചൂടും കാരണം പ്രോജക്്റ്റ് നടന്നില്ല. പിന്നീടാണ് ഇതേ കഥ ഡിജോയോട് ജയസൂര്യ പറയുന്നത്. ജയസൂര്യ തന്നെയാണ് എന്നോട് ഡിജോയെ കാണാൻ പറഞ്ഞത്. എന്നാൽ ഞാൻ സംസാരിച്ചപ്പോൾ പിന്നീട് വിളിക്കാമെന്നാണ് ഡിജോ പറഞ്ഞത്. പിന്നീട് ഈ കഥ സിനിമായക്കാൻ വേണ്ടി പൃഥിരാജ് അഭിനയിക്കുന്ന സലാറിന്റെ സെറ്റിൽപോയി അദ്ദേഹത്തെ കണ്ടു. അപ്പോഴാണ് ഈ കഥക്ക് ഡിജോയുടെ സിനിമയുടെ കഥയുടെ സാമ്യമുള്ളതായി പൃഥിരാജ് പറയുന്നത്. മുമ്പ് ഇറങ്ങിയ എബി എന്ന സിനിമയുടെയും വിമാനത്തിന്റെ അനുഭവമാണ് പൃഥി പറഞ്ഞത്.
ഇക്കാര്യം പറയാനായി ഡിജോയെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. തുടർന്ന് വാട്സാപ്പ് സന്ദേശം അയച്ചപ്പോഴും പ്രതികരണമില്ല. വലിയ പ്രമോഷൻ ഒന്നുമില്ലാതെ ഇവർ ചിത്രം ഇറക്കാൻ തുടങ്ങിയപ്പോൾ കഥയെക്കുറിച്ച് സംശയം കൂടി. നിർമ്മാതാവ് ലിസ്റ്റൻ സ്റ്റീഫനെ അഭിഭാഷകൻ വഴി കോണ്ടാക്റ്റ് ചെയ്തിരുന്നു. പക്ഷേ ഒരു ഒത്തുതീർപ്പിനുമില്ല എന്ന നിലപാടാണ് അദ്ദേഹം എടുത്തത്. പക്ഷേ അതിനുശേഷം ഒരു അഭിമുഖത്തിൽ ലിസ്റ്റൻ പറയുന്നത്, താൻ ഒന്നും അറിഞ്ഞില്ല എന്നാണ്. ഇത് പച്ചക്കളമാണ്."- നിഷാദ് പറഞ്ഞു. സിനിമക്കെതിരെ ഫെഫ്ക്കയിലും പ്രൊഡ്യൂസർ അസോസിയേഷനിലും പരാതി നൽകിയിട്ടുണ്ടെന്നും നിഷാദ് കോയ പറയുന്നു.
നിഷാദ് കോയ പങ്കുവെച്ച കുറിപ്പിലെ കഥയുമായി മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയുടെ കഥയ്ക്ക് അടുത്ത സാമ്യമുണ്ടെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ക്വീൻ, ജന ഗണ മന എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ്- ഡിജോ ജോസ് ആന്റണി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ. ഗരുഡൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.