ബെർലിൻ: ആൾക്കൂട്ടമാണ് ഉമ്മൻ ചാണ്ടിയുടെ കരുത്തെന്ന് എല്ലാവർക്കും അറിയാം. ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരിക്കുക എന്നത് അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും വിഷമകരമായ കാര്യമായിരിക്കും. അപ്പോൾ, പിന്നെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ കഴിയുന്ന കാര്യമോ? ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി വിശ്രമത്തിലിരുന്ന സമയത്ത് ഒരു പെൺകുട്ടി ഇടിച്ചുകയറി അദ്ദേഹത്തെ കണ്ടു. അതും ജർമൻ ഭാഷ പോലും അറിയാതെ, ആശുപത്രിയുടെ കനത്ത സുരക്ഷാ വലയങ്ങൾ മറികടന്ന്. തിരുവനന്തപുരം പട്ടം സ്വദേശിനിയും ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഉദ്യോഗസ്ഥയുമായ ഇസിലി ഐസക്. ആ കഥ മാധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം വിവരിക്കുന്നു തന്റെ കുറിപ്പിലൂടെ. ഒടുവിൽ വളരെ രസകരമായ ഒരു ക്ലൈമാക്‌സും.

ജോൺ മുണ്ടക്കയത്തിന്റെ കുറിപ്പ്:

ബർലിനിലെ ചാരിറ്റി യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആശുപത്രിയിൽ തൊണ്ടയിലെ ലേസർ ശസ്ത്രക്രിയയ്ക്കു ശേഷം ഉമ്മൻ ചാണ്ടി വിശ്രമത്തിലാണ്. ആശുപത്രിയിലെ കർശന സുരക്ഷാ സംവിധാനത്തെ മറികടന്ന് ഇന്നലെ ഒരു മലയാളി പെൺകുട്ടി ഉമ്മൻ ചാണ്ടിയുടെ മുറിയിൽ എത്തി.തിരുവനന്തപുരം പട്ടം സ്വദേശിനിയും ഇന്ത്യൻ എൻജിനീയറിങ് സർവീസിൽ ഉദ്യോഗസ്ഥയുമായ ഇസിലി ഐസക്. റൂർക്കി ഐഐടിയിൽ എം ബി എ ചെയ്യുന്ന ഇസിലി പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ആറു മാസത്തെ ഗവേഷണത്തിനായി ഒരുമാസം മുമ്പാണ് ബർലിനിൽ എത്തിയത് .

വളരെ എളുപ്പത്തിൽ കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരുടെയും അനുവാദം ചോദിക്കാതെ താമസിക്കുന്ന പോട്‌സ് ഡാം നരത്തിൽ നിന്ന് ഒന്നരമണിക്കൂർ ട്രെയിനിൽ യാത്ര ചെയ്ത് രാവിലെ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് കൂറ്റൻ ബഹുനില മന്ദിരത്തിന്റെ അകത്തു കടക്കുക അത്ര എളുപ്പമല്ല എന്ന് മനസ്സിലായത് . സെക്യൂരിറ്റിക്കാരന് ജർമ്മൻ മാത്രമേ അറിയൂ.ഒരു വിധം കാലുപിടിച്ച് റിസപ്ഷനിൽ എത്തി.അവിടെ ഇരിക്കുന്നവർക്കും ജർമൻ ഭാഷ മാത്രം.ഒടുവിൽ ഇംഗ്ലീഷിൽ എഴുതി ഗൂഗിൾ ട്രാൻസ്ലേഷൻ വഴി ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ആവശ്യം അറിയിച്ചു .ആദ്യം പറ്റില്ലെന്ന് മറുപടി.രോഗിയുടെ പേര് പറഞ്ഞു. അസാധാരണമായ പേരായതുകൊണ്ടും ഇന്ത്യയിൽ നിന്നുള്ള രോഗി ആയതുകൊണ്ടും അവർക്ക് കണ്ടെത്താൻ എളുപ്പമായി.ഉമ്മൻ ചാണ്ടി. പതിമൂന്നാം നിലയിൽ റൂം നമ്പർ113 നമ്പർ ,അവർ പറഞ്ഞു.പക്ഷേ മുറിയിൽ പ്രവേശിപ്പിക്കണമെങ്കിൽ രോഗിയുടെ ബൈ സ്റ്റാൻഡറുടെ അനുവാദം വേണം.
റിസപ്ഷനിൽ ഇരുന്ന ഒരാൾ ലിഫ്റ്റിലേക്ക് നയിച്ചു.

