കോഴിക്കോട്: രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുമ്പില്ലാതെ കിടക്കുന്ന, കോഴിക്കോട്ടെ മാമി എന്ന് വിളിക്കുന്ന ആട്ടൂര്‍ മൂഹമ്മദ് എന്ന വ്യവസായിയുടെ തിരോധാനത്തില്‍ അന്വേഷണം ഗള്‍ഫിലേക്കും. മാമിയെ തട്ടിക്കൊണ്ടുപോയത് അടുത്ത സുഹൃത്തുക്കളാണെന്നും, കേരളത്തില്‍ തന്നെയുള്ള വെളുത്ത കുപ്പായമിട്ട ചെന്നായ്ക്കളാണെന്നും രണ്ടു ദിവസംമുമ്പ്, ഒരാള്‍ ഏഷ്യാനെറ്റ് ന്യൂസിന് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഈ വെളിപ്പെടുത്തല്‍ വരുന്നതിന് മുമ്പുതന്നെ പൊലീസ് ഗള്‍ഫിലെ നിരവധിപേരെ നിരീക്ഷിച്ച് വരുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോഴും ശക്തമായ തെളിവ് എന്ന് പറയാവുന്ന ഒന്നും പൊലീസിന് കിട്ടിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിലുടെ വന്ന വെളിപ്പെടുത്തലും കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണോ എന്നും സംശയമുണ്ട്.

കാണാതാവുന്നതിന് അല്‍പ്പകാലം മുമ്പ്, 2023-ല്‍ മാമി ഗള്‍ഫ് യാത്ര നടത്തിയിരുന്നു. ഇതും തിരോധാനവും തമ്മില്‍ ബന്ധമുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ്. വെറുമൊരു മിസ്സിങ്ങ് കേസല്ല, ഇത് എന്ന് കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണവും, റിയല്‍ എസ്റ്റേറ്റ് വിഷയങ്ങളും അടക്കമുള്ള വലിയ ഒരു സാമ്പത്തിക ഇടപാടാണെന്നും പൊലീസ് സൂചിപ്പിക്കുന്നുണ്ട്.

നേരത്തെ എഡിജിപി എം ആര്‍ അജിത്ത്കുമാറിനെയും, സ്വര്‍ണ്ണക്കടത്തു സംഘങ്ങളുടെയും പേരില്‍, മൂന്‍ എംഎഎല്‍ പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചതോടെയാണ് മാമി കേസ് രാഷ്ട്രീയ വിവാദവും ആവുന്നത്. കള്ളക്കടത്തുകാരുടെ സ്വര്‍ണ്ണം പിടിച്ച് അത് അടിച്ചുമാറ്റുന്ന സംഘങ്ങളാണ് മാമിയുടെ കാണാതാവലിന് പിന്നിലെന്നും, അതില്‍ എഡിജിപി എം ആര്‍ അജിത്കുമാറിന് പങ്കുണ്ടെന്നുമായിരുന്നു പി വി അന്‍വര്‍ സൂചന നല്‍കിയത്.

അന്ന് ഇത് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്്ടിക്കുകയും ഒടുവില്‍ പി വി അന്‍വറിന്റെ രാജിയിലേക്കുമൊക്കെ നയിച്ചിരുന്നു. പക്ഷേ ഇപ്പോഴും മാമിയുടെ തിരോധാനത്തിന് പിന്നിലെന്ത് എന്ന് കൃത്യമായി പൊലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ആ നൂറുകിലോ സ്വര്‍ണം എവിടെ?

2023 ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫിസില്‍ നിന്ന് വീട്ടിലേക്ക് പോവാനായി ഇറങ്ങിയതാണ് മുഹമ്മദ് ആട്ടൂര്‍ എന്ന മാമി. ഇതിനിടെ എത്താന്‍ വൈകുമെന്ന് ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചു. പിന്നീട് ഒരു വിവരവുമില്ല. ഇതോടെ പൊലീസിലും പിന്നീട് മുഖ്യമന്ത്രിക്കും ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കുകയായിരുന്നു.

