ഹരിപ്പാട്: യുകെയിലേക്ക് ജോലിക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മലയാളി നഴ്‌സ് കുഴഞ്ഞു വീണു മരിച്ച സംഭവം ഞെട്ടിച്ചിരുന്നു. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകൾ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. കുഴഞ്ഞു വീണ് അവശ നിലയിലായി പരമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. സൂര്യയുടെ മരണത്തിന് പിന്നാലെയാണ് അരളിപൂവിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്.


നഴ്‌സ് കുഴഞ്ഞു വീണു മരിച്ചത് അരളിച്ചെടിയിലെ വിഷാംശം കാരണമെന്ന് നിഗമനങ്ങൾ. അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശം ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ആന്തരികാവയങ്ങളുടെ പരിശോധനാഫലം വന്നാൽ മാത്രമേ അരളിയാണോ യഥാർത്ഥ മരണ കാരണം എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മരണ കാരണം ശാസ്ത്രീയമായി തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും സൂര്യയെ മരണത്തിലേക്ക് നയിച്ചത് അരളിച്ചെടിയുടെ വിഷാംശമാണോ എന്ന് സംശയമുണ്ട്.

ഏപ്രിൽ 28ന് രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് സൂര്യ യുകെയിലേക്ക് പോകാനിരുന്നത്. ഇതിനായി രാവിലെ 11.30-ന് ബന്ധുക്കൾക്കൊപ്പം നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നു. ആലപ്പുഴയിൽ എത്തിയത് മുതൽ സൂര്യ ഇടയ്ക്കിടെ ഛർദ്ദിച്ചിരുന്നു. യാത്രയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി വിമാനത്താവളത്തിൽ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞിരുന്നു.

ഹൃദയസ്തംഭനം എന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നതെങ്കിലും അരളി ചെടിയുടെ പൂവും ഇലയും ഉള്ളിൽ ചെല്ലുന്നത് ഹൃദയസ്തംഭനത്തിനു കാരണം ആയേക്കാം എന്നാണ് നിഗമനം. സൂര്യയെ പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടറും അരളിച്ചെടിയുടെ വിഷയം മരണ കാരണം ആയേക്കാം എന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ സൂര്യയുടെ ആമാശയത്തിൽ നിന്ന് ഇതിന്റെ അവശിഷ്ടങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇലയും പൂവും ചവച്ചു തുപ്പിയതിനാൽ ചാറ് മാത്രം ഉള്ളിൽ ചെന്നതാവാം എന്നാണ് അനുമാനം.

അരളി ചെടിയുടെ എല്ലാ ഭാഗങ്ങളും വിശാംഷം ഉള്ളതാണ്. അത് പ്രധാനമായും ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ്. അരളിയിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോ സൈഡുകളുണ്ട് അവ രാസഘടകങ്ങളാണ്. അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ച് സ്പന്ദനത്തിൽ വ്യതിയാനം ഉണ്ടാക്കി ഹൃദയസ്തംഭനം പോലുള്ള പ്രശ്ങ്ങൾ വന്നു പെട്ടെന്ന് മരണം സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ആന്തരിക പരിശോധനാ ഫലം വരുന്നത് കാത്തിരിക്കയാണ് ആശുപത്രി അധികൃതരും.