ലീഫ്റ്റുകളുടെ നീണ്ട നിര. ഒരു ലിറ്റിൽ കയറി ഏതോ ഒരു ഫ്‌ളോറിൽ ചെന്നിറങ്ങി.ആകെ വിജനം, ചോദിക്കാൻ ആരുമില്ല.അവിടെ കണ്ട ഒരു കിയോസ്‌കിൽ 113 എന്ന്‌ടൈപ്പ് ചെയ്തപ്പോൾ റൂമിൽ എത്താനുള്ള വഴി കിട്ടി.അതനുസരിച്ച് മറ്റൊരു ലിഫ്റ്റിൽ കയറി പതിമൂന്നാം നിലയിൽ എത്തി.ഇടനാഴിയാകെ വിജനം . 113ാം നമ്പർ മുറിയുടെ മുന്നിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ ബെർലിൻ മലയാളികളുടെ കൂട്ടം ഒന്നുമില്ല. പുറത്തൊരു കസേരയിലിരുന്ന് ഫോൺ ചെയ്യുന്ന ആളെ കണ്ടു.ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ . ടിവിയിൽ കണ്ടുള്ള പരിചയം. 'ആരാണ് ? എന്താണ് ? എങ്ങനെ ഇവിടെ എത്തി? ' തുടങ്ങി 100 ചോദ്യങ്ങൾ . 'അപ്പയ്ക്ക് സംസാരത്തിന് വിലക്കുണ്ട്.സന്ദർശനം അനുവദിക്കില്ല 'എന്ന് ചാണ്ടി തീർത്തു പറഞ്ഞു.

സംസാരിക്കില്ലെന്നും ഒന്നു കണ്ടാൽ മാത്രം മതി എന്നും ഇ സിലി .ഒടുവിൽ ആ വ്യവസ്ഥയിൽ കതകു തുറന്നു .മലയാളിയാണെന്നും തിരുവനന്തപുരത്താണ് വീട് എന്നും ചാണ്ടി പരിചയപ്പെടുത്തി.ആ സമയത്ത് ഉമ്മൻ ചാണ്ടി സാറിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷവും സ്‌നേഹവും ആശ്വാസവും ഒരിക്കലും മറക്കില്ലെന്ന് ഇസിലി .ക്ഷീണി തനെങ്കിലും ഐശ്വര്യ പൂർണമായ മുഖം .ജനമധ്യത്തിൽ സന്തോഷം അനുഭവിക്കുന്ന ഒരു മനുഷ്യൻ ഒരു മുറിയിൽ ഒറ്റപ്പെട്ടുപോയതിന്റെ വിഷമം തിരിച്ചറിഞ്ഞ നിമിഷം .ഉമ്മൻ ചാണ്ടി പതിഞ്ഞ ശബ്ദത്തിൽ വിശേഷങ്ങൾ ചോദിച്ചപ്പോൾ സംസാരിക്കരുതെന്ന് കൈകൊണ്ട് വിലക്കി.അഞ്ചു മിനിറ്റ് അദ്ദേഹത്തെ നോക്കി നിന്നു . ശേഷം യാത്ര പറഞ്ഞു ഇസിലി തിരിഞ്ഞു നടന്നു.പക്ഷേ താഴോട്ട് പോകാൻ വഴിയറിയില്ല.ഒടുവിൽ ചാണ്ടി ഉമ്മൻ തന്നെ താഴെ എത്തിച്ചു.
ഇത്രയും ഇസിലി പറഞ്ഞ കഥ .

ഇസിലി, എന്റെ സുഹൃത്തും സെക്രട്ടറിയേറ്റിലെ റിട്ട അഡീഷണൽ സെക്രട്ടറിയുമായ വി. ജെ. ഐസക്കിന്റെയും ഓൾ സെയിൻസ് കോളേജ് റിട്ട. പ്രൊഫ.മോളി ഐസക്കിന്റെ മകളാണ്. ഐസക്ക് പറഞ്ഞാണ് ഈ സന്ദർശന കഥ ഞാനറിഞ്ഞത്.പിന്നീട് ഇ സിലിയുമായി സംസാരിച്ചു. ഫോണിൽ വിളിച്ച് ഈ അപൂർവ്വ സന്ദർശനത്തിന്റെ കഥ പറഞ്ഞപ്പോഴാണ് അതിന്റെ രസകരമായ രണ്ടാം ഭാഗം ചാണ്ടി ഉമ്മൻപറഞ്ഞത്.പിറ്റേദിവസം നേരം വെളുത്തപ്പോൾ ഉമ്മൻ ചാണ്ടി മകനോടു പറഞ്ഞു. 'നിന്റെ കയ്യിൽ ആ കുട്ടിയുടെ നമ്പർ ഉണ്ടോ ?ഇവിടെ വരെ വരാൻ പറയുമോ ? അല്പം കഴിഞ്ഞപ്പോൾ ഇ സ്ലിയുടെ വാട്‌സ്ആപ്പ് മെസ്സേജ് . 'അങ്കിൾ..മകൾ മറിയ എന്നെ വിളിച്ചു.ഇവിടെ വരെ വരാമോ ?അപ്പയ്ക്ക് കാണണമെന്ന് പറയുന്നു. '' ഉമ്മൻ ചാണ്ടി സാർ പറഞ്ഞതല്ലേ ?സമയം അനുവദിക്കുമെങ്കിൽ പോണം'ഞാൻ മറുപടി കുറിച്ചു.

തൊണ്ടയിലെ അസുഖത്തിന് ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ ഇന്നലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ചശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് 17ന് മാത്രമേ നാട്ടിലേക്കു തിരിക്കൂ.

ഉമ്മൻ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശാസ്ത്രക്രിയയായതിനാൽ മറ്റു ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം പൂർണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തുമെന്നും ഒപ്പമുള്ള ബെന്നി ബഹനാൻ എംപി അറിയിച്ചു. മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്.  ജർമനിയിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു.