- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രികോണ പ്രണയത്തില്‍ കാമുകിയുടെ സഹായത്തോടെ സുഹൃത്തിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു; യുകെയിലെ കൗമാരക്കാരനായ കെവിന് ബിജിക്ക് ജീവപര്യന്തം തടവ്; കൊലപാതക ശ്രമം നിഷേധിച്ച മലയാളി കുബുദ്ധി പൊളിച്ചത് ലിവര്‍പൂള്‍ പോലീസ്; കെവിന് ജയിലിലാകുമ്പോള്‍ ആശങ്കയില്‍ പ്രവാസികളും
ലിവര്‍പൂളിലെ കെവിന് ബിജിക്ക് ജീവപര്യന്തം തടവ്
ലിവര്‍പൂള്‍: ത്രികോണ പ്രണയത്തില്‍ കാമുകിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത മലയാളി കൗമാരക്കാരന് ജീവപര്യന്തം തടവ്. വെള്ളിയാഴ്ച ലിവര്‍പൂള്‍ മജിസ്ട്രേറ്റ് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞത് പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ പ്രതി അനുഭവിക്കേണ്ടി വരും. കൊല്ലണം എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണത്തിന് ഇതില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാകില്ല എന്ന നിരീക്ഷണത്തോടോടെയാണ് ജഡ്ജി സ്റ്റുവര്‍ട് ഡ്രൈവര്‍ കെ സി വിധി പ്രസ്താവം നടത്തിയത്.
ഇക്കഴിഞ്ഞ ഏപ്രിലില്‍ സംഭവിച്ച കേസില്‍ പ്രായം പരിഗണിച്ചു പോലീസ് പ്രതിയുടെ വിവരങ്ങള്‍ ആദ്യം പുറത്തു വിട്ടിരുന്നില്ലെങ്കിലും ഇപ്പോള്‍ കോടതി തന്നെ നിര്‍ദേശ പ്രകാരമാണ് മാധ്യമങ്ങള്‍ മലയാളി യുവാവായ കെവിന്‍ ബിജിയുടെ ചിത്രം സഹിതം കോടതി നടപടികളുടെ പിന്തുണയോടെ വിശദമായ വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്. പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ അനുവദിക്കണം എന്ന് ലിവര്‍പൂള്‍ പ്രാദേശിക മാധ്യമം ലിവര്‍പൂള്‍ ഏകോ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരുന്നു എന്നതും ശ്രദ്ധേയമായി.
യുകെയില്‍ ജനിച്ചു വളര്‍ന്നുവെന്ന് കരുതപ്പെടുന്ന കൗമാരക്കാരന്‍ മുന്‍പും പോലീസ് കേസില്‍ ഉള്‍പ്പെട്ടതായും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു താമസിക്കുന്നതോടെ കെവിന്‍ കൂട്ടുകെട്ടില്‍ പെട്ടതായാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. അതിനിടെ മറ്റൊരു കൗമാരക്കാരന്‍ ഈ പ്രദേശത്തു നിന്നും 18 മാസത്തെ ജയില്‍ ശിക്ഷ നേടിയതും റെസ്റ്റോറന്റില്‍ നടന്ന സംഭവത്തില്‍ മറ്റൊരു പയ്യന്‍ കേസില്‍ അകപ്പെട്ടതും കമല വേ എന്ന ലിവര്‍പൂളിലെ താഴ്ന്ന വരുമാനക്കാരുടെ പ്രദേശത്തു ജീവിക്കുന്ന മറ്റു മലയാളി കുടുംബങ്ങളെയും ആശങ്കയില്‍ ആക്കുകയാണ്. കൗമാരക്കാര്‍ സകല മര്യാദകളും ലംഘിച്ച് അഴിഞ്ഞാടുന്ന പ്രദേശമായി ഇവിടം മാറിയിരിക്കുകയാണ് എന്നും മലയാളികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
രാവേറെ സൈക്കിളില്‍ കറങ്ങി നടക്കുന്ന കൗമാരക്കാര്‍ ഈ പ്രദേശത്തെ പതിവ് കാഴ്ചയാണെന്നും മലയാളികള്‍ തന്നെ വെളിപ്പെടുത്തുന്നു. ത്രീ ബെഡ്റൂം വീടിനു വെറും 1,35,000 പൗണ്ട് മാത്രം വിലയുള്ള ഈ പ്രദേശത്തു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ താമസം തുടങ്ങിയ മലയാളി കുടുംബങ്ങളാണ് ഇപ്പോള്‍ മക്കള്‍ വളര്‍ന്നതോടെ തീരാ വേദനയിലേക്ക് മാറിയിരിക്കുന്നത്. ഓരോ നഗര പ്രദേശത്തും ഇത്തരം ചേരിസമാനമായ സ്ഥലങ്ങളില്‍ വിലക്കുറവില്‍ വീട് ലഭിക്കുമെങ്കിലും ആ പ്രദേശത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ കുടുംബമായി ജീവിക്കാന്‍ അത്ര മികച്ചതായിരിക്കില്ല എന്ന സൂചന കൂടിയാണ് കെവിന്റെയും മറ്റു കൗമാര മലയാളി പയ്യന്മാരുടെയും ജയില്‍ ജീവിതങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
