ലണ്ടന്‍: പെണ്‍കുട്ടികളുടെ പിറകേ നടന്ന് വളയ്ക്കുന്ന പൂവാലന്‍ സ്വഭാവം കൊണ്ട് മലയാളി യുവാക്കള്‍ വിദേശത്ത് പോയാല്‍ കിട്ടുന്നത് എട്ടിന്റെ പണിയാകും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിര്‍വരമ്പ് എവിടെയാണെന്ന് യുവാക്കള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ വിദേശത്ത് പൂവാലന്‍ സ്വഭാവമെടുത്താല്‍ അഴിയേണ്ണേണ്ടി വരും. യുകെയില്‍ സ്റ്റുഡന്റ് വിസയില്‍ പഠിക്കാന്‍ പോയി പൂവാലന്‍ സ്വഭാവം പുറത്തെടുത്ത മലയാളി യുവാവിന് കിട്ടിയത് എട്ടിന്റെ പണിയാണ്. സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയെ പിറകേ നടന്ന് ശല്യപ്പെടുത്തിയ ആശിഷ് ജോസ് പോള്‍ എന്ന യുവാവിന് തടവു ശിക്ഷ അനുഭവിച്ചതിന് പുറമേ നാടുകടത്തല്‍ ഭീഷണിയും നേരിടുകയാണ്.

എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിയാണ് ആശിഷ് ജോസ്. സ്റ്റുഡന്റ് വിസയില്‍ എത്തി ഇയാല്‍ ലണ്ടനിലെ സൂവില്‍ കോഫീ ഷോപ്പില്‍ ജോലി ചെയ്യവേയാണ് കേസില്‍ അകപ്പെട്ടത്. ഒപ്പെ ജോലി ചെയ്ത പെണ്‍കുട്ടിയോട് നിരന്തരം പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു യുവാവ്. ഫോണിലൂടെയും ശല്യപ്പെടുത്തി. ഒടുവില്‍ സഹികെട്ട് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ അറസ്റ്റിലാകുകയും ചെയ്തു. ആശിഷിന്റെ അറസ്റ്റ് വാര്‍ത്ത ഡെയ്‌ലി മെയില്‍ അടക്കമുള്ള ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയുമായിട്ടുണ്ട്.

സഹപ്രവര്‍ത്തകയെ കണ്ട് പ്രണയ പരവശനായ യുവാവ് അവളെ സന്ദേശങ്ങള്‍ അയക്കുകയാിരുന്നു. പൂക്കള്‍, ചോക്ലേറ്റുകളുമായി പിന്നാലെയെത്തി. പെണ്‍കുട്ടി നോ പറഞ്ഞിട്ടും വിടാതെ പിന്നാലെ കൂടിയതോടെയാണ് ശരിക്കും പണി കിട്ടിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 7 നും ഡിസംബര്‍ 30 നും ഇടയില്‍ ആറ് മാസമാണ് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയത്. നമ്പര്‍ ബ്ലോക്ക് ചെയ്തപ്പോള്‍ സമ്മാനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തുവെന്നും കാണിച്ചാണ് ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന പെണ്‍കുട്ടി പരാതി നല്‍കിയത്.




പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അറസ്റ്റു ചെയ്തു പിന്നീട് ജാമ്യം നല്‍കിയിരുന്നു. മൃഗശാലയിലെ കോഫി ഷോപ്പിലേക്ക് തിരികെ പോകരുതെന്ന മുന്നറിയിപ്പും പോലീസ് നല്‍കിയിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ മാസിയുലോണൈറ്റുമായി സംസാരിക്കാന്‍ ആശിഷ് തിരിച്ചെത്തി. ഇതോടെ പിന്തുടര്‍ന്നു കുറ്റം ആവര്‍ത്തിച്ചു എന്ന കാര്യത്തില്‍ വീണ്ടും അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്. മൃഗശാലയുടെ പരിസരത്ത് പോകരുതെന്ന ഉത്തരവോടെ ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും യുവാവ് വീണ്ടും തെറ്റ് ആവര്‍ത്തിക്കുകയാണ് ഉണ്ടായത്.

