- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല.., മറിച്ച് സാധാരണക്കാരുടെ മനസ്സില്‍ മങ്ങാതെ, മായാതെ നില്‍ക്കുന്നത് ഇതുപോലെയുള്ള സല്‍പ്രവര്‍ത്തികളാണ്.... സഹപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട ഭരണാധികാരി.... ഞാന്‍ വളരെ മുന്‍പേ പറഞ്ഞതാണ്.. ആരാധ്യനായ മേയര്‍ക്ക് അഭിനന്ദനങ്ങള്‍...; ഇതാകണം മേയര്‍; വിവി രാജേഷിനെ അഭിനന്ദിച്ച് മല്ലികാ സുകുമാരന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പിന്നാലെ റെക്കോര്‍ഡ് വേഗത്തില്‍ നഗരം വൃത്തിയാക്കി മാതൃകയായ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനെ പ്രശംസിച്ച് നടി മല്ലിക സുകുമാരന്‍. ആത്മപ്രശംസയല്ല, ഇതുപോലെയുള്ള സല്‍പ്രവൃത്തികളാണ് ജനമനസ്സുകളില്‍ നില്‍ക്കുകയെന്ന് മല്ലിക തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. സഹപ്രവര്‍ത്തകര്‍ കണ്ടുപഠിക്കേണ്ട ഭരണാധികാരിയാണ് രാജേഷെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
പൊങ്കാല ദിവസം പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്കിടയില്‍ സജീവമായിരുന്ന മേയറും സംഘവും, നിവേദ്യം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേരിട്ട് നേതൃത്വം നല്‍കി. പുലര്‍ച്ചെ 2.10-ന് കരമനയിലെ ശുചീകരണ ജോലികള്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന മേയറുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മല്ലികയുടെ പ്രതികരണം. 'ഇതാകണം മേയര്‍' എന്നാണ് മല്ലിക പങ്കുവെച്ച പോസ്റ്ററിലെ വാചകങ്ങള്‍.
മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അത്യാധുനികമായ രീതിയിലാണ് കോര്‍പ്പറേഷന്‍ നഗരം വൃത്തിയാക്കിയത്. പ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്. പൊങ്കാലയ്ക്ക് ശേഷം റോഡിലെ പൊടി ശമിപ്പിക്കാന്‍ ആദ്യമായി കൃത്രിമ മഴ പെയ്യിച്ച് റോഡ് കഴുകി വൃത്തിയാക്കി. പ്രധാന പാതകളെല്ലാം രാത്രിതന്നെ ഗതാഗതയോഗ്യമാക്കി. ഏകദേശം 3500 ശുചീകരണ തൊഴിലാളികളെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരുന്നത്. 1200 സ്ഥിരം ജീവനക്കാര്‍ക്കൊപ്പം താല്‍ക്കാലിക തൊഴിലാളികളും കൈകോര്‍ത്തു.
മാലിന്യം നീക്കം ചെയ്യാന്‍ ടിപ്പറുകളും ലോറികളുമുള്‍പ്പെടെ 227 വാഹനങ്ങള്‍ നിരത്തിലിറക്കി. റോഡരികില്‍ കൂട്ടിയിട്ട കട്ടകള്‍ ശേഖരിച്ച് ചാല ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റി. കോര്‍പ്പറേഷന്‍ സഹായത്തോടെ നിര്‍മിക്കുന്ന ലൈഫ് വീടുകള്‍ക്കായി ഈ കട്ടകള്‍ സൗജന്യമായി നല്‍കാനാണ് തീരുമാനം. ആറ്റുകാല്‍, ഈഞ്ചയ്ക്കല്‍ തുടങ്ങി നാല് കേന്ദ്രങ്ങളിലേക്ക് ശേഖരിച്ച മാലിന്യങ്ങള്‍ മാറ്റി. ഇടറോഡുകളിലെ ശുചീകരണം വരുംദിവസങ്ങളിലും തുടരും. നഗരസഭയുടെ ഈ ക്രിയാത്മക ഇടപെടലിനെ രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നുണ്ട്.
മല്ലികാ സുകുമാരന്റെ പോസ്റ്റ് ചുവടെ
ആത്മപ്രശംസയും വഴിവിട്ട വാദപ്രതിവാദങ്ങളും അല്ല..,മറിച്ച് സാധാരണക്കാരുടെ മനസ്സില്‍ മങ്ങാതെ,മായാതെ നില്‍ക്കുന്നത് ഇതുപോലെയുള്ള സല്‍പ്രവര്‍ത്തികളാണ്.... സഹപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ട ഭരണാധികാരി....ഞാന്‍ വളരെ മുന്‍പേ പറഞ്ഞതാണ്..ആരാധ്യനായ മേയര്‍ക്ക് അഭിനന്ദനങ്ങള്‍...
Rajesh... എല്ലാ ഭാവുകങ്ങളും....