ഓഗസ്റ്റ് 21-ന് വാഹനത്തില്‍ കയറി തലക്കുളത്തൂര്‍ ഭാഗത്തേക്കാണ് മാമി പോയത്. അടുത്തദിവസംവരെ തലക്കുളത്തൂര്‍ പ്രദേശത്തുണ്ടായിരുന്ന മാമിയുമായി ഫോണില്‍ സംസാരിച്ചപ്പോഴെല്ലാം ഒപ്പം മൂന്നോ അതിലധികമോ ആളുകള്‍ ഉണ്ടായിരുന്നതായും അവരുടെ ശബ്ദം ഇതിനിടെ കേട്ടിരുന്നതായും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതുവെച്ച് അന്വേഷണത്തിലും കാര്യമായി ഒന്നും കിട്ടിയിട്ടില്ല.

സംഭവത്തില്‍ 250 ഓളം പേരെ പൊലീസ് ചോദ്യംചെയ്തിരുന്നു. കോടികള്‍ ആസ്തിയുണ്ടെന്ന് പറയുന്ന മാമിക്ക്, നാലു ഭാര്യമാരുണ്ട്. പക്ഷേ ഇവരൊക്ക പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കിയത്. മാമിയുടെ സുഹൃത്തുക്കള്‍ എന്ന് പറയുന്നവരില്‍ പലരും, കേസ് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം നടത്തിയതായും സംശയമുണ്ട്. പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായിരുന്നു മാമി. അധികം ആരോടും സംസാരിക്കാതെ സ്വന്തം കാര്യം നോക്കിപ്പോവുന്ന ഒരു മനുഷ്യന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. പക്ഷേ മാമിക്ക് ഉന്നത തലത്തിലുള്ള പല ബന്ധങ്ങളും ഉണ്ടായിരുന്നു. അദ്ദേഹമറിയാതെ കോഴിക്കോട്ട് ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസും നടക്കില്ല എന്നാണ് പറയുന്നത്. ആഡംബര വാഹനങ്ങളുടെ വില്‍പ്പന, ഹോള്‍സെയിലായി കടപ്പ- മാര്‍ബിള്‍ കച്ചവടം, സ്വര്‍ണ്ണവ്യാപാരം, തുടങ്ങിയ നിരവധി കാര്യങ്ങളിയായി കോഴിക്കോട് മുതല്‍ മുംബൈ വരെ നീണ്ടുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ശൃംഖല എന്നാണ് പറയുന്നത്.

അതേസമയം ബിസിനസില്‍ അങ്ങേയറ്റം സത്യസന്ധനുമായിരുന്നു മാമി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കോഴിക്കോട്ടെ ഒരു ഷോപ്പിങ് മാളിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട്, കോടികളുടെ ഇടപാട് മാമി നടത്തിയതായി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായ കമ്മീഷന്‍ തര്‍ക്കത്തിന്റെ പേരില്‍ ചില ശത്രുക്കളും മാമിക്ക് ഉണ്ടായിരുന്നു എന്ന് പറയുന്നു. ഇവരാണോ അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ വഴിക്കും അന്വേഷണം പുരോഗമിച്ചിരുന്നു. അതുപോലെ മറ്റുപലരുടെയും ബിനാമിയാണോ മാമി എന്നും സംശയമുണ്ട്. സുഹൃത്തുക്കളും, ഇടപാടുകാരുമൊക്കെ പല രീതിയിലാണ് മാമിയെക്കുറിച്ച് മൊഴി കൊടുത്തിട്ടുള്ളത്.

ജ്വല്ലറികള്‍ക്ക് സ്വര്‍ണ്ണം സപ്ലെ ചെയ്യുന്ന, കമ്മീഷന്‍ ഏജന്റായും മാമി പ്രവര്‍ത്തിച്ചതായി പറയുന്നു. ഇതുവഴിയാണ് അദ്ദേഹത്തിന് പി വി അന്‍വര്‍ പറയുന്നതുപോലെ സ്വര്‍ണ്ണക്കടത്തുസംഘവുമായി ബന്ധം വരുന്നത് എന്നും പറഞ്ഞുകേള്‍ക്കുന്നു. സ്വര്‍ണ്ണ ബിസിനസിനിടയിലെ പല തര്‍ക്കങ്ങളും മാമി ഇടപെട്ടാണ് പരിഹരിച്ചതത്രേ. അതിനിടെയാണ് കോഴിക്കോട്ട് ഒരു നൂറുകിലോ സ്വര്‍ണ്ണം കാണാതായതായി അഭ്യൂഹം പരക്കുന്നത്. ഇതും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഹൈദരബാദ് അടക്കമുള്ള സ്ഥലങ്ങളിലും ഊര്‍ജിതമായി അന്വേഷണം നടക്കുന്നുണ്ട്. ഹൈദരബാദില്‍ വെച്ച്് ചില നിര്‍ണ്ണായക സംഭവങ്ങള്‍ ഉണ്ടായെന്നും, ക്രൈംബ്രാഞ്ചിന് സൂചന കിട്ടിയിരുന്നു. പക്ഷേ ഇതിലൊന്നും കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടില്ല.