കാമുകി നല്‍കിയ ക്വട്ടേഷന്‍, മുന്‍പിന്‍ നോക്കാതെ ഏറ്റെടുത്ത കെവിന്‍ എത്തിയത് തയ്യാറെടുപ്പോടെ
കോടതി രേഖകളില്‍ ഗേള്‍ എ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് കെവിന്‍ സമപ്രായക്കാരനും സഹപാഠിയും ആയ ആണ്‍കുട്ടിയെ നീളമേറിയ കത്തി ഉപയോഗിച്ച് നെഞ്ചില്‍ രണ്ടു തവണ കുത്തിയത്. കണ്ണ് മാത്രം പുറത്തുകാണുന്ന ബാല്‍ക്ലാവ എന്നറിയപ്പെടുന്ന മുഖംമൂടി ധരിച്ചാണ് കെവിന്‍ സൈക്കിളില്‍ കൃത്യനിര്‍വഹണം നടത്താന്‍ എത്തിയത്.
രാത്രി പത്തരയോടെ തന്റെ ഇരയെ തേടി എത്തിയ കെവിന്‍ കുത്തിയ ശേഷം ഉടന്‍ സ്ഥലത്തു നിന്നും പായുകയും ആയിരുന്നു. അധികമാരുടെയും ശ്രദ്ധ എത്താത്ത സ്ഥലത്തേക്കാണ് കുത്തേറ്റ കൗമാരക്കാരന്‍ ക്ഷണിക്കപ്പെട്ടത്. ഗേള്‍ എ എന്ന പെണ്‍കുട്ടി കുത്തേറ്റ കൗമാരക്കാരനെ വീട്ടിലേക്ക് ലൈംഗിക വേഴ്ചയ്ക്ക് ക്ഷണിക്കുക ആയിരുന്നു എന്ന് പോലീസ് പറയുന്നു. ഈ പെണ്‍കുട്ടിയുടെ ചിത്രം സ്‌നാപ്പ് ചാറ്റ് ആപ്പില്‍ പോസ്റ്റ് ചെയ്ത ശേഷമാണു കെവിന്‍ കൃത്യനിര്‍വഹണം നടത്താന്‍ എത്തിയത്.
കുത്തേറ്റ യുവാവ് സൈക്കിളില്‍ തന്നെ തന്റെ വീട്ടില്‍ മടങ്ങി എത്തിയ ശേഷമാണ് സംഭവം പോലീസില്‍ അറിയുന്നത്. നെഞ്ചില്‍ രണ്ടുതവണ കുത്തേറ്റ യുവാവ് മരണത്തിനു തൊട്ടരികെ നില്‍ക്കവെയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാര്‍ നടത്തിയ അതിവേഗ ജീവന്‍രക്ഷാ ശസ്ത്രക്രിയ വഴിയാണ് ഈ കൗമാരക്കാരന്‍ ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥികളും ഒരേ സ്‌കൂളിലെ സഹപാഠികളും ആയിരുന്നു ആണ്‍കുട്ടികളും പെണ്‍കുട്ടിയും എന്ന് ലിവര്‍പൂള്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണയില്‍ വെളിപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് തന്റെ വീട്ടിലേക്ക് ലൈംഗിക ബന്ധത്തിനായി പെണ്‍കുട്ടിയില്‍ നിന്നും ക്ഷണം എത്തുന്നത്. എന്നാല്‍ കെവിന്‍ കൂടെയുണ്ടോ എന്ന് കുത്തേറ്റ കൗമാരക്കാരന്‍ പെണ്‍കുട്ടിയോട് ചോദിച്ചത് പൊലീസിന് നിര്‍ണായക തെളിവായി. കെവിന്‍ കൂടെയില്ലെന്നു പെണ്‍കുട്ടി മറുപടി നല്‍കുകയും ചെയ്തു. മാത്രമല്ല എങ്കില്‍ സംഭവ സ്ഥലത്തേക്ക് എത്താന്‍ നിര്‍ദേശിച്ചതും പെണ്‍കുട്ടിയാണ്. ഇതോടെ കെവിനും പെണ്‍കുട്ടിയും ചേര്‍ന്ന് നടത്തിയ തിരക്കഥയുടെ ഭാഗമാണോ ആക്രമണം എന്ന സംശയവും ബലപ്പെടുന്നുണ്ട്. എന്നാല്‍ കേസില്‍ പെണ്‍കുട്ടി പ്രതിഭാഗത്ത് എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
കൃത്യമായ തിരക്കഥ, പാളിച്ചയില്ലാത്ത നിര്‍വഹണം, ഡോക്ടര്‍മാരുടെ മൊഴികള്‍ നിര്‍ണായകമായി
ആക്രമണം നടത്തിയ ശേഷം അവള്‍ എന്റേതാണ് എന്ന് കെവിന്‍ ആക്രോശിച്ചതായും കുത്തേറ്റ കൗമാരക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കുത്തേറ്റ കൗമാരക്കാരന്‍ തന്റെ ഓണ്‍ - ഓഫ് ഗേള്‍ഫ്രണ്ട് ആയ പെണ്‍കുട്ടിയോട് കുത്തേറ്റ ശേഷം താന്‍ മരിച്ചേക്കും എന്ന് സന്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടി കെവിന് എന്താണ് സംഭവിക്കുന്നത് എന്ന് മെസേജ് അയക്കുകയും ചെയ്തിരുന്നു.
