മുംബൈ: തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് മലേഗാവ് സ്‌ഫോടന കേസിലെ പ്രതികളെ എന്‍ഐഎ പ്രത്യേക കോടതി വെറുതേ വിട്ടത്. കേസിലെ മുഖ്യപ്രതികളുടെ സ്ഥാനത്തുണ്ടായിരുന്നവരെയാണ് കോടതി തെളിവുകളില്ലെന്ന് കണ്ട് മോചിപ്പിച്ചത്. പ്രതികളിലൊരാളായ കേണല്‍ ശ്രീകാന്ത് പുരോഹിത്, ആര്‍ഡിഎക്‌സ് വാങ്ങി എന്നതിന് തെളിവില്ലെന്ന് കോടതി പറഞ്ഞു.

ഗൂഢാലോചനകള്‍ക്ക് യോഗം ചേര്‍ന്നതിനും തെളിവില്ല. ബോംബ് പ്രഗ്യാസിങ് ഠാക്കൂറിന്റെ ബൈക്കിലാണ് വച്ചത് എന്നിനും തെളിവില്ല. പുരോഹിതിന്റെ വിരലടയാളം ഒരിടത്തുമില്ല. നാല് ഏജന്‍സികള്‍ അന്വഷിച്ചിട്ടും മതിയായ തെളിവില്ല. അന്വേഷണത്തില്‍ നിരവധി സാങ്കേതികപിഴവുണ്ടെന്നും അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.

എല്‍എംഎല്‍ ഫ്രീഡം ബൈക്കില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്നും ആ ബൈക്കിന്റെ ഉടമ പ്രഗ്യാസിങ് താക്കൂര്‍ ആണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സ്‌ഫോടനത്തിനു രണ്ടുവര്‍ഷം മുമ്പ് അവര്‍ സന്യാസിയായതിനാല്‍ ബൈക്ക് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു.

അതേസമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. യുഎപിഎ, ആയുധ നിയമം, മറ്റ് കുറ്റങ്ങള്‍ എന്നിവയില്‍ നിന്ന് എല്ലാം പ്രതികളെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ഭീകരതയ്ക്ക് മതമില്ലെന്നും ഒരുമതത്തിനും അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, ചില ധാരണകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ആരെയും ശിക്ഷിക്കാനാകില്ല. ശക്തമായ തെളിവുകള്‍ വേണമെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

അതേസമയം പ്രതികളെ വെറുതെവിട്ട പ്രത്യേക എന്‍.ഐ.എ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇരയുടെ അഭിഭാഷകന്‍ ഷാഹിദ് നദീം പറഞ്ഞു. വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. സ്‌ഫോടനം നടന്നുവെന്നത് കോടതിയില്‍ തെളിഞ്ഞ കാര്യമാണ്. വിധിക്കെതിരെ വ്യക്തിഗതമായാണ് അപ്പീല്‍ നല്‍കുകയെന്നും ഷാഹിദ് നദീം അറിയിച്ചു.

കോളിളക്കം സൃഷ്ടിച്ച 2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ മുന്‍ ഭോപാല്‍ ബി.ജെ.പി എം.പി സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് അടക്കം ഏഴ് പ്രതികളെയും പ്രത്യേക എന്‍.ഐ.എ കോടതി വെറുതെ വിട്ടത്. പ്രജ്ഞ സിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി എന്നിവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്. കേസില്‍ രാമചന്ദ്ര കല്‍സങ്കര അടക്കം രണ്ടുപേര്‍ പിടികിട്ടാപ്പുള്ളികളാണ്.

2008 സെപ്റ്റംബര്‍ 29ന് രാത്രിയില്‍ മാലേഗാവിലെ ബിക്കുചൗക്കിലാണ് സ്‌ഫോടനമുണ്ടായത്. ചെറിയ പെരുന്നാള്‍ തലേന്ന് മാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്താണ് എല്‍.എം.എല്‍ ഫ്രീഡം മോട്ടാര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംമ്പ് പൊട്ടിത്തെറിച്ചത്. ആറു പേര്‍ മരിക്കുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന് ഉപയോഗിച്ച എല്‍.എം.എല്‍ ഫ്രീഡം ബൈക്ക് പ്രജ്ഞ സിങ്ങിന്റേതാണെന്നും സ്‌ഫോടനത്തിന് ആര്‍.ഡി.എക്‌സ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ തരപ്പെടുത്തിയത് പുരോഹിതാണെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതും യോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആണ് മാലേഗാവ് സ്‌ഫോടന കേസ് പ്രതികളെ പിടികൂടിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞ സിങ്ങിലേക്ക് നയിച്ചത്. മുസ്‌ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്നായിരുന്നു കുറ്റപത്രം. കേസില്‍ 11 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.

2011 എന്‍.ഐ.എ കേസേറ്റെടുത്തതോടെ, നാലുപേരെ ഒഴിവാക്കുകയും കേസില്‍ മകോക നിയമം പിന്‍വലിക്കുകയും ചെയ്തു. പ്രജ്ഞ സിങ്ങിനെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ എന്‍.ഐ.എ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പിന്നീട് പ്രജ്ഞ സിങ്ങിനെ ബി.ജെ.പി 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ ഭോപാല്‍ സീറ്റില്‍ മത്സരിപ്പിച്ച് എം.പിയാക്കിയിരുന്നു. 323 സാക്ഷികളില്‍ 30 ഓളം പേര്‍ വിചാരണക്കുമുമ്പ് മരിച്ചു. ശേഷിച്ചവരില്‍ 37 പേര്‍ വിചാരണക്കിടെ കൂറുമാറുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷ നിയമം, യു.എ.പി.എ, സ്‌ഫോടന വസ്തു നിയമങ്ങള്‍ പ്രകാരമായിരുന്നു കേസിന്റെ വിചാരണ.