ഭോപ്പാല്‍: ഒരു വ്യക്തിയെ പോലും മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്നും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് തന്നെ ജയിലില്‍ അടച്ചതെന്നുമുള്ള പരാതിയുമായി മലയാളി വൈദികന്‍ ഫാ.ഗോഡ്‌വിന്‍. മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ജയിലിലടച്ച ഫാ.ഗോഡ്‌വിന് വ്യാഴാഴ്ചയാണ് ജാമ്യം ലഭിച്ചത്. ഇതിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരണം നടത്തിയത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളുമാണെന്നും ക്രിസ്ത്യാനികള്‍ക്ക് ഒപ്പമുണ്ടെന്ന് പറയുന്ന ബി.ജെ.പി നേതാക്കള്‍ രാഹസ്യമായി അക്രമണം നടത്തുന്നുവെന്ന് വൈദികന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ഫാ. ഗോഡ്വിനെ കഴിഞ്ഞ മാസം 25നാണ് അറസ്റ്റ് ചെയ്യുന്നത്. 12 ദിവസത്തെ ജയില്‍വാസത്തിന് ശേഷം രത്ലാം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനുപം തിവാരി വ്യാഴാഴ്ചയാണ് ജാമ്യം നല്‍കിയത്. 25 വര്‍ഷമായി ഉത്തരേന്ത്യയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന ഫാ.ഗോഡ്വിന്‍ 12 വര്‍ഷമായി മധ്യപ്രദേശിലെ ജാബുവയിലാണ്.

സി.എസ്.ഐ സഭാംഗമായ ഫാ. ഗോഡ്വിന്‍ പണംനല്‍കി മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു പൊലീസ് വാദം. എന്നാല്‍ തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലന്നും കേവലം ആരോപണങ്ങള്‍ മാത്രമാണിതെന്നും കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ജാമ്യം ലഭിച്ചത്. മിഷനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വൈദികനെ ഇത്തരത്തില്‍ കേസില്‍ പെടുത്തുന്നതിന് പിന്നില്‍ മറ്റ് ചില സംഘടനകളുടെ താല്പര്യമുണ്ടെന്ന് സിഎസ്‌ഐ ആരോപിച്ചു. സഭയുടെ അധികാരികള്‍ മധ്യപ്രദേശില്‍ എത്തിയിരുന്നു.

അജ്ഞാതന്‍ നല്‍കിയ പരാതിയില്‍ ഫാ. ഗോഡ്വിന്റെ പേര് പൊലീസ് എഴുതിച്ചേര്‍ത്തശേഷം ജയിലിലടയ്ക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ച്. 12 ദിവസമാണ് അദ്ദേഹം ജയിലില്‍ കിടക്കേണ്ടി വന്നത്. ബിജെപി സര്‍ക്കാര്‍ ക്രൈസ്തവര്‍ക്കെതിരെ മതപരിവര്‍ത്തന വിരുദ്ധ നിയമം ദുരുപയോഗിക്കുന്നുവെന്ന വിമര്‍ശനത്തിനിടെയാണ് ഫാ. ഗോഡ്വിന്റെ അറസ്റ്റും വിവാദമായത്.,