തൃശ്ശൂര്‍: കേരളത്തിലെ സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിടിമുറുക്കിയിട്ട് കാലം കുറച്ചായി. വി സി നിയമന കാര്യങ്ങളില്‍ ഗവര്‍ണര്‍ തന്റെ സ്വാതന്ത്ര്യം പരമാവധി ഉപയോഗിച്ചതോടെ സര്‍ക്കാറിന് വേണ്ടപ്പെട്ടവരെ തിരുകി കയറ്റാന്‍ പറ്റാത്ത അവസ്ഥയായി. കലാമണ്ഡലം ഒഴികെയുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബില്‍ കൊണ്ടുവന്നെങ്കിലും രാഷ്ട്രപതിയും തള്ളിയതോടെ സര്‍ക്കാര്‍ ശ്രമം വിജയിച്ചില്ല. മറ്റുസംസ്ഥാനങ്ങളും സമാനനീക്കം നടത്തിയെങ്കിലും അതിനും രാഷ്ട്രപതി അംഗീകാരം നല്‍കിയില്ല. ഇതോടെയാണ് ഗവര്‍ണറോടുള്ള വാശിക്ക് കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ സ്ഥാനത്ത് പ്രശസ്ത ഭരതനാട്യം കലാകാരി മല്ലികാ സാരാഭായിയെ നിയമിച്ചത്. ഇപ്പോള്‍ കലാമണ്ഡലം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുമ്പോള്‍ മല്ലികയെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുറച്ചുകാലമായി കലാമണ്ഡലം നേരിടുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്് അധ്യാപകരടക്കം 134 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി മന്ത്രി സജി ചെറിയാന്റെ ഇടപെടനിലെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അധ്യാപകര്‍ ഉള്‍പ്പെടെ പിരിച്ചുവിട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നതിനാല്‍ മുന്നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന കലാമണ്ഡലത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യയനം മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു.

സുരക്ഷ, മെസ്, ഹോസ്റ്റല്‍, ഓഫിസ് പ്രവര്‍ത്തനങ്ങളും അവതാളത്തിലാകുമായിരുന്നു. നടപടി വന്‍ വിവാദമായതോടെയാണ് മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായതും ഉത്തരവു തിരക്കിട്ടു പിന്‍വലിച്ചതും. അതേസമയം എങ്കിലും, സാമ്പത്തികപ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. സ്ഥിരം ജീവനക്കാര്‍ക്കുള്‍പ്പെടെ 2 മാസത്തെ ശമ്പളം കുടിശികയാണ്. 70 സ്ഥിരം ജീവനക്കാരാണു കലാമണ്ഡലത്തിലുള്ളത്. ഇതില്‍ 52 പേര്‍ അധ്യാപകരാണ്.

ഇപ്പോഴത്തെ നിലയില്‍ കടുത്ത പ്രതിസന്ധിയിലാണ് കലാമണ്ഡലം. സര്‍ക്കാര്‍ സഹായം നേടിയെടുക്കേണ്ടത് അനിവാര്യമാണ് താനും. ഇതിനിടെയാണ് കലാമണ്ഡലത്തിന് ചാന്‍സലര്‍തന്നെ ബാധ്യതയായി മാറുന്ന അവസ്ഥയുണ്ടായത്. ഗവര്‍ണറോട് വാശിക്ക് നിയമിച്ച മല്ലികയ്ക്ക് വേണ്ടി 36 ലക്ഷത്തോളം രൂപയാണ് വര്‍ഷം ചെലവഴിക്കേണ്ടി വരുന്നത്. ഗവര്‍ണറായിരുന്നു ചാന്‍സലര്‍ എങ്കില്‍ ഒരു രൂപ പോലും നല്‍കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആ സ്ഥാനത്താണ് സര്‍ക്കാറിന്റെ വാശിക്കായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട അവസ്ഥ വരുന്നത്.

തുടക്കത്തില്‍ വേതമില്ലാതെയാണ് ഇവരുടെ നിയമനം എന്നാണ് സര്‍ക്കാര്‍ അവകാശപ്പട്ടത്. എന്നാല്‍, കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലാ ചാന്‍സലര്‍ മല്ലികാ സാരാഭായിക്ക് സര്‍ക്കാര്‍ പിന്നീട് വേതനം നിശ്ചയിച്ചു. ഓണറേറിയമായി മാസം 1.75 ലക്ഷവും ഓഫീസ് ചെലവിനായി 25,000 രൂപയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. യാത്രച്ചെലവും മറ്റുസൗകര്യവുമാണ് നല്‍കിയിരുന്നത്. സാമ്പത്തികബാധ്യതയുണ്ടാകില്ലെന്നു പറഞ്ഞാണ് ചാന്‍സലറായി നിയമിച്ചത്. എന്നാല്‍, വേതനത്തിന് വ്യവസ്ഥയുണ്ടാകണമെന്ന് സര്‍ക്കാരിനോട് മല്ലിക ആവശ്യപ്പെട്ടു. സര്‍ക്കാരിന് രജിസ്ട്രാറും കത്തുനല്‍കി. ഇതേത്തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ കലാമണ്ഡലത്തിനുസമാനമായ സ്ഥാപനങ്ങളിലെ ചാന്‍സലര്‍മാരുടെ ശമ്പളവ്യവസ്ഥ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ചാന്‍സലറുടെ ചെലവ് സര്‍വകലാശാലകള്‍ വഹിക്കുമെന്നായിരുന്നു ബില്ലില്‍ പറഞ്ഞിരുന്നത്. കലാമണ്ഡലം കല്പിത സര്‍വകലാശാലയായതിനാലാണ് മല്ലികാ സാരാഭായിയെ സര്‍ക്കാര്‍ സ്വന്തംനിലയ്ക്ക് ചാന്‍സലറാക്കിയത്. കലാമണ്ഡലം കേന്ദ്രമാക്കി സാംസ്‌കാരിക സര്‍വകലാശാല രൂപവത്കരിക്കുന്നതിന് നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നുമുണ്ട്. കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായിക്ക് ശമ്പളം നല്‍കാനുള്ള തീരുമാനത്തിനെതിരെ മുന്‍ രജിസ്ട്രാര്‍ എന്‍.ആര്‍. ഗ്രാമപ്രകാശ് രംഗത്തു വന്നിരുന്നു. ഒരു പണിയും എടുക്കാത്ത ആള്‍ക്ക് ശമ്പളം കൊടുക്കുന്നത് വളരെ മോശമായ കീഴ്വഴക്കമാണെന്ന് അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.

തീരുമാനം കലാമണ്ഡലത്തെ സാമ്പത്തികമായി തകര്‍ക്കുമെന്ന് ഗ്രാമപ്രകാശ് അന്ന് പറഞ്ഞിരുന്നു. ജീവനക്കാര്‍ക്കുപോലും ശമ്പളം നല്‍കാനുള്ള ശേഷി കലാമണ്ഡലത്തിന് ഇല്ലാത്ത സാഹചര്യത്തില്‍ ഇത്രയും തുക നല്‍കുന്നത് ശരിയല്ലെന്നും ഭരതനാട്യ കലാകാരി എന്നതിനപ്പുറം ഒരു അധിക യോഗ്യതയും മല്ലിക സാരാഭായിക്ക് ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അദ്ദേഹം പറഞ്ഞതു പോലെയാണ് ഇപ്പോഴത്തെ കാര്യളുടെ പോക്കും.

2022-ല്‍ ആണ് കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി വിഖ്യാത നര്‍ത്തകി മല്ലികാ സാരാഭായിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ഗവര്‍ണറെ ചാന്‍സലര്‍സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയായിരുന്നു മല്ലികയുടെ നിയമനം. പുതിയ ചാന്‍സലര്‍മാരുടെ നിയമനം സാമ്പത്തികബാധ്യത വരുത്തില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, ഇവര്‍ക്ക് ഇപ്പോള്‍ നല്‍കുന്നത് 36 ലക്ഷത്തിലേറെ തുകയുമാണ്. ഇപ്പോഴത്തെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വരുത്തിവെച്ചതാണ് എന്നാണ് ജീവനക്കാര്‍ തന്നെ വിമര്‍ശിക്കുന്നത്. എന്നാല്‍ തങ്ങള്‍ ക്ഷണിച്ചുവരുത്തിയ മല്ലിക സാരഭായിയെ തള്ളിപ്പറയാനും അവര്‍ക്ക് കഴിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.