പിന്നില്‍ ബിസിനസ് ശത്രുത

മാമിക്ക് ബിസിനസ് ശത്രുക്കളുണ്ടായിരുന്നോ എന്നതിലേക്ക് അന്വേഷണം നീണ്ടെങ്കിലും, പൊലീസിന് സൂചനകളൊന്നും കിട്ടിയില്ല. അതിനിടെ, ചില പണമിടപാടുകളെ പറ്റിയും സംശയങ്ങളുയര്‍ന്നു. തുടക്കത്തില്‍ മാമി തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന ചിലര്‍ പിന്നീട് അഭിപ്രായ ഭിന്നതകളുന്നയിച്ചു. ആദ്യം കേസ് അന്വേഷിച്ച നടക്കാവ് പൊലീസ് എസ്.എച്ച്.ഒയെ വീണ്ടും കൊണ്ടുവരണമെന്നും വേണ്ടെന്നും പറഞ്ഞായിരുന്നു ഭിന്നത. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥലം മാറിപ്പോയ ഈ ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം അന്വേഷണ സംഘത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും പുതിയ അന്വേഷണ സംഘത്തില്‍ ഇദ്ദേഹം ഉള്‍പ്പെട്ടതില്‍ കുടുംബം പിന്നീട് ദുരൂഹത ഉന്നയിച്ചു. അങ്ങനെ പോലീസ് ഇടപെടലുകളും വിവാദത്തിലായി.

കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്ത് പണം വാങ്ങി, പൊലീസിന് സമാന്തരമായി അന്വേഷണം നടത്തിയെന്ന ആക്ഷേപവും മാമിയുടെ തിരോധാനത്തിനുശേഷം ഉയര്‍ന്നിരുന്നു. തങ്ങള്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് പിന്നീട് കുടുംബം വ്യക്തത വരുത്തി. മാമിയുടെ ചില ജീവനക്കാരെ ചുറ്റിപ്പറ്റിയും ഊഹാപോഹങ്ങള്‍ ഉയര്‍ന്നു.

മാമിയുടെ നാലു ഭാര്യമാരുണ്ട്. പക്ഷേ എല്ലാ കുടുംബാംഗങ്ങളും ഒരേ മനസ്സോടെയാണ് ഇപ്പോള്‍ അന്വേഷണ ആവശ്യവുമായുള്ളത്. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി, പുത്തന്‍പണം, ലോഹം എന്നീ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങളെ സൃഷ്ടിച്ചത് മാമിയെ കണ്ടിട്ടാണെന്ന ഒരു വാര്‍ത്തയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പക്ഷേ അതുപോലെ സിനിമാറ്റിക്കായിപ്പോയി പിന്നീട് മാമിയുടെ ജീവിതവും. ഇപ്പോള്‍ അദ്ദേഹം എവിടെയുണ്ടെന്നുപോലും ആര്‍ക്കും അറിയില്ല.

മാമി കേസ് ഇപ്പോള്‍ ക്രൈബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇടക്കിടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് എന്ന് വാര്‍ത്ത വരുന്നതല്ലാതെ, പ്രായോഗികമായി ഒന്നും സംഭവിക്കുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അടുത്തിടെ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കി വിവരശേഖരണം തുടങ്ങിയെന്നാണ് ഏറ്റവും ഒടുവില്‍ അറിയുന്നത്. ഇനി ഗള്‍ഫില്‍ നിന്ന് കിട്ടുന്ന ലീഡിലാണ്, അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ മുഴുവന്‍.