- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോണ്‍ ഹാക്ക് ചെയ്താല്‍ അതിലെ ഡേറ്റ മാത്രമേ എടുക്കാന്‍ കഴിയൂ; വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍നിന്നു സന്ദേശമയയ്ക്കാന്‍ കഴിയുക അസാധ്യം; ഇത് ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറിന് പോലും കഴിയാത്ത ഹാക്കിങ് കഥ; ഫോണ്‍ ഫോര്‍മാറ്റ് സംശയത്തില്‍; 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' പോലീസിന് വെല്ലുവിളിയാകും
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നടപടികളില്‍ ദുരൂഹത കണ്ട് പോലീസ്. ഫോണ്‍ ഹാക്ക് ചെയ്താല്‍ അതിലെ ഡേറ്റ മാത്രമേ എടുക്കാന്‍ കഴിയൂ. അല്ലാതെ ഹാക്കര്‍മാര്‍ക്ക് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍നിന്നു സന്ദേശമയയ്ക്കാന്‍ കഴിയില്ലെന്നാണ് കണ്ടെത്തല്‍. ഇസ്രയേല്‍ നിര്‍മിച്ച കോടികള്‍ വിലമതിക്കുന്ന ചാര സോഫ്റ്റ്വെയറിന് പോലും ഇതിന് കഴിയില്ലെന്നാണ് വിലയിരുത്തല്‍. ഈ സംഭവത്തില്‍ ഫോണ്‍ ഹാക്ക് ചെയ്‌തോ ഇല്ലയോ എന്നു മാത്രമേ പൊലീസിനു തെളിയിക്കാന്‍ കഴിയൂ. 2 ഫോണുകളും ഫോര്‍മാറ്റ് ചെയ്ത് എല്ലാ വിവരങ്ങളും നീക്കിയ ശേഷം നല്‍കിയതിനാല്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ ആര് ഉണ്ടാക്കി, ആരാണു സന്ദേശം അയച്ചത് എന്നൊന്നും ഇനി കണ്ടെത്താന്‍ കഴിയില്ലെന്നാണു പൊലീസ് നിലപാട്.
ഫോണിലുണ്ടായിരുന്ന എല്ലാ വിവരങ്ങളും നീക്കം ചെയ്ത ശേഷം ചൊവ്വാഴ്ച രാത്രിയാണ് പൊലീസിനു കൈമാറിയത്. എന്നാല്‍ അതു പരിശോധിക്കാനുള്ള പാസ്വേഡ് നല്‍കിയില്ല. വീണ്ടും ഗോപാലകൃഷ്ണനെ പൊലീസ് വിളിപ്പിച്ചപ്പോഴാണു അതു നല്‍കിയത്. അതോടൊപ്പം കയ്യിലുണ്ടായിരുന്ന ഐ ഫോണും ഹാജരാക്കാന്‍ നിര്‍ദേശിച്ചു. അതിലെയും വാട്‌സാപ് വിവരങ്ങള്‍ അടക്കം നീക്കം ചെയ്ത ശേഷമാണ് നല്‍കിയത്. വിവരങ്ങള്‍ ഫോര്‍മാറ്റ് ചെയ്താല്‍ അന്വേഷണം അസാധ്യമാകുമെന്ന് ഐഎഎസുകാരന് അറിയാം. എന്നിട്ടും അങ്ങനെ ചെയ്തതോടെ തെളിവ് നശീകരണം പൂര്‍ത്തിയായി. രണ്ടു ഫോണും വിശദ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് പൊലീസ് അയച്ചു. ്അവിടെ നിന്നുള്ള റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.
അതിനിടെ ഫോണ്‍ ഹാക്ക് ചെയ്തതായി തെളിവില്ലെന്നു മെറ്റ കമ്പനി അധികൃതര്‍ പൊലീസിനെ അറിയിച്ചു. ഫോണില്‍ അസ്വാഭാവിക നടപടി നടന്നതായി കണ്ടെത്താനായില്ല. ഫോണിന്റെ ഉടമ എന്തെങ്കിലും വാട്‌സാപ്പില്‍ ചെയ്‌തെന്നു കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നു കമ്പനി അറിയിച്ചതായി പൊലീസ് വിശദീകരിച്ചു. ഗ്രൂപ്പുകളുണ്ടാക്കിയില്ലെന്നും ഫോണ്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തതാണെന്നുമുള്ള ഗോപാലകൃഷ്ണന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവും ലഭിച്ചിട്ടില്ല.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് 4 ദിവസം ഗോപാലകൃഷ്ണന്‍ പരാതി നല്‍കാത്തതും പൊലീസ് സംശയത്തോടെ കാണുന്നു. കഴിഞ്ഞ ദീപാവലി ദിവസം ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണു താന്‍ അഡ്മിന്‍ ആയി വാട്‌സാപ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണു ഗോപാലകൃഷ്ണന്റെ മൊഴി. ഹിന്ദു, മുസ്ലിം എന്നീ പേരുകളിലടക്കം ഗ്രൂപ്പുകളുണ്ടായിരുന്നു. അതില്‍ വ്യത്യസ്ത മതങ്ങളില്‍പെട്ട ഐഎഎസ് ഉദ്യോഗസ്ഥരെ ചേര്‍ത്തിരുന്നു. എത്ര ഗ്രൂപ്പുകളുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന് നല്‍കിയ മൊഴിയിലും നേരത്തെ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം അറിയുന്നതെന്നും ഗോപാലകൃഷ്ണന്റെ മൊഴിയിലുണ്ടായിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായുള്ള 11 ഗ്രൂപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഗോപാലകൃഷ്ണന്‍ തന്നെ ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നാലെ അദ്ദേഹം തന്നെ പോലീസില്‍ പരാതിയും നല്‍കി. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പില്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള അംഗങ്ങളെയാണ് ചേര്‍ത്തിരുന്നത്.
ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതില്‍ ഗോപാലകൃഷ്ണനെ അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റ സന്ദേശമെത്തിയത്. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നും ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്‌തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നുമാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കിയത്.