ഈ മെസേജിനു കെവിന്‍ നല്‍കിയ മറുപടി അവന്‍ വന്നത് എ എന്ന പെണ്‍കുട്ടിയുമായി അവന്‍ ലൈംഗിക ബന്ധത്തിന് തയ്യാറായാണ് വന്നതെന്നും അവന്‍ ഇനിയും വന്നാല്‍ ഇത് തന്നെ ആയിരിക്കും സംഭവിക്കുക എന്നും കെവിന്‍ താക്കീതോടെയുള്ള മറുപടി നല്‍കിയതായും പോലീസ് കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല കാമുകിയായ പെണ്‍കുട്ടിയോട് മൊബൈല്‍ ഫോണ്‍ ഒളിച്ചു വയ്ക്കാനും കെവിന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ഈ സംഭവത്തില്‍ പ്രകോപനം ആകാവുന്ന പല കാര്യങ്ങളും ഒളിഞ്ഞിരിക്കുന്നതായി പൊലീസിന് സംശയം ഉണ്ടാവുകയും തുടര്‍ന്ന് കെവിനെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
ആക്രമണം നടന്ന ശേഷം രാവ് ഇരുട്ടി വെളുക്കും മുന്‍പേ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ പിന്‍ഭാഗത്തും കൂടി ഓടി രക്ഷപ്പെടാനാണ് കെവിന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ് ഓടിച്ചിട്ടു പിടികൂടുക ആയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ കെവിന്‍ മുന്‍കൂട്ടി തയ്യാറാക്കിയ സ്റ്റേറ്റ്‌മെന്റ് അനുസരിച്ചാണ് പൊലീസിന് മൊഴി നല്‍കിയത്. ഇതില്‍ കുത്തേറ്റ യുവാവ് തന്നെ ആക്രമിക്കാന്‍ മുതിര്‍ന്നെന്നും തുടര്‍ന്ന് താന്‍ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമത്തില്‍ കുത്തേല്‍ക്കുക ആയിരുന്നു എന്നതുമാണ് കെവിന്‍ എടുത്ത നിലപാട്.
ഒരു ഘട്ടത്തില്‍ താന്‍ കുത്തിയോ എന്ന് പോലും ഉറപ്പില്ല എന്ന മൊഴി നല്‍കി കേസില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും കെവിന്‍ ശ്രമം നടത്തി. കുത്തേറ്റു വീണ കൗമാരക്കാരന്റെ ദേഹത്തേക്ക് വീണു കിടന്നാണ് കെവിന്‍ അവള്‍ എന്റേതാണ് എന്ന് ആക്രോശിച്ചത്. തുടര്‍ന്ന് സൈക്കിള്‍ പാഞ്ഞു പോയ കെവിനോട് മടങ്ങിവാടാ എന്ന് മുറിവേറ്റ വെപ്രാളത്തിനിടയിലും ആണ്‍കുട്ടീ വിളിച്ചു പറഞ്ഞിരുന്നതായും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
കുടുംബവും സാഹചര്യവും കെവിനെ അക്രമിയാക്കി എന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ല
എന്നാല്‍ കരുതിക്കൂട്ടിയുള്ള ആക്രമണത്തിന്റെ ആഘാതം മുറിവുകളില്‍ വ്യക്തമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ മൊഴി. മാത്രമല്ല ആക്രമണത്തിന് ഉള്ള തയ്യാറെടുപ്പോടെ റേസര്‍ കണക്കെ കത്തി മൂര്‍ച്ച കൂട്ടി വച്ചിരുന്നതും കെവിന് എതിരായ തെളിവായി. പോലീസ് നടത്തിയ തിരച്ചിലില്‍ കെവിന്റെ മുറിയില്‍ നിന്നും മുഖമൂടിയും കത്തിയും കണ്ടെടുക്കുക ആയിരുന്നു. രണ്ടു വര്‍ഷം മുന്‍പ് 14 വയസ് മാത്രം പ്രായമുള്ളപ്പോഴും കെവിന്‍ ഒരു ആക്രമണ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നതായും കോടതിയില്‍ പോലീസ് വ്യക്തമാക്കി. കത്തി കയ്യില്‍ കരുതിയുള്ള ആക്രമണം തന്നെ ആയിരുന്നു അന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രതിയുടെ പ്രായം പരിഗണിച്ചും കുട്ടിക്കാലം മുതല്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം കണക്കിലെടുത്തും കോടതി ദയവ് കാട്ടണമെന്നു പ്രതിക്ക് വേണ്ടി ഹാജരായ ലോയ്ഡ് മോര്‍ഗന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു.