ലണ്ടന്‍ മൃഗശാലയുടെ 50 മീറ്ററിനുള്ളില്‍ പോകരുതെന്ന വ്യവസ്ഥയില്‍ ലഭിച്ച ജാമ്യം ലംഘിച്ചു. എന്നാല്‍ വീണ്ടും വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിച്ചു, റോയല്‍ പാര്‍ക്ക് പരിചാരകരോട് തന്റെ മുന്‍ സഹപ്രവര്‍ത്തകനുമായി താന്‍ 'പ്രണയത്തിലാണെന്ന്' ഇയാല്‍ വിശദീകരിക്കുകയും ചെയ്തു. ഇതോടെയാണ് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ജോസ് പോളിന് ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. ഇത് കൂടാതെ 20 ദിവസത്തെ റിഹാബിലിറ്റേഷന്‍ ജോലികള്‍ ചെയ്യാനും നിര്‍ദേശിക്കുകയാണ് ഉണ്ടായത്.

ഇത് കൂടാതെ ഇരയെ പിന്തുടരുന്ന രീതിയില്‍ പെരുമാറുന്നതു കൊണ്ട് പോളിനെ നാടുകടത്തേണ്ടി വരുമെന്നും ജഡ്ജി സൂചിപ്പിച്ചു. ഇതോടെ നാടകടത്തല്‍ ഭീതിയിലാണ് യുവാവ്. സെപ്തംബര്‍ വരെയാണ് യുവാവിന് വിസാകാലാവധിയുള്ളത്. കേരളത്തില്‍ നിന്നും ബിംകോം പഠനം പൂര്‍തതിയാക്കിയ ശേഷമാണ് പോള്‍ യുകെയിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയില്‍ അക്കൗണ്ടിംഗിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്.




പാര്‍ട്ട് ടൈം ജോലിക്കായാണ് ലണ്ടന്‍ മൃഗശാലയിലെ കഫേയില്‍ ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് അടുപ്പമുണ്ടാകുന്നത്. പോളിന്റെ ഭാഗത്തു നിന്നും പിന്തുടര്‍ന്നുണ്ടായ പ്രണയാഭ്യര്‍ഥന തന്നെ വൈകാരികമായും മാനസികമായും ബാധിച്ചുവെന്നാണ് പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തിയത്. 'ഇത്രയും കാലം പീഡനം തുടര്‍ന്നുകൊണ്ടിരുന്നു, അത് എന്നെ തളര്‍ത്തിക്കളഞ്ഞു. ലണ്ടനില്‍ ആയിരിക്കുമ്പോള്‍ എനിക്ക് ഭയവും ഉത്കണ്ഠയും തോന്നുന്നു. എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്നെക്കുറിച്ചും എന്റെ സുരക്ഷയെക്കുറിച്ചും ആശങ്കാകുലരാണെന്നും പെണ്‍കുട്ടി പറഞ്ഞു.

പോളിന്റെ പെരുമാറ്റം കാരണം ഞാനാണോ പ്രശ്‌നം എന്ന് താന്‍ സംശയിക്കാന്‍ തുടങ്ങിയിരുന്നു. മാനസിക സമ്മര്‍ദ്ദത്തിനൊപ്പം എനിക്ക് എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. സുരക്ഷിതത്വം തോന്നാന്‍ എന്നോടൊപ്പം ഉണ്ടായിരിക്കാന്‍ ആരെയെങ്കിലും ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയെന്നും അവര്‍ കോടതിയില്‍ വെളിപ്പെടുത്തി. എന്നാല്‍, പോള്‍ അങ്ങനെ ശല്യപ്പെടുത്തിയിട്ടില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.

പോള്‍ അറസ്റ്റിലായതിനുശേഷം, അദ്ദേഹത്തിന്റെ അമ്മ പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇത് തനിക്ക് വൈകാരികമായും മാനസികമായും ആഘാതമായെന്നാണ് പെണ്‍കുട്ടി വാദിച്ചത്. പെണ്‍കുട്ടിയുടെ അടുത്തേക്ക് ഇനി പോകരുതെന്നും പിന്തുടര്‍ന്നല്‍ അഞ്ച് വര്‍ഷം വരെ തടവിന് ശിക്ഷിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.