- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിചയമുള്ള പെണ്‍കുട്ടിയുമായി റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്സോ കേസില്‍ പെടുത്തിയെന്ന് സഹോദരിക്ക് വീഡിയോ; വീടിന് മുന്നില്‍ ശരീരം അടക്കണമെന്ന അവസാന ആഗ്രഹം സ്ഥല പരിമിതിയില്‍ നടന്നില്ല; 'മല്ലു രതിന്' ഇനി യുട്യൂബില്‍ മാത്രം; രതിന് നീതി കിട്ടുമോ?
കല്‍പ്പറ്റ: പരിചയമുള്ള പെണ്‍കുട്ടിയുമായി സംസാരിച്ചതില്‍ പോലീസ് പോക്‌സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കേസില്‍പ്പെട്ടെന്ന് തെറ്റിദ്ധരിച്ച് പുഴയില്‍ച്ചാടി മരിച്ച അഞ്ചുകുന്ന് മാങ്കാണി ഊരിലെ ഓട്ടോ ഡ്രൈവര്‍ രതിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം തുടങ്ങി. നിലവില്‍ ഉദ്യോഗസ്ഥനെതിരേ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞു. അതിനിടെ എല്ലാം രതിന്റെ തെറ്റിധാരണയാക്കി മാറ്റാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രതിന്‍. പോലീസിന്റെ ഭീഷണിയില്‍ ഭയന്നാണ് രതിന്‍ ആത്മഹത്യചെയ്തതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും രതിന്റെ അമ്മാവന്‍ ഗോപാലന്‍ പറഞ്ഞു.
ശനിയാഴ്ച അഞ്ചുമണിയോടെയാണ് രതിനെ കാണാതായത്. അന്വേഷണത്തില്‍ ചേര്യംകൊല്ലി പുഴയ്ക്കുസമീപം ഓട്ടോ കണ്ടെത്തി. അഞ്ചുകുന്ന് വെള്ളരിവയലിനുസമീപം പുഴയില്‍നിന്ന് ഞായറാഴ്ച 11 മണിയോടെ പനമരം സി.എച്ച്. റെസ്‌ക്യു ടീമംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. പുഴയില്‍ ചാടുന്നതിനുമുന്‍പ് മരിക്കാന്‍പോവുകയാണെന്ന സൂചന നല്‍കിക്കൊണ്ട് രതിന്‍ സഹോദരി രമ്യക്ക് വീഡിയോസന്ദേശം അയച്ചിരുന്നു. പരിചയമുള്ള പെണ്‍കുട്ടിയുമായി റോഡരികില്‍ സംസാരിച്ചുനില്‍ക്കുന്നതിനിടെ നിരപരാധിയായ തന്നെ പോലീസ് പോക്‌സോ കേസില്‍പ്പെടുത്തിയെന്ന് രതിന്‍ സഹോദരിക്കയച്ച വീഡിയോയില്‍ പറയുന്നു. തന്റെപേരില്‍ പോക്‌സോ കേസെടുത്തെന്ന് തെറ്റിദ്ധരിച്ചാണ് രതിന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഈ വീഡിയോയില്‍ വ്യക്തം. എന്നിട്ടും പോലീസ് അങ്ങനൊന്നില്ലെന്ന് സമര്‍ത്ഥിക്കാനാണ് ശ്രമിക്കുന്നത്.
അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാണ് (24) മരിച്ചത്. വയനാട് എസ് പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കും. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ കമ്പളക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കിയത്. എന്നാല്‍ രതിന്റേത് തെറ്റിദ്ധാരണ മാത്രമാണെന്നും കേസെടുത്തത് പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനാണെന്നുമാണ് കമ്പളക്കാട് പൊലീസിന്റെ വാദം.
പോക്സോ കേസില്‍പ്പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പുതല അന്വേഷണം നടക്കുക. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി. രണ്ട് അന്വേഷണത്തിനും എസ്പിയാണ് ഉത്തരവിട്ടിരിക്കുന്നത്. ബന്ധുക്കളുടെ പരാതി മാദ്ധ്യമങ്ങളിലൂടെയടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്വമേധയാ ആണ് അന്വേഷണമെന്ന് എസ് പി അറിയിച്ചു. രതിന്റെ ആത്മഹത്യയില്‍ കമ്പളക്കാട് പൊലീസിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളും അഞ്ചുകുന്നിലെ ഓട്ടോഡ്രൈവര്‍മാരും ചേര്‍ന്നാണ് രതിനെ കണ്ണീരോടെ യാത്രയാക്കിയത്. സംസ്‌കാരത്തിനുമുന്‍പ് മൃതദേഹം വീടിനുമുന്നില്‍ പൊതുദര്‍ശനത്തിന് വെച്ചു. അമ്മയും സഹോദരിയും രതിനെ അവസാനമായി കാണാനെത്തി, മോനെയെന്നുവിളിച്ചു കരഞ്ഞതോടെ കാണാനെത്തിയവരുടെയെല്ലാം കണ്ണുനിറഞ്ഞു. വിങ്ങിപ്പൊട്ടിയ സഹോദരി രമ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവസാനമായി ചിത്രീകരിച്ച വീഡിയോയില്‍ രതിന്‍ വീടിനു മുന്‍പില്‍ തന്നെ തന്റെ ശരീരം അടക്കംചെയ്യണമെന്ന് അഭ്യര്‍ഥിച്ചിരുന്നെങ്കിലും സ്ഥലപരിമിതിയാല്‍ കുടുംബം നിസ്സഹായരായി. കുടുംബശ്മശാനവും വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയാണ്. തുടര്‍ന്ന് രാവിലെ 11.30-ഓടെ വീടിനുസമീപത്തെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
യുട്യൂബില്‍ രതിന് സ്വന്തമായൊരു അക്കൗണ്ടുണ്ട്. 'മല്ലു രതിന്‍' എന്നപേരിലുള്ളതാണ് അക്കൗണ്ട്. സ്വയം അഭിനയിച്ച വീഡിയോകളും ഷോര്‍ട്ട് ഫിലിമുകളും റീല്‍സും മൊബൈലില്‍ ചിത്രീകരിച്ച് ഈ അക്കൗണ്ടില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. അകാലത്തില്‍ പൊലിഞ്ഞെങ്കിലും രതിന്റെ ഓര്‍മ്മകളായി ഇവയെന്നും നിലനില്‍ക്കുമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.