കൊച്ചി: ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച് ആണ്‍സുഹൃത്ത് അലന്‍. കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. മദ്യലഹരിയായിരുന്നു കൊലപാതകമെന്നും അലന്‍ പൊലീസിനോട് കുറ്റസമ്മതം നടത്തി. മദ്യലഹരിയിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. പ്രതി കുറ്റസമ്മതം നടത്തി. കൃത്യം നടത്തിയത് മദ്യലഹരിയിലാണെന്നും സംശയം മൂലമുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

ബംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു കാണാതായത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ആണ്‍ സുഹൃത്തിനോടൊപ്പം ചിത്രപ്രിയ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്.

പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിട്ടയച്ചു. പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പുകയായിരുന്നു. എന്നാല്‍ ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. മുണ്ടങ്ങാമറ്റം തുരുത്തിപറമ്പില്‍ വീട്ടില്‍ ഷൈജുവിന്റെ മകള്‍ ചിത്രപ്രിയയുടെ (19) മൃതദേഹമാണ് വീടിന് ഒരുകിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചമുതല്‍ ചിത്രപ്രിയയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മാതാവ് ജോലിചെയ്യുന്ന കാറ്ററിങ് യൂനിറ്റിലെ സഹപ്രവര്‍ത്തകരുടെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. പെണ്‍കുട്ടിയുടെ തലയുടെ പിന്നില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കല്ലോ മറ്റെന്തെങ്കിലും ആയുധങ്ങളെ കൊണ്ട് ആക്രമിച്ച രീതിയിലുള്ള മുറിവാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാണ്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സഥലത്തെത്തി. ബംഗളൂരുവില്‍ ഏവിയേഷന്‍ കോഴ്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡിന് സമീപത്തെ വിജനമായ പറമ്പിലാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് മൃതദേഹം കണ്ടെത്തിയത്.

മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്കടുത്ത് സെബിയൂര്‍ റോഡിനടുത്തെ ഒഴിഞ്ഞ റബര്‍തോട്ടത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹം കണ്ടെത്തിയ റബര്‍ തോട്ടം അടുത്തിടെ സ്‌ളോട്ടര്‍ ടാപ്പിംഗ് നടത്തിയതാണ്. ശനിയാഴ്ച രാത്രി ചിത്രപ്രിയയുടെ വീടിന് സമീപത്തെ അയ്യപ്പസേവാസംഘം ദേശവിളക്കില്‍ ചിത്രപ്രിയയും ഷിനിയും എത്തിയിരുന്നു. താലപ്പൊലിയിലും പങ്കെടുത്തു. 11 മണിയോടെ ഷിനി വീട്ടിലേക്ക് മടങ്ങി. ചിത്രപ്രിയ വീട്ടിലെത്തിയില്ല.