- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബദ്രീശ്വരന് വീണ്ടും കണ്ണൂരുകാരനായ റാവല്‍ ജി; ചെറുതാഴം സ്വദേശി അമര്‍നാഥ് നമ്പൂതിരി മുഖ്യപൂജാരിയായി ചുമതലയേറ്റു; രാജ്യശ്രദ്ധ നേടി ചെറുതാഴം സ്വദേശി
കണ്ണൂര്‍: ഹിമാലയന്‍ സാനുക്കളിലെ താഴ് വാരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ബദ്രീനാഥിന് മുഖ്യപുരോഹിതനായി വീണ്ടും കണ്ണൂര്‍ സ്വദേശി.
ഉത്തരാഖണ്ഡിലെ വിശ്വപ്രസിദ്ധമായ വൈഷ്ണവക്ഷേത്രമായ ബദരീനാഥ് ധാമില്‍ പുതിയ റാവല്‍ജിയെ അവരോധിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം സ്വദേശിയുടെ നേട്ടം രാജ്യത്താകെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയത്.
കണ്ണൂര്‍ പരിയാരത്തെ ചെറുതാഴംകുളപ്രത്ത് വാരണക്കോട് ബ്രഹ്മശ്രീ. അമര്‍നാഥ് നമ്പൂതിരിയാണ് ബദരിനാഥ് റാവല്‍ജി (ബദരീനാഥ് മുഖ്യപുരോഹിതര്‍) ആയി സ്ഥാനാരോഹണം ചെയ്തത്. 16 വര്‍ഷമായി ബദരിനാഥില്‍ റാവര്ജിയായി ബദ്രീശ്വരനെ സേവിക്കുന്ന റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ റാവല്‍ജി ചുമതലയേറ്റത്. സ്ഥാനാരോഹണ ചടങ്ങില്‍ പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകനും പ്രശസ്ത പരിസ്ഥിതി വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠന് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.
കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി എച്ച്. എച്ച്. റാവല്‍ജി സ്ഥാനം അലങ്കരിച്ചുവരുന്ന ബ്രഹ്മശ്രീ. വടക്കേ ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരിയുടെ ശിഷ്യത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷമായി നൈബ് റാവല്‍ജി (ഉപപുരോഹിതര്) സ്ഥാനം വഹിക്കുകയായിരുന്നു അമര്‍നാഥ് നമ്പൂതിരി.അവരോധക്രിയകളും പഞ്ചതീര്ത്ഥസ്നാനം, പഞ്ചശിലാവന്ദനം തുടങ്ങിയ ചടങ്ങുകളും പൂര്‍ത്തീകരിച്ച് ശുഭമുഹൂര്‍ത്തത്തില്‍ ഗര്ഭഗൃഹത്തില് പ്രവേശിച്ച നിയുക്തറാവല്ജിക്ക് ഉഷ:പൂജക്ക് ശേഷം ഈശ്വരപ്രസാദ് റാവല്‍ജി മൂലമന്ത്രം ഉപദേശിച്ച് സ്ഥാനവും അധികാരവും കൈമാറി. തുടര്‍ന്നുള്ള പൂജകള്‍ അമര്‍നാഥ് റാവല്‍ജി നിര്‍വ്വഹിക്കും.
ഈശ്വരപ്രസാദ് റാവല്‍ജിയുടെ സഹായിയായി അമര്‍നാഥ് ദീര്ഘക ബദരീനാഥില്‍ സേവനമനുഷ്ഠിച്ചിരുന്നു. കുണ്ടംകുഴി നാരായണന് നമ്പൂതിരി, പുതുമന രാജേഷ് നമ്പൂതിരി, ദര്ശന് സിങ്, യോഗേഷ് പുരോഹിത് എന്നിവര്‍ പുതിയ റാവല്‍ജിക്കൊപ്പം തല്‍സ്ഥാനത്ത് തുടരും.ബദരീനാഥിലെ മുഖ്യപുരോഹിതസ്ഥാനമാണ് റാവല്‍ജി എന്നറിയപ്പെടുന്നത്. ബദരിവിശാലിന്റെ പ്രതിപുരുഷനായാണ് ജനങ്ങള്‍ റാവല്‍ജിയെ കണ്ടുവരുന്നത്. റാവല്‍ജിക്ക് ആദ്ധ്യാത്മികതലത്തിലും ഔദ്യോഗികതലത്തിലും വളരെയധികം അധികാരങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. നൈബ് റാവല്‍ജി, റാവല്‍ജി സ്ഥാനങ്ങളിലേക്ക് താല്കാലികനിയമനം നടത്തി ദേവഗണങ്ങളുടെ അനുമതിയോടെ പിന്നീട് സ്ഥിരപ്പെടുത്തുകയാണ് പതിവ്.
ജഗദ്ഗുരു ശ്രീമദ് ശങ്കരഭഗവത്പാദാചാര്യരുടെ നിശ്ചയപ്രകാരം മലയാളസമ്പ്രദായത്തിലുള്ള പൂജാവിധാനമാണ് ഇവിടെ പിന്തുടര്‍ന്നുവരുന്നത്. കീഴ് വഴക്കമനുസരിച്ച് ചെറുതാഴം സഭായോഗത്തില്‍ നിന്നുള്ള നൈഷ്ഠികബ്രഹ്മചാരിമാരായ നമ്പൂതിരിമാരാണ് ത്യാഗപൂര്‍ണ്ണവും ജന്മജന്മാന്തരപുണ്യം കൊണ്ടുമാത്രം ലഭിക്കുന്നതുമായ ഈ പൂജ്യസ്ഥാനത്തേക്ക് നിയുക്തരാവുന്നത്.
പുതിയ നൈബ് റാവലിന്റെ തെരഞ്ഞെടുപ്പ് ജൂലൈ അവസാനം നടക്കും. ഇത്തവണ മൂന്ന് നമ്പൂതിരിമാരാണ് ശ്രീരാഘവപുരത്ത് ഭജനം പൂര്‍ത്തീകരിച്ച് നൈബ് റാവല്‍ സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെട്ടെ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ബദ്രിനാഥ്. ഏപ്രില്‍ മുതല്‍ നവംബര്‍ മാസം വരെയാണ് ഇതു തുറന്ന് പ്രവര്‍ത്തിക്കുക. ബാക്കിയുള്ള കാലം മുഴുവന്‍ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണ് ചെയ്യുന്നത്.