മദ്യത്തിന് അടിമയായ പിതാവിനൊപ്പം വളര്‍ന്ന കെവിന് ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ റോള്‍ മോഡല്‍ ഉണ്ടായിരുന്നില്ല എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്. മാതാപിതാക്കളില്‍ നിന്നും അകന്നു ഏഴോ എട്ടോ വയസു വരെ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കീഴില്‍ വളരേണ്ടി വന്ന അനുഭവവും കെവിന്റെ ജീവിതത്തില്‍ ഉണ്ടെന്നും കോടതിയില്‍ വെളിവാക്കപ്പെട്ടിരുന്നു. ഇതെല്ലം കൂട്ടിച്ചേര്‍ത്തു വയ്ക്കുമ്പോള്‍ സാഹചര്യങ്ങള്‍ കെവിനേ ഇത്തരത്തില്‍ മാറ്റിയെടുത്തു എന്ന കാര്യം കോടതി പരിഗണിക്കണം എന്നായിരുന്നു അഭിഭാഷകന്റെ വാദം. പ്രായം കുറഞ്ഞ കുറ്റവാളികള്‍ക്കുള്ള പ്രത്യേക ജയിലില്‍ ആയിരിക്കും കെവിന്റെ ഇനിയുള്ള വര്‍ഷങ്ങള്‍. ആജീവനാന്തകാലം പ്രതി തന്റെ ഇരയെ കാണുന്നതിനുള്ള വിലക്കും വിധിയുടെ ഭാഗമാണ്.
ഈ ചെറുപ്രായത്തില്‍ ഇത്രയും തയ്യാറെടുപ്പുകള്‍ നടത്തിയ ആക്രമണം കൊല എന്ന ലക്ഷ്യത്തില്‍ തന്നെ ആയിരുന്നെന്നും ഭാഗ്യം ഇരയ്ക്കൊപ്പം ആയതിനാല്‍ മാത്രമാണ് അയാള്‍ ജീവിച്ചിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല പ്രതി എത്രകാലം സമൂഹത്തിനു ഭീഷണി അല്ലാതെ ജീവിക്കും എന്ന് പ്രവചിക്കുക സാധ്യമല്ലെന്നു കോടതി പറഞ്ഞതും നിര്‍ണായകമാണ്. വിചാരണയില്‍ ഉടനീളം കെവിന്‍ മനഃസ്താപം നേരിടുന്നതിന്റെ ഒരു സൂചന പോലും പ്രകടിപ്പിച്ചില്ല എന്നും കോടതി നിരീക്ഷിച്ചിരുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥി ജിസിഎസ്ഇ പരീക്ഷയില്‍ വളരെ മോശം പ്രകടനം നടത്തിയതും ഇനി ജീവിതത്തില്‍ ഒരാളെ പോലും വിശ്വസിക്കില്ല എന്ന് കോടതിയില്‍ എഴുതി നല്‍കിയ പ്രസ്താവനയും വിചാരണ വേളയില്‍ കോടതിയെ ആഴത്തില്‍ സ്വാധീനിച്ചിരിക്കാന്‍ സാധ്യത ഏറെയാണ്. പൊതു സ്ഥലങ്ങളില്‍ ഭയം കലര്‍ന്ന കരുതലോടെ മാത്രമേ തനിക്കിനി എത്താനാകൂ എന്നും ആക്രമണത്തിന്റെ ഭയം സൃഷ്ടിച്ച ആഘാതം ജീവിതകാലം മുഴുവന്‍ തനിക്കൊപ്പം ഉണ്ടാകും എന്നും ഈ കൗമാരക്കാരന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.