- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും മാലദ്വീപ് ചെയ്യില്ലെന്ന് മുഹമ്മദ് മുയിസു; മാലിദ്വീപ് ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തെന്ന് നരേന്ദ്രമോദി; സമുദ്ര രംഗത്തെ സുരക്ഷയടക്കം പരസ്പര സഹകരണം വ്യക്തമാക്കി സംയുക്ത പ്രസ്താവന
ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയിസു ഇന്ത്യയിലെത്തിയത് ആദ്യമായി
ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും മാലദ്വീപ് ചെയ്യില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. ബഹുമാനങ്ങളിലും താത്പര്യങ്ങളിലുമുള്ള പാരസ്പര ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും മുയിസു പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മാലിദ്വീപ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നതും ഈ ബന്ധം പുരാതനകാലം മുതല്‍ തുടങ്ങിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമുദ്ര രംഗത്തെ സുരക്ഷയടക്കം വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് നീങ്ങും. മാലിദ്വീപിലെ ജനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ബെംഗളൂരുവില്‍ പുതിയ മാലിദ്വീപ് കോണ്‍സുലേറ്റ് തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും മോദി പറഞ്ഞു. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന ഒരു നീക്കവും നടത്തില്ലെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ്ദ് മുയിസുവും പറഞ്ഞു. ഇന്ത്യയുമായി സഹകരിച്ച് മുന്നോട്ട് പോകും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയിസു ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയ ഉടനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്നാണ് പ്രധാനമന്ത്രിയെ കണ്ടത്.
ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈദരാബാദ് ഹൗസിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച നടന്നത്. ഭാര്യ സജിദ മുഹമ്മദും മുയിസുവിനൊപ്പമുണ്ട്. ഒക്ടോബര്‍ പത്തുവരെയാണ് ഇന്ത്യാ സന്ദര്‍ശനം.
നേരത്തേ നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാലദ്വീപ് അടുത്ത കാലത്തായി ഇന്ത്യയുമായി അത്ര സ്വരചേര്‍ച്ചയിലല്ല. 2023-ല്‍ 'ഇന്ത്യ ഔട്ട്' കാമ്പയിന്‍ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ് മുയിസു. ചൈനയോടുള്ള മുയിസുവിന്റെ അതിരുകവിഞ്ഞ ചായ്വ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. മാലദ്വീപിലെ ഇന്ത്യന്‍ സായുധസേനയെ പുറത്താക്കണം എന്നുവരെ മുയിസു തിരഞ്ഞെടുപ്പ് കാലത്ത് വാദിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മാലദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മാലദ്വീപിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന എല്ലാ സൈന്യങ്ങളെക്കൊണ്ടും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇന്ത്യയടക്കം ഒരു രാജ്യത്തേയും പ്രത്യേകമായി ഉദ്ദേശിച്ചായിരുന്നില്ല തന്റെ നിലപാടെന്നും മുയിസു കഴിഞ്ഞ മാസം യു.എന്നില്‍ പറഞ്ഞിരുന്നു.